ബ്രോഞ്ഞിലെ ജെറാർഡ്

Fr Joseph Vattakalam
1 Min Read

ബെൽജിയത്തിൽ നാമൂർ എന്ന പ്രദേശത്തു ജെറാർഡ് ഭൂജാതനായി. ഒരു സൈനികോദ്യോഗസ്ഥനുള്ള ശിക്ഷണമാണ് യൗവനത്തിൽ ലഭിച്ചത്. 918 ൽ ജെറാർഡിനെ ഫ്രഞ്ച് രാജാവിന്റെ അടുക്കലേക്കു നാമൂർ പ്രഭു ഒരു സന്ദേശവമായി അയയ്ക്കുകയുണ്ടായി. മധുരപ്രകൃതിയായ ജെറാർഡ് ഏവർക്കും പ്രിയങ്കരനായിരുന്നു. സന്ദേശം രാജാവിന് കൊടുത്തശേഷം ഫ്രാൻസിൽ കുറേനാൾ താമസിക്കാനിടയാകുകയും പ്രാർത്ഥന പ്രിയനായ ജെറാർഡ് വി. ഡെനിസിന്റെ ബെനെഡിക്ടൻ ആശ്രമത്തിൽ ചേരുകയും ചെയ്തു. പതിനൊന്നു കൊല്ലം പ്രസ്തുത ആശ്രമത്തിൽ ജെറാർഡ് താമസിച്ചു. അവർ അദ്ദേഹത്തെ പുരോഹിതനാക്കി ഉയർത്തി.

പുരോഹിതനായ ശേഷം ജെറാർഡ് സ്വരാജ്യത്തേക്കു മടങ്ങി ബ്രോഞ്ഞ എന്ന സ്ഥലത്തു സ്വന്തം ഭൂമിയിൽ ഒരു ആശ്രമം സ്ഥാപിച്ചു 22 കൊല്ലം അതിലെ ആബട്ടായി താമസിച്ചു. പ്രായശ്ചിത്തവും പ്രാർത്ഥനയും സന്യാസികളിൽ പ്രോത്സാഹിപ്പിക്കാനായി ഫ്ലാന്റേഴ്സ്, ലോറെയിൻ, ഷാമ്പയിൻ എന്നീ സ്ഥലങ്ങളിലെ ആശ്രമങ്ങളിലെല്ലാം വി. ബെനെഡിക്റ്റിന്റെ നിയമം അദ്ദേഹം പ്രചരിപ്പിച്ചു. തൽഫലമായി ബെനെഡിക്ടൻ സഭയ്ക്ക് അദ്ദേഹത്തിന്റെ കാലം ഒരു വസന്തം തന്നെ ആയിരുന്നു. കർത്താവിന്റെ ഈ വിശ്വസ്ത ദാസൻ പ്രായശ്ചിത്തം കൊണ്ടും അധ്വാനം കൊണ്ടും ക്ഷീണിച്ചു 959 ൽ കർത്താവിൽ നിദ്രപ്രാപിച്ചു.

Share This Article
error: Content is protected !!