നിങ്ങളുടെ രക്ഷകനും ഇസ്രായേലിന്റെ പരിശുദ്ധനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ബാബിലോണിലേക്ക് ആളയക്കുകയും, എല്ലാ പ്രതിബന്ധങ്ങളും തകര്‍ക്കുകയും ചെയ്യും. കല്ദായരുടെ വിജയാട്ടഹാസം വിലാപമായിത്തീരും.
ഇസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും പരിശുദ്ധനുമായ കര്‍ത്താവാണു ഞാന്‍.
സമുദ്രത്തില്‍ വഴിവെട്ടുന്നവനും, പെരുവെള്ളത്തില് പാതയൊരുക്കുന്നവനും,
രഥം, കുതിര, സൈന്യം, പടയാളികള്‍ എന്നിവ കൊണ്ടുവരുന്നവനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എഴുന്നേല്ക്കാനാവാതെ ഇതാ അവര്‍ കിടക്കുന്നു. അവര്‍ പടുതിരിപോലെ അണഞ്ഞുപോകും.
കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ.
ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും.
വന്യമൃഗങ്ങളും കുറുനരികളും
ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും; എന്നെ സ്തുതിച്ചു പ്രകീര്‍ത്തിക്കാന്‍ ഞാന്‍ സൃഷ്ടിച്ചു തിരഞ്ഞെടുത്ത ജനത്തിന് ദാഹജലം നല്‍കാന്‍മരുഭൂമിയില്‍ ജലവും വിജനദേശത്തു നദികളും ഞാന്‍ ഒഴുക്കി.
ഏശയ്യാ 43 : 14-21
പുതിയ പുറപ്പാടിനെ കുറിച്ച് പറയുന്നു. യഥാർത്ഥത്തിൽ രക്ഷയുടെ അരുള പാടാണിത്. അതായത് പഴയകാല സംഭവങ്ങൾ പുതിയ രീതിയിൽ അവതരിക്കപ്പെടാൻ പോകുന്നു. ശത്രുക്കൾ സമൂലം ഉന്മൂലനം ചെയ്യപ്പെടും(വാ.15). മൂന്ന് വിശേഷണങ്ങൾ ആണ് ദൈവത്തിന് നൽകപ്പെട്ടിരിക്കുന്നത്. ഇസ്രായേലിന്റെ സൃഷ്ടാവ്,അവരുടെ രാജാവ്, പരിശുദ്ധനായ കർത്താവ്(വാ.16). അതായത് ദൈവത്തിന്റെ സൃഷ്ടികർമ്മവും രക്ഷാകർമ്മവും അവിടുത്തെ രാജത്വും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
പഴയ കാര്യങ്ങൾ, പുതിയവയോട് ബന്ധപ്പെടുത്തുമ്പോൾ,തികച്ചും നിഷ്പ്രഭമാണ്. അതുകൊണ്ട് അവ ഇനി ഓർത്തിരിക്കേണ്ട. അവ്വിധം അതിശക്തമായ കാര്യങ്ങളാണ് ദൈവം ചെയ്യാൻ ഒരുങ്ങുന്നത്. പൂർണ്ണമായും പുതിയൊരു കാര്യമാണ്, അവിടുന്ന് ചെയ്യാൻ പോകുന്നത്(വാ.19). ഈ പുതിയ കാര്യം യാഥാർത്ഥ്യമായി തീരുന്നത് ഈശോമിശിഹായിലാണ്.ക്രിസ്തുവില്‍ ആയിരിക്കുന്നവന് പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.
2 കോറിന്തോസ് 5 : 17
സിംഹാസനത്തിലിരിക്കുന്നവന് പറഞ്ഞു: ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു. അവന് വീണ്ടും പറഞ്ഞു: എഴുതുക. ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്.
വെളിപാട് 21 : 5
പുതിയ നിയമത്തിൽ മന്നയല്ല, സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന (ജീവനുള്ള) അപ്പമാണ്…..ഇത് ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും “(യോഹ. 6 :58 ).