നിർമ്മൽ ഹൃദയിൽ സ്നേഹലാളനയുടെ മാന്ത്രിക സ്പർശനങ്ങളേറ്റ് മരണത്തിന്റെ വഞ്ചിയിൽ നിന്നു ജീവന്റെ അക്ഷയതീരത്തേയ്ക്കു തിരിച്ചു വരുന്ന നിരവധി മക്കളുണ്ട്. അവർക്കു സന്തോഷത്തോടെ ജീവിക്കാൻ ഉള്ള സ്ഥാപനമാണ് പ്രേംദാൻ. പ്രത്യാശപ്രദാനം ചെയ്യുന്ന ജീവന്റെ ഭവനമാണിത്. 1973 ഏപ്രിലിലാണ് ഐ.സി.ഐ. (ഇന്ത്യ) എന്ന രാജ്യാന്തര കമ്പനി വഴി അമ്മയുടെ ആഗ്രഹം പൂവണിഞ്ഞത്. ഒരു വലിയ കെട്ടിടവും അതിനുചുറ്റുപാടുമുള്ള സ്ഥലങ്ങളുമാണ് പ്രേംദാൻ ഉൾക്കൊള്ളുന്നത്. ദൈവം ഐ.സി.ഐ. കമ്പനിയിലൂടെ അമ്മയ്ക്കുവേണ്ടി പ്രവർത്തിച്ചു. ‘വർണ്ണിക്കാനാവാത്ത കാരുണ്യാതിരേക’മെന്നാണ് അതിനെ അമ്മ വിശേഷിപ്പിച്ചിരിക്കുന്നത്.
രോഗികളെ എപ്പോഴും അലിവോടും സ്നേഹത്തോടും പരിചരിച്ചിരുന്ന സി. ബാർബരയെ പ്രേംദാനിന്റെ ചുമതല ഏൽപിച്ചു. നല്ലൊരു നേഴ്സും കൂടിയായിരുന്നു അവർ. എല്ലാം ദൈവകരങ്ങളിൽ സമർപ്പിച്ചുകൊണ്ട് പ്രേംദാൻ പ്രവർത്തനം ആരംഭിച്ചു. ദിവസം ചെല്ലുന്തോരും അവിടെ രോഗികൾ വർദ്ധിച്ചുകൊണ്ടിരുന്നു. വിശാലമായ പ്രേംദാനിന് ഉൾക്കൊള്ളാൻ കഴിയുന്നതിൽ കൂടുതൽ രോഗികളാണ് വന്നുകൊണ്ടിരുന്നത്. പ്രേംദാന് ഒരായിരം മുറികൾ ഉണ്ടായിരുന്നെങ്കിൽ എന്ന് അമ്മ ആഗ്രഹിച്ച നിമിഷങ്ങളുണ്ട്. ഒരുനുള്ളു സ്നേഹം ലഭിക്കാൻ ആയിരങ്ങൾ പ്രേംദാനിലേയ്ക്കു ഇന്നും വന്നുകൊണ്ടിരിക്കുന്നു. വരുന്നവർക്കെല്ലാം ദൈവസ്നേഹത്തിന്റെ അമൃതു പകർന്ന് സഹോദരിമാർ അവരെ സഹായിക്കുന്നു. ഉടുക്കാൻ വസ്ത്രം, കിടക്കാനിടം, കഴിക്കാൻ ഭക്ഷണം എല്ലാം അവർക്കു നൽകപ്പെടുന്നു. സന്തോഷത്തിന്റെ ‘നവജീവന്റെ’ ഭവനമാണ് പ്രേംദാൻ.
പുഞ്ചിരിതൂകിക്കൊണ്ട് എം.സി. സഹോദരിമാർ എപ്പോഴും രോഗികൾക്കു കൂട്ടിനും സഹായത്തിനും ഉണ്ട്. പ്രേംദാനിലെ എല്ലാ പണികളും സഹോദരിമാരോടൊപ്പം രോഗികൾ തന്നെയാണു ചെയ്യുന്നത്. അവർ ഭക്ഷണം പാകം ചെയ്യുന്നു. വിളമ്പിക്കൊടുക്കുന്നു. പരിസരം വൃത്തിയാക്കുന്നു. അമ്മ പറയുന്നു: ”ദൈവത്തിന്റെ വേലക്കാരികളായ ഞങ്ങൾക്ക് സ്നേഹത്തിന്റെ മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്യാൻ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.”
പ്രേംദാനിൽ മാനസികരോഗികൾക്കു പ്രത്യേകം മുറികളുണ്ട്. അവർക്കു സ്നേഹത്തിന്റെ ഊഷ്മളത അനുഭവിക്കാൻ കഴിയുന്നു. സ്നേഹത്തിന്റെ ഭാഷ ആർക്കാണു മനസ്സിലാകാത്തത്? അക്ഷരമാലയില്ലാത്ത, ക്ലേശപൂർണ്ണമായ വ്യാകരണമില്ലാത്ത ഹൃദയത്തിന്റെ ഭാഷയാണത്. ഒരിക്കൽ ലളിത എന്ന മനോരോഗി അക്രമാസക്തയായി. കയ്യിൽ കിട്ടിയതെല്ലാം അവൾ വലിച്ചെറിഞ്ഞു. മുറിയിൽ നിന്നു പുറത്തുചാടി ഓടാൻ തുടങ്ങി. രണ്ടു സഹോദരിമാർ അവളെ പിടിച്ചുനിറുത്തി. എന്നാൽ അവൾ കുതറിക്കൊണ്ടിരുന്നു. ഈ അവസ്ഥ കണ്ടുകൊണ്ട് അമ്മ അവളുടെ അരികിലെത്തി സ്നേഹമസൃണമായി അവളുടെ കണ്ണുകളിൽ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു. ഏറ്റം വാത്സല്യത്തോടെ തന്റെ കൈകൾ അവളുടെ തോളിൽ വച്ച് അനുകമ്പയോടെ അവളെ വിളിച്ചു: ‘ലളിേതേ. അവൾ ശാന്തയായി. അവിടെ സ്നേഹത്തിന്റെ കുളിർമഴ പെയ്ത പ്രതീതിയുണ്ടായി. സാവധാനം അമ്മയെ അവൾ കെട്ടിപ്പിടിച്ചു. ആ കൈകളിൽ അവൾ ധാരാളം ചുംബിച്ചതുപോലെയാണ് അമ്മയ്ക്കതു തോന്നിയത്. സ്നേഹം ഹൃദയങ്ങളെ ശാന്തമാക്കുമെന്ന് അമ്മ മനസ്സിൽ കോറിയിട്ടു.
മറ്റൊരിക്കൽ ഹൗറയിലെ ചേരിയിലൂടെ മദർ നടന്നു നീങ്ങുകയായിരുന്നു. അതാ ഒരു കാളക്കൂറ്റൻ വിളറിപിടിച്ചോടി വരുന്നു. ആളുകൾ ഭയാക്രാന്തരായി നാലുപാടും ചിതറി ഓടുകയാണ്. ഒരു പാവം മനുഷ്യനെ തട്ടിത്തെറിപ്പിച്ച് കാള മുമ്പോട്ടു കുതിച്ചു. നിസ്സഹായവസ്ഥയിൽ നിൽക്കുന്ന അമ്മയുടെ മനസ്സിലേയ്ക്കു തമ്പുരാന്റെ വെള്ളിവെളിച്ചം കടന്നുവന്നു. ഫ്രാൻസീസ് അസ്സീസ്സി ക്രൂരനും ക്രൂദ്ധനുമായ ചെന്നായെ സഹോദരാ എന്നു വിളിച്ച് ശാന്തനാക്കി തിരിച്ചയച്ച സംഭവം അമ്മയുടെ ഓർമ്മയിൽ ഓടിയെത്തി. അമ്മ കണ്ണടച്ചു പുണ്യവാന്റെ ചിത്രം അമ്മയുടെ മനസ്സിൽ നിന്നു മായുന്നില്ല. ഒരു കടുവാക്കുഞ്ഞിനെ തോളിൽ വഹിച്ച് പുണ്യവാൻ വീണ്ടും അമ്മയുടെ മുന്നിൽ! ഈ ദർശനത്തിന്റെ അർത്ഥമെന്താണെന്ന് അമ്മയ്ക്കു വ്യക്തമായില്ല. എങ്കിലും അമ്മയുടെ മനസ്സിലെ വെളിച്ചം അമ്മപോലും അറിയാതെ ആക്രമിക്കാൻ പാഞ്ഞുവന്ന കാളയുടെ മുന്നിലേയ്ക്കു അമ്മയെ നയിച്ചു. അമ്മ തന്റെ വജ്രായുധമായ കൊന്ത കൈയിലെടുത്തു. പരി.അമ്മയെ മനസ്സിൽ ധ്യാനിച്ചു. കാളയെ ശാന്തനാക്കാൻ ശക്തിതരണമേ എന്നു മനസ്സുരുകി പ്രാർത്ഥിച്ചു. ചേരി നിവാസികളെ കാളയിൽ നിന്നു രക്ഷിക്കണമേ എന്നു മനഃപൂർവ്വം മനസ്സിൽ വാശി പിടിച്ചു. അമ്മ കണ്ണുതുറന്നു നോക്കിയപ്പോൾ ആ കാളയതാ തന്റെ മുമ്പിൽ പ്രശാന്തനായി നിൽക്കുന്നു. അനന്തരം ആ കാള ഒരു കുഞ്ഞാടിനെപ്പോലെ തിരിഞ്ഞുനടന്നുപോയി.
അന്നു രാത്രി അമ്മ ഈശോയോടു ചോദിച്ചു: എന്താ ഇതിന്റെ അർത്ഥം? നേരിട്ടുത്തരമൊന്നും ലഭിച്ചില്ല. അൽപം കഴിഞ്ഞപ്പോൾ ബൈബിൾ എടുത്തു വായിക്കാൻ അമ്മയുടെ മനസ്സിൽ പ്രേരണയുണ്ടായി. അമ്മ ഏറ്റം സ്നേഹത്തോടെ ബൈബിൾ കൈയിലെടുത്തു. ഭക്തിപൂർവ്വം അതു തുറന്നു. ഉൽപ.1:28-ലാണ് അമ്മയുടെ കണ്ണുപതിഞ്ഞത്. ദൈവം മനുഷ്യെ അനുഗ്രഹിക്കുന്ന വചനമാണിത്. ”കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിൽ ചരിക്കുന്ന സകല ജീവികളുടെയും മേൽ നിങ്ങൾക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ”. അമ്മ ഒരു വലിയ സത്യം മനസ്സിലാക്കി. ”ദൈവസ്നേഹത്തോടുകൂടിയ ആധികാരികത മനുഷ്യമനസ്സുകളെ മാത്രമല്ല സർവ്വചരാചരങ്ങളെയും കീഴടക്കാൻ മനുഷ്യരെ പ്രാപ്തരാക്കു”മെന്ന്. അന്ന് പുലരും വരെ അനുഗ്രഹദാതാവായ ദിവ്യകാരുണ്യനാഥനോടൊപ്പം നിറമിഴികളോടെ അമ്മ ഇരുന്നു.
കുട്ടികളുടെ ചിരിയും സന്തോഷവും കാണുമ്പോൾ അമ്മയുടെ മനസ്സു പറയും: ”ദൈവം സന്തോഷമാണ്. ആനന്ദിക്കുന്നവർ സ്വർഗ്ഗത്തിലാണ്”. അമ്മ തുടർന്നു പറയുന്നു: ”മഹാമനസ്കരുടെ കാരുണ്യം നിറഞ്ഞ ഹൃദയമാണ് നന്മകൾ ചെയ്യാൻ വഴിയൊരുക്കിത്തരുന്നത്. സ്റ്റീൻപ്ലാന്റ് അധികാരികൾ കാരുണ്യം കാണിച്ചില്ലായിരുന്നെങ്കിൽ റൂർക്കലയിൽ മലനിരകളുടെ മദ്ധ്യേ മനോഹരമായ പ്രേംദാൻ തലയുയർത്തി നിൽക്കുമായിരുന്നില്ല”.
മദർ തെരേസ കൽക്കട്ടായിൽത്തന്നെ സ്ഥാപിച്ച മറ്റൊരു സ്ഥാപനമാണ് ”നവോ ജീവൻ”. പ്രേംദാനിന്റെ മറ്റൊരു പതിപ്പ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. അവിടെ രോഗികളായ നൂറുകണക്കിനു ആൺകുട്ടികളെയും പുരുഷന്മാരെയും പരിചരിച്ചുപോരുന്നു. നവോജീവനിൽ ഞായറാഴ്ചകൾ ഉത്സവദിനങ്ങളാണ്. ഇരുന്നൂറിൽപ്പരം കുട്ടികൾ എല്ലാ ഞായറാഴ്ചകളിലും അവിടെ വന്നുചേരും. റെയിൽവേസ്റ്റേഷനിലും തെരുവുകളിലും അലയുന്ന കുട്ടികളാണവർ. അവരെ കാത്തു വിദേശിയരായ നഴ്സുമാരും വോളണ്ടിയർമാരും അവിടെ ഉണ്ടാകും. വോളണ്ടിയർമാർ അവരെ കുളിപ്പിക്കുകയും വസ്ത്രങ്ങൾ അലക്കിക്കൊടുക്കുകയും രോഗമുണ്ടെങ്കിൽ അതിനു മരുന്നു കൊടുക്കുകയും ചെയ്യും. അവർ ഉച്ചവരെ കളിച്ചു, ചിരിച്ച്, ആടിപ്പാടി സന്തോഷിക്കും. ഉച്ചയ്ക്ക് അവർക്കു സമൃദ്ധമായ ഭക്ഷണം നൽകപ്പെടുന്നു. ഭക്ഷണം കഴിഞ്ഞ് കുട്ടികൾ നവോന്മേഷത്തോടെ വന്ന സ്ഥലങ്ങളിലേയ്ക്കു മടങ്ങിപ്പോകും.
ഓരോ സ്ഥാപനവും ഉയർന്നു വരുമ്പോൾ അമ്മ തന്റെ സഹോദരിമാരോടു പറഞ്ഞിരുന്നു. ”എല്ലാം പണിതുയർത്തുന്ന തമ്പുരാന്റെ സ്നേഹം നമുക്കു മുമ്പേ നമ്മുടെ പാദങ്ങൾക്കു വെളിച്ചമായി നീങ്ങുന്നുണ്ട്. അതിനാൽ ഒരിക്കലും ഇരുളിൽ പതറി കാലുകൾ ഇടറാൻ അവിടുന്ന് നമ്മെ അനുവദിക്കുകയില്ല”. അമ്മയെന്നും പ്രാർത്ഥിച്ചിരുന്നു: ”ഇഴഞ്ഞു നീങ്ങാനല്ല, ഓരോ നിമിഷവും മുന്നോട്ടു കുതിക്കാൻ ശക്തിനൽകുന്ന ദൈവസ്നേഹം ഹൃദയം നിറയുവോളം അനുഭവിക്കാൻ എന്നെയും എല്ലാ സഹോദരിമാരെയും പ്രാപ്തരാക്കണമേ”. പ്രാർത്ഥനാനന്തരം തന്റെ സമൂഹത്തെ നല്ല ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കും. പിന്നെ തലചായിച്ച് കുറച്ചു സമയം ആ മടിയിലുറങ്ങും. ഒരു കുഞ്ഞിനെപ്പോലെ ഒന്നുമറിയാതെ, സുഖമായി.