മുഖനോട്ടം ഇല്ലാതെ എപ്പോഴും എല്ലാവരോടും വ്യവസ്ഥയില്ലാതെ ക്ഷമിക്കാൻ സന്നദ്ധനാണ് ദൈവം (ഏശ 57:14-16).പണിയുവിന്‍, വഴിയൊരുക്കുവിന്‍, എന്റെ ജനത്തിന്റെ മാര്‍ഗത്തില്‍നിന്നു പ്രതിബന്ധങ്ങള്‍ നീക്കിക്കളയുവിന്‍ എന്ന് ആ ഹ്വാനം ഉയരും.
അത്യുന്നതനും മഹത്വപൂര്‍ണനുമായവന്‍, അനന്തതയില്‍ വസിക്കുന്ന പരിശുദ്ധന് എന്ന നാമം വഹിക്കുന്നവന്, അരുളിച്ചെയ്യുന്നു: ഞാന്‍ ഉന്നതമായ വിശുദ്ധസ്ഥലത്തു വസിക്കുന്നു. അനുതാപികളുടെ ഹൃദയത്തെയും വീനിതരുടെ ആത്മാവിനെയും നവീകരിക്കാന്ഞാന് അവരോടുകൂടെ വസിക്കുന്നു.
ഞാന്‍ എന്നേക്കും കുറ്റം ആരോപിക്കുകയോ കോപിക്കുകയോ ഇല്ല; കാരണം, എന്നില്‍നിന്നാണു ജീവന് പുറപ്പെടുന്നത്. ഞാനാണു ജീവശ്വാസം നല്‍കിയത്.
ഏശയ്യാ 57 : 14-16
താൻ മെനഞ്ഞെടുത്ത മനുഷ്യനെ കാത്തുസൂക്ഷിക്കുന്നവനുമാണ് അവിടുന്ന്.(61:8;63:16;66:22).
കാരണം, കര്‍ത്താവായ ഞാന്‍ നീതി ഇഷ്ടപ്പെടുന്നു. കൊള്ളയും തിന്മയും ഞാന്‍ വെറുക്കുന്നു. വിശ്വസ്തതയോടെ അവര്‍ക്കു ഞാന്‍ പ്രതിഫലം നല്‍കും. അവരുമായി ഞാന്‍ നിത്യമായ ഒരു ഉടമ്പടി ഉണ്ടാക്കും.
ഏശയ്യാ 61 : 8
അബ്രാഹം ഞങ്ങളെ അറിയുന്നില്ലെങ്കിലും ഇസ്രായേല്‍ ഞങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും, അങ്ങാണു ഞങ്ങളുടെ പിതാവ്; കര്‍ത്താവേ, അങ്ങുതന്നെയാണു ഞങ്ങളുടെ പിതാവ്. ഞങ്ങളുടെ വിമോചകന് എന്നാണ് പണ്ടുമുതലേ അങ്ങയുടെ നാമം.
ഏശയ്യാ 63 : 16
ഞാന്‍ സൃഷ്ടിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുന്പില് നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതികളും നാമവും നിലനില്ക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ഏശയ്യാ 66 : 22
ഈ ദൈവത്തെയാണ് നാം ‘ഞങ്ങളുടെ പിതാവേ’ എന്ന് വിളിക്കുന്നത്. പെറ്റമ്മയുടെ സ്നേഹ വാത്സല്യം പ്രകടിപ്പിക്കുന്ന വനാണ് അവിടുന്ന്.(66:13). അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും. ജറുസലെമില്‍ വച്ചു നീ സാന്ത്വനം അനുഭവിക്കും.
ഏശയ്യാ 66 : 13
പഴയ നിയമത്തിൽ അത്യപൂർവ്വമായി മാത്രം കാണുന്ന വിശേഷണമാണിത്. പുനരുദ്ധരിക്കപ്പെട്ട ജെറുസലേമിനെ വീണ്ടും അവിടുന്ന് വധുവായി സ്വീകരിക്കുന്നു (62:4,5)
പരിത്യക്തയെന്നു നീയോ, വിജനം എന്നു നിന്റെ ദേശമോ ഇനിമേല്‍ പറയപ്പെടുകയില്ല. എന്റെ സന്തോഷം എന്നു നീയും, വിവാഹിതയെന്നു നിന്റെ ദേശവും വിളിക്കപ്പെടും. എന്തെന്നാല്‍, കര്‍ത്താവ് നിന്നില്‍ ആനന്ദം കൊള്ളുന്നു; നിന്റെ ദേശം വിവാഹിതയാകും.
യുവാവ് കന്യകയെ എന്നപോലെ നിന്റെ പുനരുദ്ധാരകന്‍ നിന്നെ വിവാഹം ചെയ്യും; മണവാളന്‍മണവാട്ടിയിലെന്നപോലെ നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും.
ഏശയ്യാ 62 : 4-5
മനുഷ്യനെ വിശേഷിപ്പിക്കാൻ ഏശയ്യ ഉപയോഗിച്ചിരിക്കുന്ന പദങ്ങളും പ്രതീകങ്ങളും ആത്യന്തികമായി മനുഷ്യന്റെ കാര്യത്തിൽ മഹോന്നതൻ ബദ്ധശ്രദ്ധനാണെന്ന് പഠിപ്പിക്കാൻ വേണ്ടിയാണുള്ളത്. പാപത്തെ വെറുക്കുന്നവനെങ്കിലും പാപികളോട് കരുണ കാണിക്കുന്നവനാണ് അവിടുന്ന് . വഴിതെറ്റി പോയവരോട് ഉള്ള അവിടുത്തെ അനന്ത സ്നേഹം പ്രകടമാക്കുന്നതാണ് ഇസ്രായേലിന്റെ വീണ്ടെടുപ്പ്. ഇസ്രായേൽ ജനത്തിന്റെ മുമ്പിൽ ഏശയ്യ അവതരിപ്പിച്ച അഖിലേശന്റെ ചിത്രം പൂർണ്ണമാക്കുന്നത് ഈശോയുടെ വെളിപ്പെടുത്തലുകളിലാണ്.