മോശയ്ക്കു നല്കിയ നിയമങ്ങളിൽ മനുഷ്യനുവേണ്ടിയുള്ള ദൈവഹിതം വെളിപ്പെടുത്തിയിട്ടുണ്ട് എന്ന് ഈശോ അംഗീകരിക്കുന്നു. മത്താ:5:18,19
ഈ വസ്തുതയ്ക്ക് അടിവരയിടുന്നു. പഴയനിയമത്തിൻറെ സാധുതയെ ചോദ്യം ചെയ്തു ആദിമക്രൈസ്തവർക്ക് ഈശോയുടെ വാക്കുകൾ ഉദ്ധരിച്ചു സുവിശേഷകൻ അവർക്കു താക്കീതു നല്കുകയാണിവിടെ. എന്നാൽ മോശ നിയമത്തിൻറെ കാർക്കശ്യം കർത്താവ് അംഗീകരിക്കുന്നില്ല ഫരിസേയർക്കും നിയമജ്ഞർക്കും രൂക്ഷമായ വിമർശനമാണ് കർത്താവ് നൽകുന്നത് . “നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല” (മത്താ:5:20 )
ഒരു വശത്ത് ഈശോ നിയമത്തിൻറെ സാധുത ഉയർത്തിപ്പിടിക്കുന്നു. പക്ഷെ നിയമജ്ഞരുടെയും ഫരിസേയരുടെയും വ്യാഖ്യാനം അവിടുന്നു തള്ളിക്കളയുന്നു. കാരണം ദൈവത്തിൻറെ നിയമവും മനുഷ്യരുടെ വ്യാഖ്യാനവും തമ്മിൽ പെരുത്തപ്പെടുന്നില്ല. പഴയനിയമത്തെ ഉൾക്കൊണ്ടുകൊണ്ട് അതിലടങ്ങിരിക്കുന്ന ദൈവഹിതത്തിനു പൂർണ്ണമായ വിശദീകരണം നല്കി ഒരു പുതിയനിയമത്തിന് ഈശോ രൂപം നൽകിയിരിക്കുന്നു . ഇതിനു പഴയനിയമവുമായി ബന്ധമുണ്ട്. യഹൂദ പണ്ഡിതരെയോ പുരോഹിതരെപ്പോലെയോ അല്ല പൂർണ്ണ അധികാരത്തോടെയാണ് അവിടുന്ന് പുതിയ വാഗ്ദാനം നൽകിയിരിക്കുന്നത്. ദൈവത്തിൻറെ അധികാരമാണിത് .
5 :21 ൽ “കൊല്ലരുത് ” എന്ന കല്പന ദൈവത്തിൽ നിന്നാണെന്ന് ഈശോ അംഗീകരിക്കുന്നു. എന്നാൽ “കൊല്ലുക” എന്ന ബാഹ്യമായ പ്രവർത്തിയെ മാത്രമാണ് പഴയനിയമം അർത്ഥമാക്കുക. എന്നാൽ കൊലപാതകത്തിലേയ്ക്കു നയിക്കുന്ന വെറുപ്പ്, വിദ്വേഷം, വൈരാഗ്യം, പ്രതികാരം, കോപം, അഹങ്കാരം, അസൂയ, ദ്രവ്യാഗ്രഹം, സ്ഥാനമോഹം തുടങ്ങിയവ ആന്തരിക മനോഭാവങ്ങളെക്കുറിച്ച് പരാമർശവുമില്ല. അതായതു നിയമത്തിൻറെ അതിരുകൾ ഏറെ വിസ്തൃതമാണ് മനസ്സിലെ ഉദ്ദേശ്യത്തിലാണു (intention) പാപം. മനസ്സിൽ കൊല്ലണമെന്നു തീരുമാനമെടുത്താൽ സാഹചര്യം മൂലം ബാഹ്യമായി കൊല്ലാൻ കഴിഞ്ഞല്ലെങ്കിലും ദൈവതിരുമുമ്പിൽ അയാൾ കൊലപാതകം ചെയ്യ്തു കഴിഞ്ഞു.