ഇന്ന് സഭ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടമാണെന്നു നമുക്കറിയാം. സഭ എക്കാലത്തും നേരിടുന്ന എല്ലാ പ്രശനങ്ങൾക്കുമുള്ള ഉത്തരമാണ് പരിശുദ്ധാത്മാവ് സഭയ്ക്ക് നൽകുന്ന പുതിയ പന്തക്കുസ്ത. സഭയ്ക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് പന്തക്കുസ്തയുടെ ശക്തിയാണ്. വിശുദ്ധനായ പോൾ ആറാമൻ മാർപാപ്പ സഭയ്ക്ക് അനുഗ്രഹീതനായ ഒരു മാര്പാപ്പയായിരുന്നു. തന്റെ സഭാഭരണകാലത്തു മാർപാപ്പ എപ്പോഴും തന്നോടുതന്നെ ചോദിച്ച ഒരു പ്രധാന ചോദ്യമുണ്ടായിരുന്നു. ‘ഇന്ന് സഭയ്ക്ക് ഏറ്റവും ആവശ്യമായിരിക്കുന്നു എന്താണ്?’ ഈ ചോദ്യത്തിന് പാപ്പാ തന്ന മറുപടി ഇങ്ങനെയാണ്. ‘ഇന്ന് സഭയ്ക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് പരിശുദ്ധാത്മാവ് നൽകുന്ന നിത്യമായ പന്തക്കുസ്തയാണ്.’ സഭ ഇന്ന് മുന്നോട്ടു പോകേണ്ടത് പന്തക്കുസ്തയുടെ ഈ ശക്തിയിലാണ്. സഭ കൂടുതൽ ശക്തിപ്പെടണമെങ്കിൽ നമ്മളെന്താണ് ചെയേണ്ടത്? സക്കറിയ പ്രവചനം ഒന്നാം അധ്യായം മൂന്നാം വചനത്തിൽ പരിശുദ്ധാത്മാവ് പ്രവാചകനിലൂടെ ജനത്തോടു പറയുകയാണ്, ‘നിങ്ങൾ എന്റെ സന്നിധിയിലേക്ക് മടങ്ങിവരുക… അപ്പോൾ ഞാനും നിങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരും…’ പന്തക്കുസ്തയുടെ ശക്തിയിൽ സഭ നിറയപ്പെടണമെങ്കിൽ സഭ മക്കളായ നമ്മളോരോരുത്തരും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് അനുതപിച്ചു ദൈവസന്നിധിയിലേക്കു തിരിച്ചുവരണം. അതിനായി പ്രാർത്ഥിക്കാം.
സന്തോഷ് കരുമത്ര, ശാലോം