മരണവേളയിൽ മനുഷ്യമക്കൾക്കു സുനിശ്ചിതശ്രയവും സങ്കേതവുമാണ് പരിശുദ്ധ ‘അമ്മ. അമലോത്ഭവയും സ്വര്ഗാരോപിതയും സ്വർഗീയ രാജ്ഞിയുമായ അമ്മയ്ക്ക് ആത്മാക്കളെ സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ പ്രത്യേകാധികാരം ഉണ്ട്. കരുണാമയിയായ ഈ സ്വർഗീയ ‘അമ്മ തന്റെ മക്കളുടെ മരണസമയത്തും അവർക്കു കൂട്ടിനായി കടന്നുവരുന്നു. തന്നെ വിളിച്ചപേക്ഷിക്കുന്നവർക്കു അത്യുദാരതയോടെ സഹായഹസ്തം നൽകുന്നു.
വി. ഡൊമിനിക് സാവിയോ മരിച്ചു ഏതാനും ദിവസങ്ങൾക്കു ശേഷം ഡോൺ ബോസ്കോയ്ക്ക് പ്രത്യക്ഷപെട്ടു. അവർ ഏറെ കാര്യങ്ങൾ സംസാരിച്ചു. ഒടുവിൽ ഗുരുനാഥൻ ശിഷ്യനോട് ചോദിച്ചു: “മരണവേളയിൽ ഏതു പുണ്യമാണ് അങ്ങേയ്ക്കു ഏറ്റം സഹായമായതു.”
ഉത്തരം പറയാതെ സാവിയോ ഒരു മറുചോദ്യം ചോദിക്കുകയായി.
“അങ്ങ് എന്ത് വിചാരിക്കുന്നു?”
“ശുദ്ധത” “അത് മാത്രമല്ല.”
“നിർമ്മല മനസാക്ഷി” അത് നല്ലതുതന്നെ എന്നാൽ ഏറ്റം ഉപകാരമായതു അതല്ല.
“പ്രത്യാശ” “അതുമല്ല”
“നീ ചെയ്ത നിരവധി സുകൃതങ്ങൾ” “ഓ, അതുമല്ല”
“പിന്നെന്താണ്?”
സാവിയോയുടെ മറുപടി ഇങ്ങനെയായിരുന്നു: “സ്നേഹസമ്പന്നയും ശക്തയും ദിവ്യരക്ഷകന്റെ അമ്മയുമായ പരിശുദ്ധ മറിയത്തിന്റെ സഹായമാണ് എനിക്ക് ഏറ്റം അധികം തുണയായത്.”
അതെ, അതുതന്നെയാണ് സത്യം. മറ്റുനന്മകളൊക്കെ സഹായിക്കും. എന്നാൽ അമ്മയുടെ സാന്നിധ്യവും തുണയുമാണ് മരണവേളയിൽ ആത്മാവിനു ഏറ്റവുമധികം സഹായകരമാവുന്നതു.