ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപെടുകയില്ല. ഈ സത്യത്തെക്കുറിച്ചു ഏശയ്യാ പ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രെദ്ധിക്കുക; “മഴയും മഞ്ഞും ആകാശത്തുനിന്നു വരുന്നു; അങ്ങോട്ട് മടങ്ങാതെ ഭൂമിയെ നനയ്ക്കുന്ന. അത് സസ്യങ്ങൾ മുളപ്പിച്ചു ഫലം നൽകി, വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളിൽ നിന്ന് പുറപ്പെടുന്ന വക്കും അങ്ങനെ തന്നെ. ഫലരഹിതമായി അത് തിരിച്ചുവരില്ല. എന്റെ ഉദ്ദേശം അത് നിറവേറ്റും. ഞാൻ ഏൽപ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും” (55:10,11).
എന്തുകൊണ്ടാണ് വചനം പരാജയപെടാത്തതു? ഉത്തരം വ്യക്തമാണ്. സർവശക്തനും സർവ്വജ്ഞാനിയുമായ ദൈവം (ഈശോ) തന്നെയാണ് വചനം. “ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തോട് കൂടെയായിരുന്നു. വചനം ദൈവമായിരുന്നു” (യോഹ. 1:1). ദൈവത്തിനു പരാജയമില്ലാത്തതുപോലെ വചനത്തിനും പരാജയമില്ല.
ഓരോ വചനവും നിറവേറുമെന്നുള്ള ദൈവത്തിന്റെ വാഗ്ദാനമുണ്ടല്ലോ. “എന്റെ വചനം നിവർത്തിക്കാൻ (നിറവേറ്റാൻ) ഞാൻ ജാഗ്രതയോടെ കാത്തിരിക്കുന്നു” (ജെറെ. 1:12). സങ്കീ. 147:15 ഉം ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്. “അവിടുന്ന് ഭൂമിയിലേക്ക് കല്പന അയയ്ക്കുന്നു. അവിടുത്തെ വചനംപാഞ്ഞുവരുന്നു”. പൗലോസ് വളരെ സ്പഷ്ടമായി പറയുന്നു, “ദൈവത്തിന്റെ വചനം ഒരിക്കിലും പരാജയപെടുകയില്ല” (റോമാ 9:6).
ഏശയ്യാ 40:8 ഇങ്ങനെ പറയുന്നു, പുല്ലു കരിയുന്നു; പുഷ്പം വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമാകട്ടെ എന്നേക്കും നിലനിൽക്കും.” വചനം നിത്യം നിലനിൽക്കുന്നതും നിലനിൽക്കേണ്ടതും എന്റെയും നിങ്ങളുടെയും ഹൃദയങ്ങളിലാണ്. നമ്മുടെ കർത്താവിന്റെ അവിസ്മരണീയമായ വാക്കുകളും ഓർക്കാം. “ആകാശവും ഭൂമിയും കടന്നു പോകും, എന്നാൽ എന്റെ വചനങ്ങൾ കടന്നുപോവുകയില്ല” (മത്താ. 24:35).
മാറ്റമില്ലാത്ത, നിത്യജീവനേകുന്ന, വിശുദ്ധീകരിക്കുന്ന, സുഖപ്പെടുത്തുന്ന, സമൂലപരിവർത്തനം വരുത്തുന്ന, പ്രത്യാശ പ്രധാനം ചെയുന്ന, വിശ്വാസത്തിൽ സ്ഥിരതയുള്ളവരാക്കി വളർത്തുന്ന ദൈവത്തിന്റെ തിരുവചനം ആഴത്തിൽ ധ്യാനിച്ച്, പഠിച്ചു ശക്തരും ധീരരുമായിരിക്കുക. വചനത്തെ ഉപാസിക്കുക. വചനത്തെ ജീവനുതുല്യം സ്നേഹിക്കുക. കാരണം, വചനം ഈശോയാണ്.