‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ‘ ആണ് ക്രിസ്ത്യാനികൾ മാമ്മോദീസ സ്വീകരിക്കുന്നത്. മാമ്മോദീസയ്ക്കുമുമ്പ്, ‘പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നുവോ?’ എന്ന മൂന്നു ഭാഗങ്ങളുള്ള ഒരു ചോദ്യത്തിന്, ‘ഞാൻ വിശ്വസിക്കുന്നു’ എന്നുപറഞ്ഞു അവർ ഉത്തരം നൽകുന്നു. ‘സർവ്വകൃസ്ത്യാനികളുടെയും വിശ്വാസം പരിശുദ്ധ ത്രിത്വത്തിൽ അധിഷ്ടിതമാണ്’.
ക്രിസ്ത്യാനികൾ മാമ്മോദീസ സ്വീകരിക്കുന്നത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആണ്; അവരുടെ നാമങ്ങളിൽ അല്ല; കാരണം, സർവശക്തനായ പിതാവും അവിടുത്തെ ഏകജാതനും പരിശുദ്ധാത്മാവുമായ ദൈവം ഒരുവൻ മാത്രമേയുള്ളു: പരിശുദ്ധ ത്രിത്വം.
സഭാപിതാക്കന്മാർ ദൈവശാസ്ത്രവും (Theologia), രക്ഷാപദ്ധതിയും (Oikonomia) തമ്മിൽ വേർതിരിക്കാറുണ്ട്. ത്രിത്വയ്ക ദൈവത്തിന്റെ ആന്തരിക ജീവിതത്തിന്റെ രഹസ്യത്തെ സംബന്ധിക്കുന്നതാണ് ആദ്യപദം; ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുകയും തന്റെ ജീവൻ പകർന്നുകൊടുക്കുകയും ചെയ്യുന്ന എല്ലാ ദൈവികപ്രവൃത്തികളെയും സൂചിപ്പിക്കുന്നതാണ് രണ്ടാമത്തെ പദം. രക്ഷാപദ്ധതി വഴി ദൈവശാസ്ത്രം നമ്മുക്ക് വെളിപ്പെടുത്തപ്പെടുന്നു. മറിച്ചു, ദൈവശാസ്ത്രം രക്ഷാപദ്ധതി മുഴുവനെയും വിശദമാക്കുന്നുണ്ട്. ദൈവം തന്നിൽത്തന്നെ ആരാണെന്നു അവിടുത്തെ പ്രവൃത്തികൾ വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ ആന്തരികസത്തയുടെ രഹസ്യം അവിടുത്തെ എല്ലാ പ്രവർത്തികളെയും മനസ്സിലാക്കുന്നതിനു നമ്മുടെ ബുദ്ധിയെ പ്രകാശിപ്പിക്കുന്നു. മനുഷ്യവ്യക്തികളെ സംബന്ധിച്ചും ഇതുപോലെ തന്നെ. ഒരുവൻ സ്വയം വെളിപ്പെടുത്തുന്നത് അയാളുടെ പ്രവൃത്തികളിൽകൂടിയാണ്; അതുപോലെ, എത്ര കൂടുതൽ ഒരാളെ നാം അറിയുന്നുവോ അത്രയും നന്നായി അയാളുടെ പ്രവൃത്തികളെ നാം മനസ്സിലാക്കുന്നു.
ത്രിത്വം നിഷ്കൃഷ്ടാർത്ഥത്തിൽ ഒരു വിശ്വാസ രഹസ്യമാണ്; അതായത് ‘ദൈവം വെളിപ്പെടുത്തുന്നില്ലെങ്കിൽ, മനുഷ്യർക്ക് അറിയാൻ കഴിയാത്ത, ദൈവത്തിൽ നിഗൂഢമായിരിക്കുന്ന രഹസ്യങ്ങളിൽ ഒന്നാണത്’. സ്വന്തം സൃഷ്ടികർമ്മത്തിൽക്കൂടിയും പഴയനിയമകാലത്തെ വെളിപാടുകളിൽക്കൂടിയും ദൈവം തന്റെ തൃത്വാത്മക അസ്തിത്വത്തിന്റെ ചില അടയാളങ്ങൾ മനുഷ്യർക്ക് നൽകിയിട്ടുണ്ടെന്ന് തീർച്ച. എന്നാൽ പരിശുദ്ധ ത്രിത്വമെന്ന നിലയിലുള്ള അവിടുത്തെ ആന്തരികാസ്തിത്വം ദൈവപുത്രന്റെ മനുഷ്യാവതാരത്തിനും പരിശുദ്ധാത്മാവിന്റെ ആഗമനത്തിനു മുൻപ് മനുഷ്യ ബുദ്ധികൊണ്ട് മാത്രമോ ഇസ്രയേലിന്റെ വിശ്വാസത്തിനുപോലുമോ ഗ്രഹിക്കാനാവാത്ത ഒരു രഹസ്യമായിരുന്നു.
സി സി സി