ആറാമദ്ധ്യായം
നോഹിൽ ഉത്ഭവിച്ച്, അബ്രാഹത്തിലൂടെ ഒഴുകി മോസസിലൂടെ ഇസ്രായേലിൽ ചെന്നവസാനിക്കുന്ന കരാർനദിയെപ്പറ്റിയായിരുന്നല്ലോ നമ്മുടെ വിചിന്തനം. പ്രസ്തുതകരാറിന്റെ പരമകാഷ്ഠ ഇസ്രായേൽ ജനതയ്ക്ക് ഈശ്വരൻ മോസസുവഴി നല്കിയ പത്തുകല്പനകളാണെന്നു പറയാം. സീനാമലഞ്ചെരുവിൽ ജനങ്ങൾ താവളമടിച്ചു താമസിക്കയാണ്. അവിടെവച്ച് പ്രപഞ്ചനാഥൻ ഇടിയുടെയും മിന്നലിന്റെയും മദ്ധ്യേ പ്രത്യക്ഷനായി. സ്വതന്ത്രമായി സ്വീകരിച്ചനുസരിക്കാൻ തന്റെ ജനങ്ങൾക്കു പ്രമാണങ്ങൾ നല്കി.
താൻ തിരഞ്ഞെടുത്ത ഇസ്രായേലിനെ വിശുദ്ധിയുടെ ശ്രീകോവിൽ കയറ്റി പ്രതിഷ്ഠിക്കുകയായിരുന്നു പ്രമാണദാനത്തിലൂടെ പ്രപഞ്ചകർത്താവു ലക്ഷ്യംവച്ചത്. സാമൂഹ്യജീവിയായ മനുഷ്യന്റെ പ്രകൃതിക്കനുസരണമായ ഈ പ്രമാണങ്ങൾ അവന്റെ ആദ്ധ്യാത്മികധാർമ്മിക ജീവിതങ്ങളുടെ സുവർണ്ണ നിയമങ്ങളാണ്. അറിഞ്ഞോ അറിയാതെയോ ഇവയെ ശിരസാ വഹിക്കാനുള്ള ഒരാന്തരികശാസനം ഓരോ മനുഷ്യന്റേയും ഹൃദയാന്തരാളത്തിൽ പ്രതിധ്വനിക്കുന്നുണ്ട്.
മനുഷ്യനുൾപ്പെടെയുള്ള സൃഷ്ടിസാകല്യത്തിന്റെ ഉടമ താനാണെന്നും ആ സത്യം വിശേഷബുദ്ധിയും മനസ്സുമുള്ള മനുഷ്യൻ കലവറയില്ലാതെ അംഗീകാരിക്കണമെന്നുമാണ് പ്രഥമ പ്രമാണം അനുശാസിക്കുന്നത്. നമ്മുടെ മനസ്സും ഹൃദയവും ഈശ്വരോന്മുഖമാക്കി അവിടുത്തെ ആരാധിക്കുമ്പോൾ സമ്പൂർണ്ണമായി അവിടുത്തെ സ്നേഹിക്കുമ്പോൾ ഒന്നാം ശാസനം ശിരസ്സാവഹിക്കുകയാണു നാം. സ്രഷ്ടാവിന്റെ സ്ഥാനത്തു സൃഷ്ടിയെ പൂവിട്ടു പൂജിക്കുന്നവർക്ക് ഈ സമ്പൂർണ്ണ സമർപ്പണം സാദ്ധ്യമല്ലതന്നെ.
മഹേശ്വരനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന മനുഷ്യൻ അവിടുത്തെ നാമം ബഹുമാനത്തോടെ മാത്രമേ ഉപയോഗിക്കൂ. ഈശ്വരസേവനത്തോടു ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും ആദരവോടെ മാത്രമെ അയാൾ ഇടപെടുകയുള്ളു. രണ്ടാംപ്രമാണം അനുശാസിക്കുന്നതും മറ്റൊന്നുമല്ല. ദൈവനിന്ദ മഹാപരാധമാണ്. കാരണം അതുവഴി വെറും സൃഷ്ടിയായ മനുഷ്യൻ, സ്നേഹപ്രചോദിതനായി തന്നെ മെനഞ്ഞെടുത്ത തന്റെ സ്രഷ്ടാവിനെ, ധിക്കരിക്കയും അവിടുത്തെ നന്മയെ നിഷേധിക്കുകയും ചെയ്യുന്നു. ഇതിനേക്കാൾ ഹീനമായൊരു പ്രവൃത്തി ചിന്ത്യമോ?
സാബത്തുദിവസം വിശുദ്ധമായി ആചരിക്കാനും വിശുദ്ധസ്ഥലത്തെ ബഹുമാനിക്കാനുമാണ് മൂന്നാം പ്രമാണം കല്പിക്കുക. ക്രൈസ്തവർക്ക് ഞായറാഴ്ചയാണല്ലോ സാബത്തുദിവസം. ഈ ഞായറാഴ്ച ശുദ്ധമായി പാലിക്കുക എന്നതിന് അദ്ധ്വാനിക്കാതിരിക്കുക എന്നതിനേക്കാൾ വ്യാപകമായൊരർത്ഥമുണ്ട്. ദിവ്യബലിയിൽ പങ്കുകൊണ്ടും പ്രാർത്ഥനയ്ക്കും സദ്ഗ്രന്ഥപാരായണത്തിനും കൂടുതൽ സമയം ചെലവഴിച്ചും ആനന്ദപ്രദമാംവിധം ആ ദിനം വിനിയോഗിക്കുകയെന്നതാണ് യഥാർത്ഥത്തിൽ അതിനർത്ഥം. ദൈവത്തിന്റെ ദിവസത്തെ ക്രിസ്തീയ വിശ്രമത്തിന്റെ ദിവസമാക്കുക. നമ്മുടെ നിത്യമായ സ്വർഗ്ഗീയവിശ്രമത്തിനുള്ള നല്ല ഒരുക്കമായിരിക്കും.
അനുസരണം എന്നതാണ് നാലാം പ്രമാണത്തിന്റെ കാതലായ അംശം. തോന്നുന്നതൊക്കെ ചെയ്യാൻ നമുക്കു സ്വാതന്ത്ര്യമില്ല. അതു സ്വാതന്ത്ര്യവുമല്ല. നാമെല്ലാം നമ്മുടെ വിധാതാവിനു വിധേയരാണ്. ദൈനംദിനം നാമനുഷ്ഠിക്കേണ്ടതെന്തൊക്കെയാണെന്നു നമ്മോടു നേരിട്ടുപറയുന്നതിലേറെ ദൈവം അധികാരം ചിലരിൽ നിക്ഷേപിക്കുന്നു. അവരിൽ അഗ്രഗണ്യർ നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ അച്ഛനമ്മമാരാണ്. ദൈവം കഴിഞ്ഞാൽ നമ്മുടെ സ്നേഹബഹുമാനാദരങ്ങൾ ഏറ്റമധികം അർഹിക്കുന്നതവരാണ്.
എല്ലാവസ്തുക്കളുടേയും സ്രഷ്ടാവ്, അവയ്ക്കൊക്കെ ജീവൻ സമ്മാനിച്ചിരിക്കുന്നത്, സച്ചിതാനന്ദനായ ഈശ്വരനാണ്. അതുകൊണ്ട് അവിടുത്തേയ്ക്കു മാത്രമേ ജീവന്റെമേൽ അധികാരമുള്ളു. ഈ സത്യമാണ് അഞ്ചാം പ്രമാണം നമ്മെ ഉദ്ബോധിപ്പിക്കുക.
ആറും ഒമ്പതും പ്രമാണങ്ങൾ പരസ്പരബന്ധമുള്ളവയാണ്. വൈവാഹികജീവിതത്തിൽ വിശ്വസ്ത പാലിച്ച് കുടുംബജീവിതം സന്തോഷസംദായകമാക്കാൻ ആറാം പ്രമാണത്തിലൂടെ അഖിലേശൻ ആവശ്യപ്പെടുന്നു. ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ദിവ്യമായ ദാമ്പത്യബന്ധത്തെ ശിഥിലമാക്കുന്നതൊന്നും ചെയ്യരുതെന്നും ഈ കല്പന അനുശാസിക്കുന്നു.
ഒമ്പതാം പ്രമാണമോ അശുദ്ധ ചിന്തകളേയും അഭിലാഷങ്ങളേയും നിരോധിക്കുന്നു. അത്തരം ചിന്തകൾ ദുഷ്പ്രവൃത്തികളിലേയ്ക്ക് ഒരുവനേ നയിച്ചെന്നു വരും. ആത്മനിയന്ത്രണത്തിന്റെ ആവശ്യകതയാണ് ഈ രണ്ടു കല്പനകളും അനുശാസിക്കുക.
നീതിയാണ് ഏഴും പത്തും പ്രമാണങ്ങളുടെ വിഷയം, സത്യസന്ധമായ സമാരംഭങ്ങൾ മൂലം സിദ്ധിക്കുന്ന സാമ്പാദ്യങ്ങൾ കൊണ്ടു നാം സംതൃപ്തരാവണം. അനീതിയുടെ ചുവടു പിടിച്ച് അന്യന്റെ അടുപ്പിൽ വെള്ളമൊഴിക്കുക അക്ഷന്തവ്യമായ അപരാധമാണ്. നിത്യമായ നിധികൾ സ്വർഗ്ഗത്തിൽ സമ്പാദിക്കുന്നതിന് ഈ ദുർഗ്ഗുണം തടസ്സമായി നില്ക്കും.
നമ്മുടെ സഹോദരരായ ഇതര മനുഷ്യരെ വാക്കുകൊണ്ടും ചിന്തകൊണ്ടും ദ്രോഹിക്കരുതെന്നാണ് അഷ്ഠശാസനം അനുശാസിക്കുന്നത്. കളവിനേക്കാളും കൊലപാതകങ്ങളേക്കാളും നീചതരമാണിത്തരം പാപങ്ങൾ. പരസ്പര വിശ്വാസത്തിന്റെ അഭാവമാണ് വ്യക്തികളിലും രാഷ്ട്രങ്ങളിലും വ്യാപിച്ചുകാണുന്ന സമാധനരാഹിത്യത്തിന്റെ മൗലികമായ കാരണം.
പഴയനിയമത്തിന്റെ പൂർത്തീകരണ പൂജയ്ക്കാണു നിത്യപുരോഹിതനായ മിശിഹാ മനുഷ്യനായി അവതീർണ്ണനായത്. ഗിരിപ്രഭാഷണവേളയിൽ തന്റെ ഈ ദൗത്യം അവിടന്നു നിറവേറ്റി. സ്വർഗ്ഗരാജ്യത്തിലെ സാമാജികരുടെ സവിശേഷതകൾ സവിസ്തരം പ്രതിപാദിച്ചശേഷം ഈശോ തുടർന്നു: നീ കൊല്ലരുത് കൊല ചെയ്യുന്നവൻ ന്യായവിധിക്കു വിധേയനാവും എന്നു പൂർവ്വികന്മാരോടു പറഞ്ഞിട്ടുള്ളതായി നിങ്ങൾ കേട്ടിരിക്കുമല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, സഹോദരനോടു വൃഥാകോപിക്കുന്നവൻപോലും വിധിക്കപ്പെടും. അതുകൊണ്ടു ബലിപീഠത്തിൽ ബലിസമർപ്പണത്തിനടുക്കുമ്പോൾ നിന്റെ സഹോദരിലാർക്കെങ്കിലും നിന്നെ സംബന്ധിച്ചെന്തെങ്കിലും പരാതി ഉണ്ടന്നു തോന്നുന്നപക്ഷം ബലിവസ്തുക്കൾ പീഠത്തിൽ വച്ചിട്ട് ആദ്യം പരാതിയുള്ളവനെ സമീപിച്ചു രമ്യപ്പെടുക. എന്നിട്ടുമാത്രം നിന്റെ കാഴ്ചയർപ്പിക്കുക.
കാമാർത്തിയോടെ സ്ത്രീയെ വീക്ഷിക്കുന്ന ഏവനും തന്റെ ഉള്ളിൽ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു. വലതുകണ്ണുതന്നെയോ വലതുകൈതന്നെയോ പാപഹേതുകമാകുന്നെങ്കിൽ അവയെ നശിപ്പിച്ചുകളയുക. അതായത് ഈശ്വരനിൽ നിന്നു നമ്മെ അകറ്റുന്ന എല്ലാറ്റിൽനിന്നും നാമൊഴിഞ്ഞുമാറണമെന്ന്. നമ്മുടെ സംഭാഷണം അതെ, അതെ എന്നും അല്ല, അല്ല എന്നുമായിരിക്കണം. വക്രത തിന്മയുടെ സന്താനമാണ്.
കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്നു പഴയനിയമം പഠിപ്പിച്ചിരുന്നു. ക്രിസ്തുവിന്റെ പ്രബോധനമോ, ഉപദ്രവിയെ എതിർക്കരുതെന്ന്. വലത്തു കന്നത്തടിക്കുന്നവന് ഇടതു കന്നവും കാണിച്ചുകൊടുക്കണമെന്ന്. ശത്രുവിനെ സ്നേഹിക്കുകയും ദ്വേഷകർക്കു നന്മ ചെയ്യുകയും പീഡിപ്പിക്കുന്നവർക്കും അപഹരിക്കുന്നവർക്കുംവേണ്ടി പ്രാർത്ഥിക്കുകയും വേണമെന്ന്. കാരണം, ഇങ്ങനെയൊക്കെ ചെയ്തെങ്കിലെ ദുഷ്ടർക്കും ശിഷ്ടർക്കും ഒന്നുപോലെ സൂര്യപ്രകാശം പ്രദാനം ചെയ്യുകയും നീതിമാന്മാർക്കും നീതിരഹിതർക്കും ഒരുപോലെ മഴ പെയ്യിക്കുകയും ചെയ്യുന്ന നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ യഥാർത്ഥ സന്താനങ്ങളാകൂ നമ്മൾ.
കല്പനകളിൽ ഏറ്റം പ്രധാനമായത് ഏത് എന്ന ചോദ്യത്തിനു മറുപടി നല്കിക്കൊണ്ടു നിയമത്തെയും പ്രവാചകന്മാരെയുമെല്ലാം സമാഹരിച്ചിട്ടുണ്ട് ക്രിസ്തു. എല്ലാറ്റിലും പ്രധാനമായ കല്പന ഇതാണ്: അല്ലയോ ഇസ്രായേലേ, ശ്രവിച്ചാലും! നമ്മുടെ കർത്താവ് ഏകനത്രേ. ആ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണ മനസ്സോടും മുഴുവൻ ശക്തിയോടുംകൂടെ നീ സ്നേഹിക്കുക. അതുപോലെതന്നെയാണു രണ്ടാമത്തെ കല്പന. നിന്റെ അയല്ക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക. ഇവയ്ക്കുപരി വേറൊരു കല്പനയുമില്ല. നിയമസംഹിതയും പ്രവാചകന്മാരുമെല്ലാം ഇവയിൽ അധിഷ്ഠിതമായിരിക്കുന്നു. ഇവ സകല ഹോമയാഗങ്ങളേയും, ബലികളേയുംകാൾ ശ്രേഷ്ടമത്രേ. അതെ നിയമങ്ങളുടെയെല്ലാം സാരസർവസ്വമാണു സ്നേഹം. ക്രിസ്തുഭഗവാന്റെ പ്രബോധനങ്ങളെല്ലാം സ്നേഹമെന്ന ദ്വാക്ഷരമന്ത്രത്തിലടങ്ങിയിരിക്കുന്നു.
സനാതനസത്യത്തെ സാക്ഷാത്ക്കരിക്കാൻ ശ്രമിച്ചിട്ടുള്ളവരെല്ലാം അറിഞ്ഞോ അറിയാതെയോ മേൽപ്രസ്താവിച്ച പ്രമാണങ്ങൾ അനുസരിച്ചുപോന്നിട്ടുണ്ട്. ദൈവത്തിന്റെ ഈ നിയമങ്ങളൊക്കെ. വേണമെന്നു നിശ്ചയിച്ചാൽ, മനസ്സിലാക്കാനും നടപ്പിൽ വരുത്താനും എളുപ്പമാണ്. മനുഷ്യവർഗ്ഗത്തിനു പൊതുവേയുള്ള പ്രവൃത്തിമാന്ദ്യംകൊണ്ടാണ് അവ പ്രയാസങ്ങളായിത്തോന്നുക. സൗഖ്യത്തിന്റെ ഉറവിടങ്ങളാണീ ശാസനങ്ങളെല്ലാം. നമ്മുടെ മനോവാക്കായങ്ങളൊക്കെ നേർവഴിക്കാകുന്നതിനും ഈ സുവർണ്ണനിയമങ്ങൾ അവശ്യാവശ്യങ്ങളാണ്. അന്ധകാരാവൃതമായ മനുഷ്യജീവിതത്തിൽ വിശ്വകലാകാരൻ കത്തിച്ചുവച്ചിരിക്കുന്ന കൈത്തിരികൾ.