സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ച കുർബാനയ്ക്ക് പ്രാർത്ഥിക്കാനായി തന്നെ കാത്തിരുന്ന രോഗികളുടെ അടുത്തേയ്ക്ക് പരിശുദ്ധ പിതാവ് എത്തി. അക്കൂട്ടത്തിലുണ്ടായിരുന്ന മെക്സിക്കോയിൽ നിന്നുള്ള ഏയ്ഞ്ചലോ എന്ന നാൽപത്തിമൂന്നുകാരന്റെ സമീപത്ത് ഫ്രാൻസീസ് പാപ്പാ എത്തിയത് തന്റെ മുഖത്തെ സ്വതസിദ്ധമായ വിടർന്ന ചിരിയൊടെയായിരുന്നു. എന്നാൽ രോഗിയുടെ കൂടെയുണ്ടായിരുന്ന പുരോഹിതൻ മാർപാപ്പായുടെ സമീപത്തേയ്ക്ക് ചാഞ്ഞ് രഹസ്യമായി എന്തോ പറഞ്ഞതോടെ ഗൗരവം പൂണ്ട മുഖഭാവത്തോടെ ഫ്രാൻസിസ് പാപ്പാ തന്റെ രണ്ടു കൈകളും ആ രോഗിയുടെ തലയിൽ വെച്ച് പതിനഞ്ച് സെക്കന്റോളം പ്രാർത്ഥിച്ചു.
ആ സമയത്ത് രോഗിയായ ഏയ്ഞ്ചലോയുടെ ശരീരം ചെറുതായി കോച്ചിവലിയുകയും അയാൾ ദീർഘമായ ഒരു നിശ്വാസം പുറപ്പെടുവിക്കുകയും ചെയ്തു. തുടർന്ന്, തളർന്ന ശരീരത്തോടെ വായ് തുറന്ന് അയാൾ ഇരുന്നു.
‘മാർപാപ്പായുടെ പ്രസ്തുത കൈവയ്പ്പു പ്രാർത്ഥനയുടെ വീഡിയോ കണ്ട ഭൂതോച്ചാടകർക്ക് ആർക്കും അദ്ദേഹം നടത്തിയത് ഒരു വിടുതൽ പ്രാർത്ഥനയായിരുന്നു, ഒരു യഥാർത്ഥ ഭൂതോച്ചാടനമായിരുന്നു എന്നതിൽ സംശയമില്ല’. ഇറ്റാലിയൻ ബിഷപ്പ് കോൺഫ്രൻസിന്റെ ഉടമസ്ഥതയിലുള്ള ടി.വി ചാനൽ അറിയിച്ചു.
റോമിലെ മുഖ്യഭൂതോച്ചാടകനായ ഗബ്രിയേൽ അമോർത്ത് പറയുന്നു. മെക്സിക്കോക്കാരനായ ആ വ്യക്തിയിൽ നാല് ദുഷ്ടാരൂപികൾ ആവേശിച്ചിരുന്നു. ഫ്രാൻസിസ് പാപ്പാ നടത്തിയത് ഒരു യഥാർത്ഥ ഭൂതോച്ചാടനം തന്നെയായിരുന്നു. ദൈവത്തെ മറന്നുകളയുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. എവിടെ ദൈവം സന്നിഹിതനല്ലായിരിക്കുന്നുവോ അവിടെ പിശാച് ഭരണം നടത്തുന്നു. ഭൂതോച്ചാടനത്തിൽ വിശ്വാസമില്ലാത്തവർ സുവിശേഷം നിർബന്ധമായും വായിക്കണമെന്നും ഈശോ തുടർച്ചയായി പിശാചുക്കളെ പുറത്താക്കിയിരുന്നത് നമുക്ക് വ്യക്തമാകുമെന്നും ഫാ.അമോർത്ത് പറയുന്നു.
‘ദൗർഭാഗ്യമെന്നു പറയട്ടെ ഇന്ന് ആവശ്യമുള്ളതിനേക്കാൾ വളരെക്കുറവ് ഭൂതോച്ചാടകരെയാണ് ബിഷപ്പുമാർ നിയമിക്കുന്നത്. കൂടുതൽ ഭൂതോച്ചാടകരെ നിയമിക്കുന്നതിനുള്ള ഉത്തരവ് എല്ലാ ബിഷപ്പുമാർക്കും റോം നൽകുമെന്നാണ് എന്റെ പ്രതീക്ഷ’. ഈ കാലഘട്ടത്തിൽ മറ്റെന്നത്തെക്കാളുമുപരി പിശാച് ബഹിഷ്കരണത്തിന്റെ ആവശ്യകത കൂടുതലാണെന്ന് ലോകപ്രശസ്ത ഭൂതോച്ചാടകനായ ഗബ്രിയേൽ അമോർത്ത് ചൂണ്ടിക്കാട്ടി.