ഏശയ്യ 43 പ്രധാനമായും പരാമർശിക്കുന്നത് ബാബിലോൺ അടിമത്വത്തിൽ നിന്നുള്ള തിരിച്ചുവരവാണ്.യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്.
സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.
ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവും രക്ഷകനും ഇസ്രായേലിന്റെ പരിശുദ്ധനുമാണ്. നിന്റെ മോചനദ്രവ്യമായി ഈജിപ്തും നിനക്കു പകരമായി എത്യോപ്യായും സേബായും ഞാന്‍ കൊടുത്തു.
നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്കുന്നു.
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. കിഴക്കുനിന്നു നിന്റെ സന്തതിയെ ഞാന്‍ കൊണ്ടുവരും; പടിഞ്ഞാ റുനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടും.
വടക്കിനോടു വിട്ടുകൊടുക്കുക എന്നും തെക്കിനോടു തടയരുത് എന്നും ഞാന്‍ ആജ്ഞാപിക്കും. ദൂരത്തു നിന്ന് എന്റെ പുത്രന്മാരെയും ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു പുത്രി മാരെയും കൊണ്ടുവരുവിന്‍.
എന്റെ മഹ ത്വത്തിനായി ഞാന്‍ സൃഷ്ടിച്ചു രൂപംകൊടുത്തവരും എന്റെ നാമത്തില്‍ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരുവിന്‍.
ഏശയ്യാ 43 : 1-7 രക്ഷയുടെ അരുളപാടുകളാണ് ഇവ. രക്ഷയുടെ സുമോഹന സന്ദേശം എന്ന് ഇതിനെ വിശേഷിപ്പിക്കാം. തിരുവചനത്തിൽ 365 പ്രാവശ്യം ആവർത്തിച്ചിരിക്കുന്ന ‘ഭയപ്പെടേണ്ട’ എന്ന ഏറ്റവും ആശ്വാ സപ്രദമായ സന്ദേശം ഇവിടെ വീണ്ടും വീണ്ടും ആവർത്തിച്ചിരിക്കുന്നു. എല്ലാറ്റിനും മുൻകൈയെടുക്കുന്നത് ദൈവമാണ്.പുറപ്പാട് സംഭവവും സീനായി ഉടമ്പടിയും വഴി ഇസ്രായേലിനെ സൃഷ്ടിച്ചത് ദൈവമാണ്(വാ.1). അവിടുന്ന് ഇസ്രായേലിനെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു. ” നീ എന്റേതാണ്”. ദൈവത്തിന് ഇസ്രായേലിനോടുള്ള, എന്നോടും, നിങ്ങളോടും ഉള്ള ഏറ്റം സ്നേഹത്തിന്റെ സുന്ദര, സുരഭില, സുമോഹന ആവിഷ്കാരം! ദൈവവുമായി വ്യക്തിപരമായ ഗാഢ ബന്ധത്തിൽ കഴിയേണ്ടവനാണ് ഇസ്രായേൽ ( അതുപോലെ ഞാനും നിങ്ങളും ) എന്നതാണ് മേൽ ഉദ്ധരിച്ച പ്രസ്താവനയുടെ അർത്ഥം തന്നെ.
മനുഷ്യൻ നേരിടുന്ന രണ്ട് വിരുദ്ധ ശക്തികളാണ് അഗ്നിയും സമുദ്രവും. അവയ്ക്ക് മുമ്പിലും ഇസ്രായേൽ സുരക്ഷിതമായിരിക്കും(വാ.2). പഴയ നിയമത്തിലെ അപൂർവ്വമായ ഒരാശയമാണ് മൂന്ന്,നാല്,വാക്യങ്ങളിൽ നാം കാണുന്നത്. ഇസ്രായേൽ ജനത്തെ അടിമത്തത്തിൽ നിന്ന് വിമോചിപ്പിക്കുന്നതിന് പേർഷ്യൻ രാജാവായ സൈറസിന് ഈജിപ്റ്റും, എത്യോപ്യയും, സേബായും സർവ്വശക്തൻ നൽകുന്നു. ഇസ്രായേൽ ദൈവത്തിന് പ്രിയങ്കരനും ബഹുമാന്യനും ആണെന്ന് കർത്താവ് പ്രഖ്യാപിക്കുന്നു(വാ.4). ഹോസിയായിലും (11:1). ജെറമിയായിലും (31: 2) കാണുന്ന ആശയമാണിത്. ചിതറിക്കപ്പെട്ട ഇസ്രായേജനത്തെ ഒരുമിച്ചു കൊണ്ടുവരുന്നവനാണ് ദൈവം(വാ. 6,7 ). വിപ്രാവാസത്തിനും അതിനുശേഷം ഉള്ള പ്രവാചകൻമാർ ആവർത്തിച്ച് പറയുന്ന കാര്യമാണിത്. യുഗാന്ത്യത്തിൽ ദൈവമക്കൾ എല്ലാവരും സ്നേഹത്തിലും ഐക്യത്തിലും കഴിയുന്നതിനെയാണ് ഇത് സൂചിപ്പിക്കുക.
” എന്റെ മഹത്വത്തിന് ഞാൻ സൃഷ്ടിച്ചു രൂപം കൊടുത്തവരും, എന്റെ നാമത്തിൽ വിളിക്കപ്പെട്ടവരും, എന്നാണ് ദൈവം ഇസ്രായേലിനെ വിശേഷിപ്പിക്കുന്നത്. ഇസ്രായേൽ ജനത്തിന് കൈവന്നിരിക്കുന്ന ഐശ്വര്യം എല്ലാം ദൈവം നൽകിയതാണ്. അത് അവിടുത്തെ മഹത്വം പ്രഘോഷിക്കുന്നതിനു വേണ്ടിയാണ്. വ്യക്തികൾ ആയാലും സമൂഹങ്ങൾ ആയാലും തങ്ങൾക്കുള്ള മഹത്വം മഹോന്നതൻ അവർക്ക് കനിഞ്ഞ് നൽകിയത് ആണെന്നുള്ള തിരിച്ചറിവ് അവരെ ആരാധനയിലേക്ക് നയിക്കണം.
ദൈവജനമായ നമ്മൾ പുതിയ ഇസ്രായേലാണ്. അവർക്കുള്ള അനുഗ്രഹങ്ങളെക്കാൾ എത്രയോ പതിനായിരം മടങ്ങ് കൂടുതലാണ് നമുക്കുള്ളത്. നമുക്കായി ഈശോ സ്വയം ശൂന്യനായി,ദാസവേഷം ധരിച്ചു (മനുഷ്യാവതാരം), മരണത്തോളം, അതേ കുരിശു മരണത്തോളം( കാൽവരിയാഗം) അനുസരണ വിധേയനായി അനുദിനം നമുക്കായി തന്റെ ശരീര രക്തങ്ങൾ ഭക്ഷണപാനീയങ്ങളായി നൽകി നമ്മെ ദൈവമക്കളാക്കുന്നു.
ഏശ.43:1-ൽ പരാമർശിച്ചിരിക്കുന്ന സത്യങ്ങൾ നമ്മെ കോൾമയിർ കൊള്ളിച്ചു ആനന്ദതുന്ദിലരാക്കണം. അതിലുപരി കവിഞ്ഞൊഴുകുന്ന നന്ദിയുള്ളവരാക്കണം.