പ്രധാന മാലാഖാമാരായ മിഖായേൽ,ഗബ്രിയേൽ,റാഫേൽ
ദൈവത്തിന്റെ അശരീരിയായ സന്ദേശവാഹകരാണ് മാലാഖമാർ; മനുഷ്യരെ സൃഷ്ട്ടിക്കുന്നതിനു മുൻപുതന്നെ അവരെ സൃഷ്ട്ടിച്ചുവെന്നു വിശുദ്ധഗ്രന്ഥത്തിൽനിന്നു വ്യക്തമാണ്.മനുഷ്യരുടെ മുഖച്ഛായ വ്യത്യസ്തമായിരിക്കുന്നതുപോലെ മാലാഖാമാർക്കു ശക്തി വ്യത്യസ്തമാണ്. അവരുടെ ശക്തിയനുസരിച്ചു മൂന്നു വൃന്ദങ്ങൾ ഉൾപ്പെടുന്ന മൂന്നു ഹയരാർക്കികൾ ഉള്ളതായി അറിയുന്നു. പരിപൂര്ണതയുടെ ക്രമത്തിൽ അവ താഴെ ചേർക്കുന്നു.
1 . സ്രാപ്പേൻമാർ,കെരൂബുകൾ,സിംഹാ സനങ്ങൾ
2 . ഭക്തി ജ്വാലകന്മാർ, ശക്തികൾ, ബലവത്തുകൾ
3 . പ്രധാനികൾ, റേശു മാലാഖമാർ, മാലാഖമാർ.
വിശുദ്ധ ഗ്രന്ഥത്തിൽ ആകെ മൂന്നു റേശു മാലാഖമാരുടെ പേരുകൾ മാത്രമേ രേഖപെടുത്തിയിട്ടുള്ളു.അവരുടെ മൂന്നുപേരുടെയും തിരുനാൾ ആധുനിക പഞ്ചാംഗമനുസരിച്ചു സെപ്തംബര് ഇരുപത്തിഒമ്പതിനാണ്. 493 ൽ അപ്പൂളിയയിൽ വി. മിഖായേൽ മാലാഖയുടെ തിരുനാൾ കൊണ്ടാടിയിരുന്നതായി രേഖകളുണ്ട്. റോമയിൽ വി. മിഖായേലിന്റെ ദേവാലയത്തിന്റെ പ്രതിഷ്ട 610 സെപ്തംബര് ഇരുപത്തിഒമ്പതാം തീയതി ആയിരുന്നു. വെളിപാടിന്റെ പുസ്തകം പത്രണ്ടാം അധ്യായത്തിൽ ലൂസിഫർ പ്രഭ്യതികളെ മിഖായേലും സഹദൂതന്മാരും കൂടി തോല്പിച്ചുവെന്നു കാണുന്നുണ്ട്. അതിനാൽ മിഖായേൽ മാലാഖ സഭാസംരക്ഷകനാണ്. ഗ്രീക്ക് പിതാക്കന്മാർ മിഖായേലിനെ റേശു മാലാഖമാരുടെ വൃന്ദത്തിലല്ല ചേർക്കുന്നത്; പ്രത്യുത സ്രാപ്പേ മാലാഖമാരുടെ തലവനായിട്ടാണ്. ഡാനിയേലിന്റെ പുസ്തകം പത്തും പന്ത്രണ്ടും അധ്യായങ്ങളിലും യൂദായുടെ ലേഖനത്തിലും മിഖായേൽ മാലാഖ അനുസ്മരിക്കപ്പെടുന്നു. പൈശാചിക ആക്രമണങ്ങളിൽ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന എത്രയും ഫലവത്താണ്. ‘മി- കാ- എൽ’ ദൈവത്തെപ്പോലെ ആരുണ്ട്? എന്നാണ് ലൂസിഫർ പ്രഭ്യതികളുടെ വിപ്ലവത്തിൽ ഈ മാലാഖ വിളിച്ചുപറഞ്ഞത്. അതുതന്നെ മാലാഖയുടെ നാമധേയമായി.
ദൈവത്തിന്റെ ശക്തൻ എന്നാണ് ഗബ്രിയേൽ എന്ന പദത്തിന്റെ വാച്യാർത്ഥം. അദ്ദേഹത്തിന്റെ പേര് വി. ഗ്രന്ഥത്തിൽ നാലുപ്രാവശ്യം കാണുന്നു. അലക്സാണ്ടർ ചക്രവർത്തി പേർഷ്യൻ സാമ്രാജ്യത്തെ ആക്രമിച്ചു നശിപ്പിച്ചതും ചക്രവർത്തിയുടെ മരണശേഷം സൈനികർ ഭാഗിച്ചെടുത്തതും ഗബ്രിയേൽ ഡാനിയേൽ പ്രവാചകന് വിവരിച്ചുകൊടുക്കുന്നു (ദാനി. 8). രക്ഷകന്റെ ജനനകാലം അതെ പ്രവാചകൻ അറിയിക്കുന്നു (ദാനി. 9). സ്നാപകന്റെ ജനനം സക്രിയാസിനെയും രക്ഷകന്റെ അവതാരം മറിയത്തെയും മുൻകൂട്ടി അറിയിക്കുന്നു (ലുക്കാ 1).യഹൂദന്മാർ ഗബ്രിയേലിനെ വിധിയുടെ മാലാഖയായി അനുസ്മരിക്കുന്നു. മിഖായേൽ കഴിഞ്ഞാൽ അവരുടെ ദൃഷ്ടിയിൽ ഒന്നാംസ്ഥാനം ഗബ്രിയേലിനാണ്. ക്രിസ്തീയ പാരമ്പര്യമനുസരിച്ചു വി. ഔസേപ്പിന്റെ സംശയങ്ങൾക്ക് നിവാരണം നൽകിയതും ഗെത്സമെനിയിൽ കർത്താവിനെ ആശ്വസിപ്പിച്ചതും ഈ മാലാഖയാണ്. തപാൽ ഉദ്യോഗസ്ഥന്മാരുടെ മധ്യസ്ഥനാണ് വി. ഗബ്രിയേൽ.
ദൈവം സുഖപ്പെടുത്തിയെന്നാണ് റാഫേൽ സംജ്ഞയുടെ വാച്യാർത്ഥം. ഗാബിളിന് തോബിയാസ് കടംകൊടുത്തിരുന്ന സംഖ്യ വാങ്ങിക്കാൻ കൊച്ചു തോബിയാസിനെ അയച്ചപ്പോൾ സഹയാത്രികനായി ദൈവം അയച്ചുകൊടുത്ത മാലാഖയാണ് റാഫേൽ. അദ്ദേഹംതന്നെ എങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി: ‘കർത്താവിന്റെ മുൻപിൽ നിൽക്കുന്ന ഏഴു മാലാഖമാരിൽ ഒരാളായ റാഫേലാണ് ഞാൻ’ (തോബി. 12 : 15). വെളിപാടിന്റെ പുസ്തകം എട്ടാം അധ്യായം ചേർത്തുവായിക്കുമ്പോൾ ഈ ഏഴുപേരിൽ റേശു മാലാഖമാർ മൂന്നുപേരും ഉൾപെടുന്നുണ്ടെന്നു കാണാം. അതിനാൽ റാഫേൽ റേശുമാലാഖ മാത്രമല്ല സ്രാപ്പേയാണ്. ബെത്സെയ്ദയിലെ കുളത്തിൽ ഇടയ്ക്കിടെ ഇറങ്ങി രോഗികളെ സുഖപ്പെടുത്തിയിരുന്നത് റാഫേലാണെന്നാണ് പാരമ്പര്യം (യോഹ. 5 4)
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.