ഈശോയുടെ അമ്മയായ പരിശുദ്ധ കന്യകാ മറിയത്തിൽ വിളങ്ങി പ്രശോഭിച്ച പവിത്രത, പരിപൂർണ്ണത, നിരവധിയായ അനുഗ്രഹങ്ങൾ, കൃപകൾ തുടങ്ങിയവ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നു. ദൈവത്തിൻറെ മഹനീയ “നഗരമായ മറിയ”ത്തിനു നല്കപ്പെടേണ്ടിയിരുന്ന സഹായവും സുരക്ഷയും സംരക്ഷണങ്ങളും അനാദിയിലെ ദൈവം തീരുമാനിച്ചിരുന്നു. എന്തെന്നാൽ, അത്രയധികം ദൈവാനുഗ്രഹം അവളിൽ വർഷിക്കപ്പെട്ടു. വളരെയധികം അനുഗ്രഹങ്ങൾക്ക് അവൾ (പരിശുദ്ധ അമ്മ) കാരണവുമായി.
(സർവ്വശക്തനായ ദൈവം തൻ്റെ അനന്ത സ്നേഹത്തിൽ) തൻ്റെ ദൈവത്വത്തോട് ഏറെ സമാനതകളുള്ള ഉത്തമന്മാരായ മാലാഖമാരെ സൃഷ്ടിച്ചു (സൃഷ്ടി കല്പനയിലെ അഞ്ചാമത്തെ സംഭവമാണിത്). മൂന്നു ശ്രേണികളിൽ, നവവൃന്ദം മാലാഖമാരെയാണ് അവിടുന്നു സൃഷ്ടിച്ചത്. അവർ തന്നെ കൂടുതൽ അറിയുന്നതിനും, സ്നേഹിക്കുന്നതിനും, സ്തുതിക്കുന്നതിനും, മഹത്ത്വപ്പെടുത്തുന്നതിനും വേണ്ടിയാണ് മാലാഖമാർ സൃഷ്ടിക്കപ്പെട്ടത്. കൂടാതെ ദൈവവും മനുഷ്യനുമായ നിത്യനായ വചനത്തെ ശുശ്രൂഷിക്കുന്നതിനും ബഹുമാനിക്കുന്നതിനും സർവ്വോപരി ആരാധിക്കുന്നതിനും വചനത്തിൻറെ അമ്മയും മാലാഖാമാരുടെ രാഞ്ജിയുമായ പരിശുദ്ധ മറിയത്തോടൊപ്പം അവിടുത്തെ അനവരതം പുകഴ്ത്തുന്നത്തിനും അവർ നിയോഗിക്ക പ്പെട്ടിരിക്കുന്നു. ” നിൻറെ വഴികളിൽ നിന്നെ കാത്തുപരിപാലിക്കാൻ അവിടുന്നു തൻ്റെ മാലാഖാമാരോട് കല്പിക്കും”. (സങ്കീ.91:11) മാലാഖാമാർ ക്രിസ്തുവിൻറെ പ്രജകളാണ്. അവർക്കെല്ലാം ആവശ്യമായ സകല സവിശേഷശക്തികളും നല്കാൻ തക്കവണ്ണം നമ്മുടെ കർത്താവായ ഈശോയ്ക്കു ദൈവത്തിൻറെ അനന്തയോഗ്യതകളെല്ലാമുണ്ട്. ഇവരിൽ, സ്വാർത്ഥ സ്നേഹവും അഹങ്കാരവും മൂലം തന്നെ എതിർക്കുന്നവരെ ദൈവം മുൻകൂട്ടി കണ്ടിരുന്നു. തന്നോട് വിശ്വസ്തത പുലർത്തുന്നവർക്കു നിത്യ സമ്മാനമായി അത്യുന്നത സ്വർഗ്ഗവും ദുർവൃത്തരായ മാലാഖാമാർക്കായി നരക പാതാളവും ഇതര ചരാചരങ്ങൾക്കായി ഭൂമിയും അവിടുന്നു സൃഷ്ടിച്ചു.
അടുത്തതു മനുഷ്യസൃഷ്ടിയാണ്, തൻ്റെ ഓമന മകൻ മനുഷ്യനായി അവതരിക്കുമ്പോൾ അവിടുത്തെ സ്വീകരിക്കുവാൻ സർവ്വശക്തൻ ഒരു ജനതയ്ക്കു ജന്മം നൽകി. ഈ ജനത, മാംസമായ വചനത്തോടു സാദൃശ്യ (സാമ്യത) മുള്ളവരാണ്. എങ്കിലും അവർ അവിടുത്തേക്കു പൂർണ്ണമായും അധീനരും അവിടുത്തെ ആശ്രിതരും പ്രജകളുമായിരിക്കും. അവിടുന്ന് (ഈശോ ) അവരുടെ രാജാധിരാജനായി അവരോധിക്കപ്പെടുകയും ചെയ്തു. മാനവകുലത്തിൻറെ മുഴുവൻ
സൃഷ്ടികർമ്മവും ഒരു പുരുഷനിൽ നിന്നും സ്ത്രീയിൽ നിന്നും സമാരംഭിച്ച്, വർദ്ധിച്ചു പെരുകി പരിശുദ്ധ കന്യകയും അവളുടെ പുത്രനും ജനിക്കുന്നതുവരെയുള്ള കാര്യങ്ങൾ സർവ്വേ ശ്വരൻ ക്ഷണമാത്രയിൽ തീരുമാനിച്ചു.