അനുദിനം പരിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്ന ഒരാളായിരുന്നു ഞാൻ. അതിൽ ഞാൻ സന്തോഷിച്ചിരുന്നു.
ഒരിക്കൽ പരിശുദ്ധ കുർബാനയെക്കുറിച്ച് ധ്യാനിച്ചിരുന്ന സമയം. അപ്പോൾ പരിശുദ്ധാത്മാവ് ദൈവിക ചിന്ത അറിയുവാൻ എനിക്ക് ഇടയാക്കി.
ഞാൻ ചിന്തിച്ചു: ദൈവമേ, ശരീരത്തിനു സുഗന്ധമുണ്ടാകുവാനും, അതു ദിവസങ്ങൾ നിലനില്ക്കുവാനുംവേണ്ടി സുഗന്ധം പൂശാറുണ്ട്. പക്ഷേ, സർവ്വസുഗന്ധത്തെയും മറികടക്കുന്ന പരിശുദ്ധകുർബാനയുടെ സൗരഭ്യം തുടർന്നുള്ള ജീവിതത്തിൽ നിലനിർത്താനാകുന്നില്ലല്ലോ. എത്ര വർഷങ്ങളായി ഇതേ അനുഭവം യേശുവേ…..
അപ്പോൾ, ദൈവസ്വരം എന്റെ ചിന്തയിൽ കടന്നുവന്നു. മകനേ, പരിശുദ്ധകുർബാനയുടെ സുഗന്ധം നിനക്ക് നിലനിർത്താൻ പറ്റാതെ പോകുന്നത്, പരിശുദ്ധകുർബ്ബാന നിനക്ക് ഒരു ശീലമായതിനാലാണ്.
ഞാൻ ചോദിച്ചു: പരിശുദ്ധകുർബ്ബാന ഞങ്ങളോരോരുത്തരും ശീലമാക്കേണ്ടതല്ലേ യേശുവേ… അല്ല! ഓരോ പരിശുദ്ധ കുർബ്ബാനയും ഓരോ അനുഭവമാകണം…. ശീലമായാൽ അശ്രദ്ധയോടെയാണു നിങ്ങൾ ഇടപെടുന്നത്. പരിശുദ്ധ കുർബാന അനുഭവമായാൽ, കരുതലോടും ബഹുമാനത്തോടും ഭക്തിയോടും സ്നേഹത്തോടുംകൂടെ അതിൽ ഉൾച്ചേരും.
ശീലമായാൽ, പരിശുദ്ധമായ ആഘോഷങ്ങളെല്ലാം പരിശുദ്ധി നഷ്ടപ്പെട്ട വെറും ആഘോഷങ്ങളാകും. അറിവില്ലാത്തവർ അത് ആത്മീയ ആഘോഷങ്ങളായി തെറ്റിദ്ധരിക്കും.
ഇന്നും ഈ കാലഘട്ടങ്ങളിലും സത്യമായ എന്റെ കരുണയും സ്നേഹവും തെറ്റിദ്ധരിക്കപ്പെടുന്നു. എന്റെ തിരുശരീരരക്തങ്ങൾ സ്വന്തം മക്കളാൽതന്നെ ഒറ്റിക്കൊടുക്കപ്പെടുന്നു. സ്നേഹമില്ലാതെയും, ശ്രദ്ധയില്ലാതെയു, വിശ്വാസമില്ലാതെയും നിസ്സംഗതയോടും അശുദ്ധിയോടുംകൂടെ നിങ്ങളെന്നെ സമീപിക്കാൻ ധൈര്യപ്പെടുന്നു.
പരിശുദ്ധകുർബാനയെക്കാളും അധികമായി മറ്റു പലതിനെയും നിങ്ങൾ സ്നേഹിക്കുന്നു. പുതിയ തലമുറയ്ക്ക് വേണ്ടവിധം എന്നെ നല്കുന്നുമില്ല. പരിശുദ്ധകുർബ്ബാനയായ എന്നെ, നിത്യജീവനായ എന്നെ, പരിപൂർണ്ണക്ഷമയും കരുണയുമായ എന്നെ മാറ്റിനിർത്തി പകരം നിങ്ങൾ എന്താണു തിരഞ്ഞെടുക്കുന്നത്?
വേദനയോടെ ഇടറിയ ആ സ്വരം നിലച്ചു. പരിശുദ്ധ കുർബാനയോടു ഞാൻ കാട്ടിയ അനാദരവ് എന്നിൽ തെളിഞ്ഞു. ഞാൻ അതോർത്ത് കരഞ്ഞു. മാപ്പു ചോദിച്ചു. ദൃഢനിശ്ചയത്തോടെ ഞാൻ ഹൃദയത്തിൽ പറഞ്ഞു: കർത്താവേ, എല്ലാറ്റിലും ഉപരിയായി സത്യമായും ഞാൻ നിന്നെ സ്നേഹിക്കുന്നു. അപ്പോൾ, പിന്നിൽനിന്നും കാവൽ മാലാഖയുടെ സന്തോഷം നിറഞ്ഞ സ്വരം കേട്ടു. ആമ്മേൻ!
ജോൺ മാർട്ടിൻ