ഇരുപത്തെട്ടാമദ്ധ്യായം
പിതാവായ ദൈവത്തിന്റെ അഭീഷ്ടമനുസരിച്ച് ക്രിസ്തുനാഥൻ ദൈവരാജ്യത്തെ ചരിത്രത്തിലേയ്ക്കു സന്നിവേശിപ്പിച്ചു. അതു സഭയുടെ ആരംഭം കുറിക്കലായിരുന്നു. ആ നിമിഷം മുതൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം സഭയിൽ പ്രകടമായിത്തുടങ്ങി. സഭയുടെ ജന്മത്തിൽത്തന്നെ പരിശുദ്ധാത്മാവിന്റെ ഇടപെടൽ വ്യക്തമായിക്കാണാം. തങ്ങൾ സുവിശേഷം പ്രസംഗിച്ചേ പറ്റു എന്ന നിലയിലേക്ക് ശിഷ്യന്മാരെ കൊണ്ടെത്തിക്കാൻ പര്യാപ്തമായിരുന്നല്ലോ പന്തകുസ്താദിനത്തിൽ പരിശുദ്ധാരൂപിയുടെ പ്രവർത്തനം. ആശ്വാസപ്രദനിൽനിന്നു ശക്തിയാർജ്ജിച്ചുകൊണ്ടു തങ്ങളുടെ കഴിവിനതീതങ്ങളായവ പലതും ശിഷ്യർ പ്രവർത്തിച്ചു. ‘…പരിശദ്ധാത്മാവു നൽകിയ ദാനം ഹേതുവായി അവർ വിവിധ ഭാഷകൾ സംസാരിച്ചുതുടങ്ങി’ (നട.2.4). ശിഷ്യരുടെ ഓരോ വാക്കിലും പരിശുദ്ധാത്മാവിന്റെ അത്ഭുതാവഹമായ ശക്തി തങ്ങി നിന്നിരുന്നു, വി.പത്രോസിന്റെയും വി.സ്റ്റീഫന്റേയുമൊക്കെ പ്രസംഗങ്ങൾ ഈ വസ്തുതയാണു വെളിവാക്കുക. ആദിമസഭയുടെ ചരിത്രമായ ശ്ലീഹന്മാരുടെ നടപടിപുസ്തകത്തെ പരിശുദ്ധാത്മാവിന്റെ സുവിശേഷമെന്നു വിളിക്കാനാവും. അതിലുടനീളം അവിടുത്തെ പ്രവർത്തനം ദൃശ്യമാണ്. സെന്റ് പോളിന്റെ ലേഖനങ്ങളും സഭയിൽ സത്യാത്മാവിന്റെ പ്രവർത്തനത്തെ വ്യക്തമായി ആവിഷ്കരിക്കുന്നു. അവിടുത്തെ പ്രവർത്തനം സഭയിൽ ശ്ലൈഹികകാലംകൊണ്ടവസാനിക്കുന്നില്ല.
ലോകാവസനംവരെ സഭയെ നയിക്കുവാനും വിശുദ്ധീകരിക്കുവാനും ദൈവജനത്തെ ക്രിസ്തുവിൽ ഐക്യപ്പെടുത്തുവാനാണ് ദൈവാത്മാവ് അയയ്ക്കപ്പെട്ടിരിക്കുന്നത്. അവിടുന്നു സഭയിൽ പൊതുവായും വ്യക്തികളുടെ ഹൃദയങ്ങളിൽ പ്രത്യേകിച്ചും വസിച്ചുകൊണ്ട് തന്റെ ദൗത്യം നിർവ്വഹിക്കുന്നു. ദൈവാത്മാവിലൂടെയാണു ക്രിസ്തു തന്റെ സാന്നിദ്ധ്യത്താൽ സഭയെ സമ്പന്നയാക്കുക. ദൈവജനത്തെ നവീകരിക്കുന്ന ചലനാത്മക ശക്തിയും അവിടുന്നുതന്നെ. ചുരുക്കത്തിൽ, പരിശുദ്ധാത്മാവിനെ മാറ്റിനിറുത്തിക്കൊണ്ടു സഭയെപ്പറ്റി ചിന്തിക്കാനാവില്ല.
എന്നാൽ നിർഭാഗ്യമെന്നുതന്നെ പറയട്ടെ, ആദ്യത്തെ നാലഞ്ചു നൂറ്റാണ്ടുകൾക്കുശേഷം, സഭയിൽ പരിശുദ്ധാത്മാവിനുള്ള സ്ഥാനത്തെപ്പറ്റി ദൈവജനം മറന്നുതുടങ്ങി. സഭയെ നയിക്കേണ്ടവരിൽ വന്നുഭവിച്ച സാന്മാർഗ്ഗികാധഃപതനവും രാഷ്ട്രത്തോടുള്ള അമിതമായ വേഴ്ചയും മറ്റനേകം പ്രശ്നങ്ങളുംമൂലം അരൂപിയുടെ സ്വരത്തെ ശ്രവിക്കാൻ പലർക്കും കഴിയാതെപോയി. അങ്ങനെ സഭയുടെ ആത്മാവ് ഏതാണ്ടവഗണിക്കപ്പെട്ട നിലയിലായി. മാനുഷികമായി ചിന്തിക്കുമ്പോൾ സഭയുടെ അന്ത്യം കുറിക്കാൻ പോരുന്ന പല സംഭവങ്ങളും കഴിഞ്ഞകാലത്തുണ്ടായി. എങ്കിലും സഭ അവയെല്ലാം അതിജീവിച്ചു. അതിന്റെ പിന്നിൽ ദൈവകരം-ദൈവാത്മാവിന്റെ പ്രവർത്തനം-കാണൻ കഴിയും. ഭാഗ്യവശാൽ, ഇന്ന് പരിശുദ്ധാത്മാവിന്റെതന്നെ കൃപകൊണ്ട് അവിടുത്തെപ്പറ്റിയുള്ള ചിന്ത ദൈവജനത്തിൽ വർദ്ധമാനമായി വരുന്നുണ്ട്. ഈ ചിന്തയ്ക്ക് ആക്കവും തൂക്കവും നല്കാനുപകരിക്കും, സഭയുടെ ത്രിവിധ (ഭരിക്കുക, പഠിപ്പിക്കുക, വിശുദ്ധീകരിക്കുക) ദൗത്യങ്ങളിൽ ദൈവാത്മാവിന്റെ പങ്കെന്തെന്നുള്ള അന്വേഷണം.
സഭയുടെ ഭരണത്തിൽ പരിശുദ്ധാത്മാവിനുള്ള പങ്കിനെപ്പറ്റിപറയുന്നതിനുമുമ്പ് ഭരണം എന്നതുകൊണ്ട് എന്താണു വിവക്ഷിക്കുക എന്നറിയണം. കാരണം, രാജ്യതന്ത്രജ്ഞരുടേയും രാഷ്ട്രമീംമാംസകരുടെയും രീതിയിലുള്ള ഭരണമല്ല സഭയുടേത്. അതു സ്നേഹത്തിന്റെ ഭരണമാണ്: ദൈവാധികാരത്തിന്റെ ബഹി:സ്ഫുരണം. അടിസ്ഥാനപരമായി സേവനമാണ് സഭയിൽ ഭരണംകൊണ്ടുദ്ദേശിക്കുക. അതുകൊണ്ടു സേച്ഛാധിപത്യമോ സമഗ്രാധിപത്യമോ ആയി സഭാഭരണത്തെ കണക്കാക്കേണ്ടതില്ല.
സഭയുടെ ദൗത്യനിർവ്വഹണത്തിനു പരിശുദ്ധാത്മാവു നല്കുന്ന വിശേഷവരമാണ് കരിസ്മാ. അവളുടെ സർവ്വതോന്മുഖമായ പുരോഗതിക്കുവേണ്ട ജീവനും പ്രചോദനവും നല്കുന്നതു പരിശുദ്ധാത്മാവിന്റെ ദാനങ്ങളാണ്. ഹയരാർക്കിക്കു മാത്രമല്ല, ദൈവജനത്തിലെ ഓരോവ്യക്തിക്കും നല്കപ്പെടുന്നുണ്ടീവരങ്ങൾ. സ്വകൃത്യനിർവ്വഹണത്തിനും ജീവിതരീതിക്ക് അനുയോജ്യമായ വരങ്ങളാവും ഓരോ വ്യക്തിയും സ്വീകരിക്കുക. കൊറിന്ത്യർക്കുള്ള ആദ്യലേഖനത്തിൽ അപ്പസ്തോലൻ ആത്മാവിന്റെ വരങ്ങളെപ്പറ്റിയാണു മുഖ്യമായും പ്രസ്താവിക്കുന്നത്. പൊതുനന്മയ്ക്കുവേണ്ടിയാണ് ഓരോരുത്തർക്കും ആത്മാവിന്റെ പ്രകാശനം നല്കപ്പെടുക (കൊറി.12:7). ഒരുവന് അറിവിന്റെ വരം നല്കപ്പെടുമ്പോൾ അപരന് പ്രഭാഷണവരമായിരിക്കും ലഭിക്കുക. ചിലർക്ക് രോഗശാന്തി നല്കാനുള്ള ശക്തി ലഭിക്കുന്നു. മറ്റു ചിലർക്കാകട്ടെ അത്ഭുതപ്രവർത്തനത്തിനുള്ള അനുഗ്രഹമായിരിക്കും കിട്ടുക. ഇനിയുമൊരുകൂട്ടർക്ക് അരൂപികളെ വിവേചിച്ചറിയാനുള്ള കഴിവും, മറ്റൊരു വിഭാഗത്തിനു വിവിധഭാഷകൾ സംസാരിക്കാനുള്ള വരവും നല്കപ്പെടുന്നു. വ്യാഖ്യാനവരവും പലർക്കും ലഭിക്കും. ഇവയെല്ലാം പരിശുദ്ധാത്മാവിന്റെ ദാനങ്ങളാണ് (1 കൊറി. 12:8 ളള). ദൈവജനത്തെ നയിക്കാൻ ചുമതലപ്പെട്ട അധികാരികളെ സവിശേഷമായ രീതിയിൽ വരങ്ങൾ നല്കി പരിശുദ്ധാത്മാവു നയിക്കുന്നു.
പരോക്ഷമായെങ്കിലും സനത്തേയും ഒരു വരമായിട്ടാണ് പൗലോശ്ലീഹാ വ്യവഹരിക്കുക(1 കൊറി. 3:712, കൊളോ.1.24). ഇവ കൂടാതെ വേറെയും ഒട്ടനവധി വരങ്ങൾ ദൈവജനത്തിനു ലഭിക്കുന്നു. കൂദാശകളും ശുശ്രൂഷകളുംവഴി ജനത്തെ വിശുദ്ധീകരിക്കുന്നതിനും സഭയുടെ നവീകരണത്തിനും അഭിവൃദ്ധിക്കും ഉതകുന്ന ജോലികൾ ഏറ്റെടുക്കുന്നതിനും ദൈവം തന്റെ ജനത്തെ പ്രാപ്തരാക്കുന്നു ആത്മാവിന്റെ വരങ്ങളാൽ. കൃതജ്ഞതയോടും ആത്മവിശ്വാസത്തോടുംകൂടി അവയെ നാം സ്വീകരിക്കണം. സ്ഥാനമാനങ്ങളും പ്രൗഢിയും ലഭിക്കാനായി ഒരുവനും തന്റെ വരങ്ങൾ ഉപയോഗിച്ചുകൂടാ. കുരിശിന്റെ മാർഗ്ഗമവലംബിച്ചും അന്യർക്കു സേവനം ചെയ്തും ക്രിസ്തുവിനെ സ്നേഹിക്കാനും ഒരേ ആത്മാവിൽ ജീവിക്കാനുംവേണ്ടിയാവണം അവയെ നമ്മൾ ഉപയോഗപ്പെടുത്തുക. ഔചിത്യബോധമില്ലാതെ നമ്മൾ അസാധാരണവരങ്ങൾ അന്വേഷിച്ചുകൂടാ. വരങ്ങളുടെ യാഥാർത്ഥ്യത്തെ സംബന്ധിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചുമൊക്കെ തീരുമാനമെടുക്കുക സഭാധികാരികളുടെ ധർമ്മമാണ്. അവർ പരിശുദ്ധാത്മാവിന്റെ പ്രേരണകളെ നിഷ്കാസനം ചെയ്യാതെ, എല്ലാകാര്യങ്ങളും പരിശോധിച്ചറിഞ്ഞ് നല്ലവയെ പരിരക്ഷിച്ചുകൊള്ളും (1തെസ. 5:12:19:21).
ഇതുവരെ പറഞ്ഞുവച്ചതെല്ലാം, സഭ വരങ്ങളാൽ സമ്പന്നയാണെന്ന വസ്തുതയിലേക്കാണു നമ്മെക്കൊണ്ടെത്തിക്കുക. സഭയുടെ ആന്തരിക ഘടനതന്നെ വരങ്ങളിൽ അധിഷ്ഠിതമാണ്. പക്ഷേ, കഴിഞ്ഞ കാലങ്ങളിൽ ഈ യാഥാർത്ഥ്യത്തെക്കുറിച്ചു നാം വേണ്ടത്ര ബോധവാന്മാരായിരുന്നില്ല. ഹയരാർക്കിയുടെ സമഗ്രാധിപത്യവും സഭയിലുടനീളം കൊടികുത്തിവാണിരുന്ന ലീഗലിസവും ഇതിനു വഴിതെളിച്ചു. വൈദികമേലധ്യക്ഷന്മാരുടെ ഇടയലേഖനങ്ങളും ശ്ലീഹന്മാരുടെ നടപടിയും ആധാരമാക്കിയുള്ള സഭാശാസ്ത്രമാണു(ഋരരഹലശെീഹീഴ്യ) നിലവിലിരുന്നത്. കാര്യമായ പ്രവർത്തനങ്ങളെല്ലാം തങ്ങളുടെ കുത്തകാവകാശമാണെന്നു ഹയരാർക്കി അവകാശപ്പെട്ടപ്പോൾ, നിഷ്കൃഷ്ടമായ നിയമാനുസാരിത്വം പരിശുദ്ധാത്മാവിന്റെ നിയന്ത്രണങ്ങൾക്കു ചെവികൊടുക്കാൻ ദൈവജനത്തെ അപ്രാപ്തരാക്കി. എന്നാൽ, ഇന്ന് ഈ നിലയ്ക്കൊരു മാറ്റം വന്നിട്ടുണ്ട്. ദൈവാത്മാവിന്റെയും അവിടുന്നു സഭയ്ക്കു നല്കുന്ന വരങ്ങളുടെയും യഥാർത്ഥ സ്ഥാനം സ്ഥിരീകരിക്കാൻ രണ്ടാം വത്തിക്കാൻ കൗൺസിൽ ശ്രമിച്ചു. തത്ഫലമായി പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിൽ അധിഷ്ഠിതമായ സഭാശാസ്ത്രമാണ് ‘ജനതകളുടെ പ്രകാശ’മെന്ന പ്രമാണരേഖയിലൂടെ നാം ദർശിക്കുന്നത്.
ദൈവത്തിന്റെ സ്നേഹനിർഭരമായ അധികാരത്തിന്റെ അംശഭാഗിത്വവും പ്രകാശനവുമാണു സഭാധികാരം. അതു ക്രിസ്തുവിന്റെ തന്നെ അധികാരമാണ് (യോഹ 20:21). ഇതു വ്യക്തികളിൽ യാഥാർത്ഥ്യവൽക്കരിക്കപ്പെടുക പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യവും പ്രവർത്തനവും വഴിയാണ്. ഈ വസ്തുത ശരിക്കു മനസ്സിലാവാതെ പോയതാണ്, സഭാധികാരവും ദൈവമക്കളുടെ സ്വാതന്ത്ര്യവും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നു ചിലരെങ്കിലും തെറ്റിധരിക്കാനിടയായത്. പരിശുദ്ധാത്മാവു നല്കുന്ന സ്വാതന്ത്ര്യം ന്യായമായ അധികാരത്തിനു വിധേയരായിരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുകയാണു ചെയ്യുക. അധികാരികളേയും വിധേയരേയും നയിക്കുന്നതു ഒരേ ശക്തിയാണ്-പരിശുദ്ധാത്മാവ്. അതുകൊണ്ട് ദൈവാത്മാവിന്റെ സ്വരത്തെ അനുസരിക്കുന്ന അധികാരികളും വിധേയരും ഒരേ അധികാരത്തിൽ പങ്കുകാരാകുന്നു. ചുരുക്കത്തിൽ സഭാധികാരം ദൈവജനത്തിലെ ഓരോ വ്യക്തിയിലും ഒരു പരിധിവരെ നിക്ഷിപ്തമായിട്ടുണ്ട്. എങ്കിലും സഭയെ നയിക്കാൻ പ്രത്യേകവിധം ചുമതലപ്പെട്ട അധികാരികൾക്ക് ദൈവജനത്തിന്റെ അനുസരണം അവകാശപ്പെടാൻ ന്യായങ്ങളുണ്ട്. കാരണം, സഭയെ നയിക്കാനും പരിശുദ്ധാത്മാവിന്റെ വരങ്ങളെ വിവേചിച്ചറിഞ്ഞു സംരക്ഷിക്കുവാനും സഭാധികാരികളെ സത്യാത്മാവു സുവിശേഷം സഹായിക്കുന്നുവെന്നതുതന്നെ. അതുകൊണ്ടു ദൈവജനം വിശ്വസ്ഥതയോടെ തങ്ങളുടെ അധികാരികളെ അനുസരിക്കേണ്ടതാണ്. അതുപൊലെതന്നെ അധുകാരികളും ദൈവാത്മാവിന്റെ പ്രചോദനങ്ങളെ അനുഗമിക്കുന്നതിൽ ഉത്സുകരായിരിക്കണം. ആത്മാവിന്റെ പ്രേരണകളെ അവഗണിക്കുമ്പോഴാണു പലപ്പോഴും അധികാരികൾക്ക് അധീനരുടെ എതിർപ്പിനെ നേരിടേണ്ടിവരിക. അമിതമായ തീക്ഷ്ണതമൂലം വിവേകത്തിന്റെ ആത്മാവിനെ കെടുത്തിക്കളയാതിരിക്കാൻ എല്ലാവരും സൂക്ഷിക്കുക. നിയമങ്ങളിലും ബാഹ്യാനുഷ്ഠാനങ്ങളിലും ആചാരവിധികളിലുമൊക്കെ അതീവശ്രദ്ധ ചെലുത്തുന്നതിനിടയിൽ ആത്മാവിന്റെ സൂക്ഷ്മവും നിശ്ശബ്ദവുമായ സ്വരം അവഗണിക്കപ്പെടാനിടയുണ്ട്. ഈ അപകടം ഒഴിവാക്കാൻ അധികാരികളും അധീനരും ഒന്നുപോലെ ശ്രമിച്ചെങ്കിലേ സാധിക്കൂ.
മനുഷ്യൻ സ്വഭാവികമായിത്തന്നെ ദൈവോന്മുഖനും സത്യാന്വേഷിയുമാണ്. എങ്കിലും സനാതനസത്യത്തെ സമാശ്ലേഷിക്കാൻ ഒട്ടേറെ പ്രതിബന്ധങ്ങൾ അവൻ തരണം ചെയ്യണം. വിജ്ഞാനമണ്ഡലത്തിൽ കാലൂന്നി ദൈവത്തെപ്പറ്റി അപാരം! എന്നു പറയാനേ പരിമിതബുദ്ധിയായ മനുഷ്യനേക്കൊണ്ടാവൂ. എന്നാൽ വചനം മാംസം ധരിച്ചതോടെ ദൈവികരഹസ്യങ്ങളിലേയ്ക്കു മനുഷ്യനു പ്രവേശനം ലഭിച്ചു. സ്നേഹംതന്നെയായ ദൈവത്തിന്റെ ആഹ്വാനമെന്തെന്നും മനുഷ്യൻ അതിനു നല്കേണ്ട പ്രത്യുത്തരം ഏതുവിധത്തിലുള്ളതായിരിക്കണമെന്നും അവതീർണ്ണനായ ദൈവം ലോകത്തിനു വെളിപ്പെടുത്തി. ഈ വെളിപാടിനെ എക്കാലവും ഉദ്ഘോഷിക്കുക. ഇതിന്റെ ഉള്ളറകളിലേയ്ക്കു ചൂഴ്ന്നിറങ്ങി ഇതിനെ വ്യാഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്യുക. സ്ഥലകാലസാഹചര്യങ്ങൾക്കും സാംസ്ക്കാരിക പുരോഗതിക്കും, വ്യക്തിസവിശേഷതകൾക്കും അനുയോജ്യമായ രീതിയിൽ ആവിഷ്കൃതസത്യങ്ങളെ നൂതനാഭിമുഖ്യങ്ങളോടുകൂടി വിശദീകരിക്കുക-സഭയുടെ പ്രബോധനപരമായ കടമകളാണീപ്പറഞ്ഞവയെല്ലാം. എന്നാൽ, ഗുരുതരങ്ങളായ ഈ കർത്തവ്യങ്ങളെ വിശ്വാസ്യതയോടെ നിഷ്കൃഷ്ടമായി നിറവേറ്റാൻ മനുഷ്യകരങ്ങൾ പ്രബലങ്ങളല്ല. എങ്കിൽ പിന്നെയെങ്ങിനെയാണു സഭ തന്റെ ദൗത്യം നിർവ്വഹിക്കുക? പരിശുദ്ധാത്മാവിന്റെ സഹായത്താൽ, എന്നാണുത്തരം. അവിടുന്നാണു സഭയ്ക്കു പ്രബോധനവരം നല്കുന്നത്. ക്രിസ്തുനാഥന്റെ വാക്കുകൾതന്നെ ഈ വസ്തുതയ്ക്കു തെളിവാണ്. എനിക്കു നിങ്ങളോട് ഇനിയും വളരെക്കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ, അവ ഗ്രഹിക്കുന്നതിന് ഇപ്പോൾ നിങ്ങൾക്കു കഴിവില്ല. സത്യാത്മാവു വരുമ്പോൾ അവൻ സകല സത്യങ്ങളിലേയ്ക്കും നിങ്ങളെ നയിക്കും. ക്രിസ്തു നാഥന്റെ വാഗ്ദാനമനുസരിച്ചു പന്തകുസ്താദിനത്തിൽ പരുശുദ്ധാത്മാവ് ശിഷ്യരുടെമേൽ ആവസിച്ചു. അന്നു മുതൽ അവിടുന്നു സഭയെ അവളുടെ പ്രബോധനദൗത്യം നിർവ്വഹിക്കുന്നതിൽ വരങ്ങൾ നല്കി മേൽക്കുമേൽ എങ്ങനെ സഹായിച്ചിരുന്നുവെന്നും നേരത്തെ നാം കണ്ടുവല്ലോ. ദൈവവചനവും ആധികാരികപഠനങ്ങളുമാണ് സഭയുടെ പ്രധാനപ്പെട്ട പ്രബോധന സമ്പ്രദായങ്ങൾ. ഇവ രണ്ടിലും സത്യാത്മാവിന്റെ പ്രവർത്തനങ്ങൾ സ്പഷ്ടമാണ്.
ദൈവവചനം എഴുതപ്പെട്ടതുതന്നെ പരിശുദ്ധാത്മാവിന്റെ നിവേശത്താലാണ്. അവിടുന്നാണു യഥാർത്ഥ ഗ്രന്ഥകർത്താവ്. വെളിപാടിന്റെ സംഹിതയെ -വി. ഗ്രന്ഥത്തെ-എക്കാലത്തെയും ആളുകൾക്കുപകരിക്കുമാറ് സംരക്ഷിച്ചുപോരുന്നതിൽ സഭയുടെ വിശ്വസ്ത സഹായിയും സത്യാത്മാവു തന്നെ. പരിശുദ്ധാത്മാവിന്റെ പ്രചോദനമാണ് സുവിശേഷഘോഷണത്തിനു ദൈവജനത്തെ തയ്യാറാക്കുക. ദൈവവചനം പ്രസംഗിക്കുന്നവരോടൊത്ത് അവിടുന്നു പ്രവർത്തിക്കുന്നു. പ്രസംഗംവഴിയോ വായനവഴിയോ ദൈവവചനവുമായി ബന്ധപ്പെടുന്നവരിൽ അതു ഫലം പുറപ്പെടുവിക്കണമെങ്കിൽ ദൈവാത്മാവിന്റെ പ്രവർത്തനം ആവശ്യമത്രേ.
സഭയുടെ ആധികാരിക പ്രബോധനങ്ങൾ സാർവ്വത്രിക സൂനഹദോസുകളിലൂടെയും അപ്രമാദിത്വത്തോടുകൂടിയ പഠനങ്ങളിലൂടെയുമാണ് ആവിഷ്ക്കരിക്കപ്പെടുക. സഭയിൽ ആത്മാവിന്റെ പ്രവർത്തനത്തെ വ്യക്തമാക്കാൻ പോരുന്നവയാണ് സാർവ്വത്രിക സൂനഹദോസുകൾ. സഭാകാര്യങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് വിശ്വാസവും സന്മാർഗ്ഗവും സംബന്ധിച്ച കാര്യങ്ങളെപ്പറ്റി സുനിശ്ചിതമായ തീരുമാനമെടുക്കേണ്ടിവന്നപ്പോഴാണ് മിക്ക സാർവ്വത്രിക സൂനഹദോസുകളും നടത്തപ്പെട്ടത്.
സൂനഹദോസുകൾക്കു പുറമേയും സഭയ്ക്ക് അപ്രമാദിത്വപരമായ പ്രബോധനങ്ങൾ നല്കാനാവും. ഏതെങ്കിലുംമൊരു സത്യം (വിശ്വാസത്തെയോ സന്മാർഗ്ഗത്തെയോ സംബന്ധിച്ചതായിരിക്കണം) തെറ്റാവരമുപയോഗിച്ച് അധ്യവസാനം ചെയ്യുക അവശ്യവശ്യകമായി വരുന്നപക്ഷം അങ്ങനെ ചെയ്യാൻ പോപ്പിന് അധികാരമുണ്ട്. ഇവിടെയും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രബോധനം തെറ്റിനതീതമാകുന്നത്. അപ്രമാദിത്വപരമല്ലാത്ത പ്രബോധനങ്ങളും സഭ നല്കാറുണ്ട്. പ്രബോധനങ്ങളിൽ ഏറിയ പങ്കും ഈ വിഭാഗത്തിലാണുൾപ്പെടുക. മെത്രാന്മാർ വൈദികർ മാതാപിതാക്കൾ അധ്യാപകർ ഇവരിലെല്ലാം പ്രബോധനവരം ഒരു പരിധിവരെ നിക്ഷിപ്തമായിട്ടുണ്ട്. ആന്തരികമായ പ്രകാശം നല്കി അവരെ നയിക്കുന്നത് സത്യത്തിന്റെ ആത്മാവത്രേ. അവിടുത്തേവരാബ്ധി സഭയിലേയ്ക്ക് പ്രവഹിക്കുന്നു. അവയെ സ്വീകരിച്ചനുസരിക്കുക-അതു നമ്മുടെ കടമയാണ്.