പ്രീതികരമായ പ്രാർത്ഥന

Fr Joseph Vattakalam
2 Min Read

തങ്ങൾ നീതിമാന്മാരാണ് എന്ന ധാരണയിൽ തങ്ങളിൽ തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരെ തിരുത്തുക എന്നാണ് ഈ ഉപമയുടെ ഉദ്ദേശം. (18.9). തങ്ങൾ ഒഴികെ ബാക്കിയുള്ളവർ എല്ലാം കൊള്ളരുതാത്തവർ (നീതിരഹിതർ, അനാഥർ) എന്ന് പുച്ഛിച്ചു തള്ളുകയും നീതിനിഷ്ഠർ എന്ന് സ്വയം വിലമതിക്കുകയും തങ്ങളുടെ നന്മയിൽ ആശ്രയിക്കുകയും ചെയ്തിരുന്നവർ മുഖ്യമായും ഫരിസേയരും നിയമജ്ഞരുമാണ്.അവരെ ഉദ്ദേശിച്ചാണ് ഈശോ ഈ ഉപമ പറഞ്ഞത്.ഫരിസേയന്റെ പ്രാർത്ഥനയിൽ തന്നെ ഇതിനുള്ള തെളിവ് നമുക്ക് കിട്ടുന്നു. അവൻ നിന്നുകൊണ്ടാണ് പ്രാർത്ഥിക്കുന്നത്. ഇതുതന്നെ അയാളുടെ താൻ പോരിമയുടെ ലക്ഷണമാണ്. എളിമപ്പെട്ട് പ്രാർത്ഥിക്കുന്നതിന് പകരം അയാൾ സ്വയം പുകഴ്ത്തുകയും മറ്റുള്ളവരെ ഇകഴ്ത്തുകയുമാണ്. ” അക്രമികളും നീതി രഹിതരും വ്യഭിചാരികളുമായ മറ്റുള്ളവരെ പോലെയോ ഈ ചുങ്കക്കാരനെ പോലെയോ അല്ല ഞാൻ”. സ്വയം പുകഴ്ത്തലിന്റെ പട്ടികയാണ് തുടർന്നും വരുക.”ആഴ്ചയിൽ രണ്ടുപ്രാവശ്യം ഞാൻ ഉപവസിക്കുന്നു. സമ്പാദിക്കുന്നതിന്റെ എല്ലാം ദശാംശം ഞാൻ നൽകുന്നു”.

നിയമത്തിന്റെ അക്ഷരാർത്ഥം കർക്കശമായി പാലിച്ചു നീതീകരിക്കപ്പെടാം എന്ന് ധരിച്ചവരായിരുന്നു ഫരിസേയർ. അവർ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കപ്പെട്ടവരായിരുന്നു( ഫരിസേയേൻ= വേർതിരിക്കപ്പെട്ടവൻ). കഥയിലെ ഫരിസേയൻ ദേവാലയത്തിൽ നിന്നുകൊണ്ടാണ് പ്രാർത്ഥിക്കുക.

അതായത് അതിവിശുദ്ധ സ്ഥലത്തിന് ഏറ്റവും അടുത്താണ് ഫരിസേയൻ. അവൻ വേർപ്പെട്ടവനും വേറിട്ടവനുമായാണ് പ്രാർത്ഥിക്കുക. പ്രാർത്ഥനയേക്കാൾ അവന്റെ ജല്പനങ്ങളാണ് നാം കേൾക്കുക. അവന്റെ വാക്കുകളിൽ അഹങ്കാരവും സ്വയം നീതിമത്ക്കരിക്കലും മാത്രമല്ല, പച്ചക്കള്ളവും ഉണ്ട്. താൻ ഒഴികെയുള്ള മറ്റു പരാമർശിക്കപ്പെടുന്നവരെല്ലാം ( നീതിരഹിതർ, വ്യഭിചാരികൾ, ചുങ്കക്കാർ..)ഇവിടെ വരുന്നുണ്ട്. ദശാംശം കൊടുക്കുന്നവരിൽ താൻ സാധാരണക്കാരിൽ നിന്ന് ഏറെ ശ്രേഷ്ഠൻ ആണെന്ന് ഉപമയിലെ ഫരിസേയൻ അവകാശപ്പെടുന്നു. തനിക്ക് ദൈവത്തിന്റെ കൃപ ആവശ്യമാണെന്ന വിചാരമേ അവനില്ല.അവന്റെ വാക്കുകൾ ഒന്നും പ്രാർത്ഥനയുടെതല്ല. അവകാശവാദത്തിന്റേതാണ്.

എന്നാൽ താൻ പാപിയാണെന്നും അനർഹനാണെന്നുമുള്ള അവബോധം ചുങ്കക്കാരനെ ഭരിക്കുന്നു. ദൈവ കരുണയിൽ ആശ്രയിക്കുക മാത്രമാണ് തനിക്ക് രക്ഷയ്ക്കുള്ള വഴി എന്ന് അവന് നല്ല ഉറപ്പുണ്ട്. അവൻ ദേവാലയത്തിന്റെ ഏറ്റവും പിൻഭാഗത്താണ് മുട്ടുകുത്തി നിൽക്കുന്നത്, സ്വർഗ്ഗത്തിലേക്ക് കണ്ണുയർത്താൻ ധൈര്യപ്പെട്ടില്ല.പൂർണ്ണമായി അനുതപിച്ച് (മാറത്തടിച്ച്) ഹൃദയം നുറുങ്ങിയാണ് അവൻ പ്രാർത്ഥിച്ചത്.

” ദൈവമേ പാപിയായ എന്നിൽ കനിയണമേ”

ഇരുവരുടെയും പ്രാർത്ഥനയുടെ ഫലവും വിനയത്തെ കുറിച്ചുള്ള ഈശോയുടെ അതിശക്തമായ പ്രബോധനവും പതിനാലാം വാക്യം അവതരിപ്പിക്കുന്നു.ഞാന്‍ നിങ്ങളോടു പറയുന്നു, ഇവന്‍ ആ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാല്‍, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെതാഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും.

ലൂക്കാ 18 : 14

Share This Article
error: Content is protected !!