മറിയം, ദൈവം തന്നെ പ്രവചിച്ച വ്യക്തി പഴയനിയമ പുതിയനിയമ ഗ്രന്ഥങ്ങളുൾപ്പെടുന്ന വേദപുസ്തകവും പൂജ്യപാരമ്പര്യവും പരിശുദ്ധ കന്യകാമറിയത്തിന് മനുഷ്യരക്ഷാപദ്ധതിയിലുള്ള അഗ്രഗണ്യസ്ഥാനം പ്രകടമായി പ്രകാശിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. രക്ഷയുടെ ചരിത്രവും രക്ഷകന്റെ വരവിനുള്ള ക്രമാനുഗതമായ ഒരുക്കവുമാണ് പഴയനിയമത്തിലെ പ്രതിപാദ്യം. ബാക്കിയുള്ള പ്രവചനങ്ങൾ മറ്റൊരു ഘട്ടത്തിൽ പ്രതിപാദ്യമാക്കാൻ വിട്ടിട്ട്, ദൈവത്തിന്റെ പ്രഥമ പ്രവചനം, രക്ഷകന്റെ വരവിനെക്കുറിച്ചുള്ള വാഗ്ദാനം മാത്രം ഇവിടെ ഉദ്ധരിക്കാം. മറിയത്തിന്റെ പരമോന്നതസ്ഥാനവും ഈ പ്രവചനം സുതരാം വ്യക്തമാക്കുന്നുണ്ട്. ‘നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും’ (ഉൽപ.3:15).
യോഹന്നാൻ ശ്ലീഹാ തന്റെ സുവിശേഷത്തിലോ, ലേഖനത്തിലോ, വെളിപാടു ഗ്രന്ഥത്തിലോ ‘ഈശോയുടെ അമ്മ’യെ മറിയം എന്നു വിളിക്കുന്നില്ല. അവന് അവൾ സ്വന്തം അമ്മയാണ്. തന്റെ അമ്മയോടുള്ള സ്‌നേഹവും ആദരവും മൂലമാണ് നാമകരണത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നത്. തന്റെ അമ്മ എന്നു പറയുന്നതിനെക്കാൾ ഈശോയുടെ അമ്മ എന്നു പറയാനാണ് അവൻ കൂടുതൽ ഇഷ്ടപ്പെടുക.
പിതാവായ ദൈവം പരാമർശിക്കുന്ന ഈ സ്ത്രീ തന്നെയാണ് തന്റെ അമ്മയെന്നു വ്യക്തമാക്കാൻ തന്റെ ആദ്യത്തെ അത്ഭുതത്തിനു കാരണക്കാരിയായ തന്റെ അമ്മയെ ‘സ്ത്രീ’ എന്ന് കന്യാതനയൻ സംബോധന ചെയ്യുന്നു. പ്രസക്തഭാഗം ഇവിടെ ഉദ്ധരിക്കുന്നു. ‘മൂന്നാം ദിവസം ഗലീലിയിലെ കാനായിൽ ഒരു വിവാഹവിരുന്നു നടന്നു. ഈശോയുടെ അമ്മ അവിടെ ഉണ്ടായിരുന്നു. ഈശോയും ശിഷ്യന്മാരും വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ വീഞ്ഞു തീർന്നു പോയപ്പോൾ, ഈശോയുടെ അമ്മ അവിടുത്തോടു പറയുന്നു: ”അവർക്കു വീഞ്ഞില്ല”. ഈശോ: ”സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല”. (പക്ഷേ) അവന്റെ അമ്മ പരിചാരകരോട്: ”അവൻ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുവിൻ”. ഈശോ തന്റെ മഹത്ത്വം വെളിപ്പെടുത്തുന്നതിനു പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായിൽ ചെയ്ത ഈ അത്ഭുതം. അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു’ (യോഹ.2:1-11).
രക്ഷാകരകർമ്മത്തിൽ അമ്മയ്ക്കുള്ള സഹരക്ഷക ദൗത്യവും തന്റെ രക്ഷണീയ വേലയിൽ തന്റെ അമ്മയോടു തനിക്കുള്ള കടപ്പാടും ഒപ്പം പരിശുദ്ധ അമ്മയ്ക്ക് തിരുസുതസമക്ഷമുള്ള മാദ്ധ്യസ്ഥ ശക്തിയും സുതരാം സ്പഷ്ടമാക്കുന്നതാണല്ലോ കാനായിൽ വെള്ളം വീഞ്ഞാക്കുന്ന സംഭവം.
ക്രിസ്തു ഏക മദ്ധ്യസ്ഥൻ, മറിയം സഹരക്ഷക
ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ”നമുക്കൊരു മദ്ധ്യസ്ഥനേയുള്ളൂ. ദൈവം ഒരുവനേയുള്ളൂ. ദൈവത്തിനും നമുക്കുമിടയിലുള്ള മദ്ധ്യസ്ഥനും ഒന്ന്. നമ്മുടെയെല്ലാവരുടെയും വീണ്ടെടുപ്പിനു വിലയായി സ്വയം നൽകിയ ദൈവവും മനുഷ്യനുമായ ഈശോമിശിഹാ” (1 തിമോ.2:5-6). അതുല്യമാണ് അവിടുത്തെ ഈ മാദ്ധ്യസ്ഥ്യം. ഇതിനു സമാനതകളില്ല. ഇനി ഉണ്ടാവുകയുമില്ല. എന്നാൽ, ഈ സത്യം സഹരക്ഷകയെന്ന നിലയിൽ മറിയത്തിനു മനുഷ്യരുടെ നേർക്കുള്ള കടമ അവ്യക്തമാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നില്ല. മറിച്ച് അതിന്റെ ശക്തി വെളിപ്പെടുത്തുകയും പൂർവ്വാധികം വ്യക്തമാക്കുകയുമാണു ചെയ്യുന്നത്. മനുഷ്യരക്ഷയിൽ അമ്മമാതാവിനുള്ള പങ്ക് ദൈവം തന്നെ അവൾക്കു സമ്മാനിച്ചതാണ് (ഉൽപ.3:15) അമ്മ സഹരക്ഷകയായിരിക്കണമെന്നുള്ളത് അഖിലേശന്റെ അവിതർക്കിതമായ തീരുമാനമാണ്. മറിയത്തിന്റെ മാദ്ധ്യസ്ഥ്യത്തിന്റെ പ്രഭവസ്ഥാനം ഈശോ തമ്പുരാന്റെ യോഗ്യതകൾ തന്നെ. അതിന്റെ അടിസ്ഥാനവും ശക്തിയും ഈശോയും ഈശോയുടെ മാദ്ധ്യസ്ഥ്യവുമാണ്. വിശ്വാസികൾക്ക് ഈശോയുമായി നേരിട്ടുണ്ടായിരിക്കേണ്ട ഐക്യത്തിനു മാതാവിന്റെ മാദ്ധ്യസ്ഥ്യവും സ്വാധീനവും വഴിതെളിക്കുകയും എളുപ്പമാക്കുകയും പരിപോഷിപ്പിക്കുകയും സ്ഥിരപ്പെടുത്തുകയുമാണ് ചെയ്യുക. മറിയത്തിലൂടെ ഈശോയിലേയ്ക്ക് ഈ വഴി സുനിശ്ചിതവും സർവ്വശക്തവും അപ്രമാദവുമാണ്.
മാനവരാശിയുടെ മാതാവ്: ദൈവവചനം മനുഷ്യനായി അവതരിക്കണമെന്ന് അഖിലേശപരിപാലന അനാദിയിൽ തിരുവുള്ളമായപ്പോൾ, പരിശുദ്ധ കന്യകാമറിയത്തെ തിരുസുതന്റെ മാതാവായി, അവിടുന്നു തെരഞ്ഞെടുത്തു. അതേ പരിപാലനയുടെ ക്രമീകരണം വഴി, അവൾ ലോകരക്ഷകന്റെ വത്സലമാതാവും, അതുല്യമാംവിധം ഉൽകൃഷ്ട സഹപ്രവർത്തകയും കർത്താവിന്റെ എളിയ ദാസിയുമായി വിരാജിക്കുന്നു. ദൈവാലയത്തിൽ വച്ചു പിതാവിനു സ്വസുതനെ അവൾ സമർപ്പിക്കുന്നു. അവിടുന്നു കുരിശിൽ പിടഞ്ഞുപിടഞ്ഞു മരിച്ചപ്പോൾ ആ പീഡകളിൽ അവൾ പൂർണ്ണമായി പങ്കുചേരുന്നു. തന്റെ അനുസരണം, വിശ്വാസം, ശരണം, പ്രോജ്ജ്വലിക്കുന്ന പരസ്‌നേഹം എന്നിവ വഴി, തികച്ചും അനിതരസാധാരണമായ വിധത്തിൽ, ആത്മാക്കൾക്ക് അതിസ്വാഭാവിക ജീവൻ നേടിക്കൊടുക്കാനുള്ള രക്ഷാകരദൗത്യത്തിൽ പരിശുദ്ധ അമ്മ സഹകരിക്കുന്നു. അങ്ങനെ, പ്രസാദവര മണ്ഡലത്തിൽ അവൾ മാനവരാശിയുടെ മുഴുവൻ മാതാവായി തീർന്നിരിക്കുന്നു.
ദാനങ്ങളുടെ ദാതാവ്: മറിയത്തിന്റെ മാതൃത്വം പ്രസാദവരശ്രേണിയിലുള്ളതാണ്. മംഗളവാർത്തയുടെ സുമോഹന നിമിഷത്തിലാണ് ഇതു നൽകപ്പെട്ടത്. കുരിശിൻകീഴിൽ അമ്മ അത് അചഞ്ചലമായി കാത്തുസൂക്ഷിച്ചു. ആ നിമിഷം മുതൽ ഈ നിമിഷംവരെയും, തുടർന്ന് എല്ലാ തെരഞ്ഞെടുക്കപ്പെട്ടവരുടെയും ‘മകുടം ചാർത്തൽ’വരെയും, ഈ മാതൃത്വം ഇടമുറിയാതെ നിലനിൽക്കുകയും ചെയ്യും. ഓരോ വ്യക്തിക്കും നിത്യരക്ഷയ്ക്കാവശ്യമായ ദാനങ്ങൾ സമ്പാദിച്ചു നൽകുന്നതിൽ അമ്മ ബദ്ധശ്രദ്ധയാണ്. വൈവിദ്ധ്യമാർന്ന വിധങ്ങളിലാണ് അവൾ തന്റെ മാദ്ധ്യസ്ഥ്യം നിർവഹിക്കുന്നത്. അപകടങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജീവിതയാത്ര നടത്തുന്ന തന്റെ മക്കൾ, സൗഭാഗ്യകരമായ പിതൃരാജ്യം സ്വന്തമാക്കുന്നതുവരെ, മാതൃസഹജമായ വാത്സല്യത്തോടെ അവൾ അവരുടെ സംരക്ഷണം തുടരുകയും ചെയ്യും. അതുകൊണ്ടാണ്, തിരുസഭ, മാതാവിനെ അഭിഭാഷക, സഹായിക, ഉപകാരിണി, മദ്ധ്യസ്ഥ തുടങ്ങിയ പേരുകളിൽ വിളിച്ചപേക്ഷിക്കുന്നത്. ഇവിടെ ഒരു കാര്യം വീണ്ടും ഊന്നിപ്പറയേണ്ടിയിരിക്കുന്നു. ദിവ്യരക്ഷകന്റെ ഏക മാദ്ധ്യസ്ഥ്യം അനിഷേധ്യമായ സത്യമാണ്. എന്നാൽ ഇതു സൃഷ്ടികളുടെ പക്കൽ നിന്നുള്ള സഹകരണത്തെ അർത്ഥശൂന്യമാക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല. ഈ സഹകരണത്തെ അവിടുന്ന് പലവിധത്തിലും പ്രോത്സാഹിക്കുന്നുണ്ടുതാനും. അപ്പോൾ പരിത്രാണ പദ്ധതിയിലുള്ള മാതാവിന്റെ, വിധേയാത്മക സഹരക്ഷകസ്ഥാനം, വസ്തുതാപരവും സഭ സസന്തോഷം ഏറ്റുപറയുന്ന സത്യവുമാണ്. സഭ ഇത് അനുഭവിച്ചറിയുന്നുമുണ്ട്. ഇതിനുപുറമേ സഭാതനയരെ ഏകമദ്ധ്യസ്ഥനും രക്ഷകനുമായ ഈശോമിശിഹായോടു കൂടുതൽ അടുക്കാൻ അമ്മ ഹൃദയപൂർവ്വം പ്രോത്സാഹിപ്പിക്കുയും ചെയ്യുന്നുണ്ട്.
അമലോത്ഭവ: വി. ബർണർദീത്തയ്ക്കു പരിശുദ്ധ അമ്മ (ലൂർദ്ദിൽ) വെളിപ്പെടുത്തിയ സത്യമാണു താൻ അമലോത്ഭവയാണ് എന്ന മഹാസത്യം നമ്മുടെ മനുഷ്യപ്രകൃതിയുടെ ഏകാപവാദം'(ഛൗൃ മേശിലേറ ിമൗേൃല’ െീെഹശമേൃ്യ യീമേെ) എന്നാണ് വേഡ്‌സ് വർത്ത് മാതാവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സർവ്വഗുണസമ്പന്നയാണ് പരിശുദ്ധ കന്യകാമറിയം. ഈ പരമമാതൃകയുടെ നേരെ നാം കണ്ണുകളുയർത്തുന്നു. എപ്പോഴും ഉയർത്തിക്കൊണ്ടിരിക്കണം. ഭക്തിപൂർവ്വം അമ്മയെക്കുറിച്ചും അമ്മയുടെ സുകൃതങ്ങളെക്കുറിച്ചും, തിരുസ്സഭ ചെയ്യുമ്പോലെ, നാമും ധ്യാനിക്കുകയും, അമ്മയോടു നിരന്തരം പ്രാർത്ഥിക്കുകയും വേണം.
മരിയ വണക്കം: തന്റെ പുത്രൻ കഴിഞ്ഞാൽ പിന്നെ എല്ലാ മാലാഖമാരിലും വിശുദ്ധരിലും ഉപരിയായി ദൈവം കാരുണ്യപൂർവ്വം ഉയർത്തിയ മറിയത്തെ, മനുഷ്യനായി അവതരിച്ച ദൈവപുത്രന്റെ പരിശുദ്ധ മാതാവും ഈശോയുടെ ജീവിത രഹസ്യങ്ങളിൽ സവിശേഷമായ വിധത്തിൽ സഹകാരിണിയുമായി സഭ പ്രത്യേകമാംവിധം സമാദരിക്കുന്നതു ന്യായവും യുക്തവുമാണ്. വിശ്വാസികൾ തങ്ങളുടെ സകല ആവശ്യങ്ങളിലും അപകടങ്ങളിലും പരിശുദ്ധഅമ്മയിൽ ആശ്രയിക്കുക സർവ്വസാധാരണമാണ്. മാതാവിനോടുള്ള ഭക്തി സഭയിൽ ഉത്തരോത്തരം വർദ്ധിച്ചുകൊണ്ടിരുന്നു. ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മറ്റെല്ലാ വിശുദ്ധരെയുംകാൾ ഉപരിയായ വണക്കമാണു മാതാവിനു സഭാമക്കൾ തിരുസഭാമാതാവിന്റെ അനുഗ്രഹാശിസ്സുകളോടെ, നൽകിക്കൊണ്ടിരിക്കുന്നത്. അത് അങ്ങനെ ആയിരിക്കുകയും വേണം. എങ്കിലും, മനുഷ്യാവതാരം ചെയ്ത വചനത്തിനും പിതാവിനും പരിശുദ്ധാത്മാവിനും നൽകുന്ന ആരാധനയിൽ നിന്ന് ആദരവു തികച്ചും വ്യത്യസ്തമാണ്. പക്ഷേ മരിയ വണക്കം പരമപരിശുദ്ധവും ത്രിത്വത്തിനു നൽകുന്ന ആരാധനയ്ക്ക് സഹായകമാണെന്നതും ഒരു പരമാർത്ഥമത്രേ (ലൂക്കാ 6:6). ദൈവമാതാവിന്റെ ബഹുമാനാർത്ഥം നിരവധി ഭക്തിമുറകൾ തിരുസ്സഭ അംഗീകരിച്ചിട്ടുണ്ട്. അവയുടെ എല്ലാം ലക്ഷ്യം മാതാവു വണങ്ങപ്പെടുന്നതോടുകൂടി പുത്രൻ ശരിയായി അറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും മഹത്ത്വീകരിക്കപ്പെടുകയും അവിടുത്തെ കൽപനകൾ അനുസരിക്കപ്പെടുകയും ചെയ്യുക എന്നതാണ്. അങ്ങിൽ നിന്നാണ് സകലതും അസ്തിത്വമാർന്നത്. (കൊളോ.1:15,16) സർവ്വ പൂർണ്ണതയും നിക്ഷേപിക്കാൻ നിത്യപിതാവു തിരുമനസ്സായതും ഈ പുത്രനിൽത്തന്നെ (കൊളോ.1:19).
സ്വർഗ്ഗാരോപിത: ആത്മശരീരങ്ങളോടെ സ്വർഗ്ഗത്തിൽ മഹത്ത്വീകൃതയായിരിക്കുന്ന പരിശുദ്ധ അമ്മ ലോകാവസാനത്തിൽ പൂർത്തിയാകാനിരിക്കുന്ന സഭയുടെ പ്രതിച്ഛായയും ആരംഭവും ആണ്. അതുപോലെ തന്നെ കർത്താവിന്റെ ദിവസം ഉദയം ചെയ്യുന്നതുവരെ (2 പത്രോ. 3:10) അമ്മ ഭൂമുഖത്തു തീർത്ഥാടനം ചെയ്യുന്ന ദൈവജനത്തിനു സുനിശ്ചിതമായ പ്രതീക്ഷയുടെയും സമാശ്വാസത്തിന്റെയും അടയാളമായി പ്രകാശിച്ചുകൊണ്ടിരിക്കുകയും ചെയ്യും (ഘഏ.68).
സ്വർഗ്ഗാരോപിത കന്യകമാതേ
സ്വസ്തി നിൻ തിരു സവിധത്തിൽ
സുരഭില സുന്ദര പൂക്കളുമായ്
സുതരെല്ലാവരുമണയുന്നു.
കാത്തിടൂ ധന്യേ, തവ സുതരെ
കാലുകൾ ഇടറി വീഴാതെ
കാരുണ്യത്തിൻ നിറകുടമെ
കൻമഷമേശാതുള്ളവളെ.
പാപത്തിൻ നിഴലേശാതെ
പാപികൾ മദ്ധ്യേ വാണവളെ
പാരിൻ പാത പുണരാതെ
പാരം വാഴാൻ കനിയണമേ.
ഇതാണു നിന്റെ അമ്മ: കുരിശിൻ ചുവട്ടിലും ‘സ്ത്രീ’ എന്ന സംജ്ഞ ആവർത്തിച്ച്, ഉൽപ.3:15-ലെ സ്ത്രീ, തന്റെ തിരുമാതാവു തന്നെയാണെന്ന സത്യം, ദിവ്യനാഥൻ ഊട്ടി ഉറപ്പിക്കുന്നു. ‘ഈശോയുടെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരി ക്ലോപ്പാസിന്റെ ഭാര്യ മറിയയും മഗ്ദലനാ മറിയവും നിൽക്കുന്നുണ്ടായിരുന്നു. ഈശോ തന്റെ അമ്മയും താൻ സ്‌നേഹിച്ച ശിഷ്യനും അടുത്തു നിൽക്കുന്നതുകണ്ട്, അമ്മയോടു പറയുന്നു: ‘സ്ത്രീയേ ഇതാ നിന്റെ മകൻ. അനന്തരം, അവിടുന്ന്, ആ ശിഷ്യനോടു പറയുന്നു: ‘ഇതാ നിന്റെ അമ്മ. അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു’ (യോഹ.19:25-27). ഉൽപത്തി 3:15ൽ ദൈവം വെളിപ്പെടുത്തിയിരിക്കുന്ന ‘സ്ത്രീ’യാണു തന്റെ അമ്മ എന്നു ലോകത്തിനു വെളിപ്പെടുത്താനും, തന്റെ അമ്മയുടെ തുടർന്നുള്ള ഇഹലോകജീവിതം സുരക്ഷിതകരങ്ങളിലാണെന്ന് ഉറപ്പുവരുത്താനും കൂടിയാണ്, ഈശോ ഇങ്ങനെ പ്രഖ്യാപിച്ചത്.
കുരിശിൽ നിന്നന്നു ഞാനീ സ്വരം കേട്ടു,
ഇതാണു നിന്റെ അമ്മ
പ്രാണപീഡയാൽ പിടയുന്ന നാഥനന്ന്
അന്ത്യസമ്മാനമായ് എനിക്ക് നൽകി
അമ്മേ….. അമ്മേ…. അമ്മേ….. (കുരിശിൻ….)
കാനായിൽ വന്നപോൽ എൻ ഹൃദയത്തിൽ
ഇന്നു കടന്നു വന്നീടണേ (2)
അവരുടെ വീഞ്ഞു തീർന്നുപോയി എന്ന്
പുത്രനോടൊന്ന് ചൊല്ലീടണേ (2)
അമ്മേ….. അമ്മേ…. അമ്മേ….. (കുരിശിൽ…..)
ഒരു കൽഭരണിയാം എന്നിലുള്ള
പാപജലം പുതുവീഞ്ഞാക്കണേ (2)
സ്വർഗ്ഗരാജ്യത്തിൻ രഹസ്യമറിയുവാൻ
മാദ്ധ്യസ്ഥമേകണേ സ്വർഗ്ഗരാജ്ഞീ (2)
അമ്മേ….. അമ്മേ…. അമ്മേ….. (കുരിശിൽ…)
സൂര്യനെ ഉടയാടയാക്കിയവൾ: ഈ ‘സ്ത്രീ’യെ കൂടാതെ രക്ഷണീയകർമ്മം നടക്കുകയില്ലായിരുന്നുവെന്നും ഈശോ വ്യക്തമാക്കുന്നുണ്ട്. തനിക്ക് അമ്മയാകാൻ ആവശ്യമായിരുന്ന വിശ്വാസദാർഢ്യം പ്രകടിപ്പിച്ച, അതിനായി സ്വയം ശൂന്യയായ തന്റെ അമ്മയോടുള്ള സ്‌നേഹവും നന്ദിയും ആദരവുമെല്ലാം പ്രകടമാക്കുകയായിരുന്നു മരിയസുതൻ. ദൈവവും മനുഷ്യനുമായ മിശിഹായുടെ മാതാവാണു പരി. കന്യകാമറിയം. അതെ ദൈവമാതാവാണവൾ.
ഈ സത്യങ്ങളെല്ലാം യോഹന്നാന്റെ വെളിപാട് 12-ൽ വ്യക്തമാണ്. ‘സ്വർഗ്ഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസ്സിൽ പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടം. അവൾ ഗർഭിണിയായിരുന്നു. പ്രസവവേദനയാൽ അവൾ നിലവിളിച്ചു. പ്രസവക്ലേശത്താൽ അവൾ ഞെരുങ്ങി… അവൾ ഒരാൺകുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ടു ഭരിക്കാനുള്ളവനാണ് അവൻ. അവളുടെ ശിശു ദൈവത്തിന്റെയും അവിടുത്തെ സിംഹാസനത്തിന്റെയും അടുത്തേയ്ക്കു സംവഹിക്കപ്പെട്ടു’. വീണ്ടും, ‘സ്വർഗ്ഗത്തിൽ ഒരു വലിയ സ്വരം വിളിച്ചു പറയുന്നതു ഞാൻ കേട്ടു: ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവിടുത്തെ അഭിഷിക്തന്റെ അധികാരവും ആഗതമായിരിക്കുന്നു. എന്തെന്നാൽ, നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപകൽ ദൈവസമക്ഷം അവരെ പഴിപറയുകയും ചെയ്തിരുന്നവൻ വലിച്ചെറിയപ്പെട്ടു. കുഞ്ഞാടിന്റെ രക്തംകൊണ്ടും, സ്വന്തം സാക്ഷ്യത്തിന്റെ വചനം കൊണ്ടും, കർത്താവിന്റെ അഭിഷിക്തൻ സാത്താന്റെ മേൽ വിജയം നേടി. ജീവൻ നൽകാനും അവൻ തയ്യാറായി’ (വെളി.12:1-11).
നന്മ നിറഞ്ഞവൾ മേരി
പൂർണ്ണ ലാവണ്യ ധാമമാം റാണി
സൂര്യനവൾക്കു വസനം
ചന്ദ്രൻ സുന്ദരപാദോപതാനം
പന്ത്രണ്ടു നക്ഷത്രമതല്ലോ
റാണിക്കുന്നതമാകും കിരീടം
പാപക്കറ നിന്നിലില്ല,
അമ്മേ ഞങ്ങൾക്കഭയം മറ്റില്ല.
പാപത്തിൽ നിന്നും അകറ്റി
നിത്യആപത്തിൽ നിന്നു രക്ഷിക്ക
നേർവഴി തന്നിൽ നടപ്പാൻ
അമ്മേ കാരുണ്യപൂർവ്വം തുണയ്ക്ക
കന്യക: ഏശയ്യാ പ്രവാചകന്റെ ഇമ്മാനുവേൽ പ്രവചനത്തിൽ പരിശുദ്ധ അമ്മയെക്കുറിച്ചു പരാമർശിച്ചിരിക്കുന്നത് ഇങ്ങനെ. ‘കർത്താവ് നിനക്ക് അടയാളം തരും. കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും’ (ഏശ.7:14). മിക്കാ പ്രവാചകൻ എഴുതുന്നു: ‘ബേത്‌ലെഹെം-എഫ്രാത്താ, യൂദാഭവനങ്ങളിൽ നീ ചെറുതാണെങ്കിലും, ഇസ്രായേലിനെ ഭരിക്കേണ്ടവൻ, എനിക്കായി, നിന്നിൽ നിന്നും പുറപ്പെടും. അവൻ പണ്ടേ, യുഗങ്ങൾക്കു മുമ്പേ, ഉള്ളവനാണ്”(5:2-3). വി. മത്തായി സാക്ഷ്യപ്പെടുത്തുന്നു: ”കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടു”മെന്ന് കർത്താവു, പ്രവാചകൻ മുഖേന അരുളിച്ചെയ്തതു പൂർത്തിയാകാൻ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്. (മത്താ.1:22-23).
ഈശോയുടെ അമ്മ-പരിശുദ്ധാത്മാവിനാൽ അഭിഷിക്ത: ഈശോമിശിഹായുടെ ജനനത്തെക്കുറിച്ചു വി. ലൂക്കായുടെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ, പരിശുദ്ധ അമ്മയെക്കുറിച്ച് കൂടുതൽ അറിവു പകരാൻ പോന്നവയാണ്. ‘ഗബ്രിയേൽ ദൈവദൂതൻ ഗലീലിയിൽ, നസ്രത്ത് എന്ന പട്ടണത്തിൽ, ദാവീദിന്റെ വംശത്തിൽപ്പെട്ട യൗസേപ്പ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേയ്ക്ക്, ദൈവത്താൽ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതൻ അവളുടെ അടുത്തുവന്നു പറഞ്ഞു: ‘ദൈവകൃപ ലഭിച്ചവളേ! സ്വസ്തി. കർത്താവു നിന്നോടുകൂടെ’. ഈ വചനം കേട്ട് അവൾ വളരെ അസ്വസ്ഥയായി. എന്താണ് ഈ അഭിവാദനത്തിന്റെ അർത്ഥമെന്ന് അവൾ ചിന്തിച്ചു. ദൂതൻ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട. ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് ഈശോ എന്നു പേരിടണം. അവൻ വലിയവനായിരിക്കും. അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവം അവനു നൽകും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാവുകയില്ല. മറിയം ദൂതനോടു ചോദിക്കുന്നു: ‘ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ’. ദൂതൻ മറുപടി പറയുന്നു: ‘പരിശുദ്ധാത്മാവ് നിന്റെ മേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും. ആകയാൽ (നിന്നിൽനിന്നു) ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ, എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാർച്ചക്കാരി, വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗർഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവൾക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ല’. മറിയം സ്വയം ദൈവഹിതത്തിനു പൂർണ്ണമായി സമർപ്പിക്കുന്നു: ‘ഇതാ, കർത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ’ (ലൂക്കാ 1:26-27).
കന്യാജനനത്തെക്കുറിച്ച് യൗസേപ്പിനുണ്ടാകുന്ന ന്യായമായ സംശയം ദൂതൻ സ്വപ്നത്തിൽ കാണപ്പെട്ടു, സത്യം അവനു വെളുപ്പെടുത്തിക്കൊടുക്കുന്നതു വി. മത്തായി തന്റെ സുവിശേഷത്തിന്റെ പ്രാരംഭത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ”ഈശോയുടെ ജനനം ഇപ്രകാരമായിരുന്നു. അവന്റെ മാതാവായ മറിയവും യൗസേപ്പും സഹവസിക്കുന്നതിനുമുമ്പ്, അവൾ പരിശുദ്ധാത്മാവിനാൽ, ഗർഭിണിയായി കാണപ്പെട്ടു. അവളുടെ ഭർത്താവായ യൗസേപ്പ് നീതിമാനാകയാലും, അവളെ അപമാനിക്കാൻ ഇഷ്ടപ്പെടായ്കയാലും, അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു. അവൻ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, യൗസേപ്പിനോടു പറയുന്നു: ‘ദാവീദിന്റെ പുത്രനായ യൗസേപ്പ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ട. അവൾ ഗർഭം ധരിച്ചിരിക്കുന്നതു പരിശുദ്ധാത്മാവിൽ നിന്നാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന് ഈശോ എന്നു പേരിടണം. എന്തെന്നാൽ അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പിക്കും’ (മത്താ.1:18-21).
മുൻകൂട്ടി തെരഞ്ഞെടുക്കപ്പെട്ടവൾ: വിലക്കപ്പെട്ട കനി ഭക്ഷിച്ചതുവഴി ആദ്യനാരി മാനവരാശിയെ മുഴുവൻ ആദ്ധ്യാത്മിക മരണത്തിനു വിധേയമാക്കി. നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം പിശാചിന്റെ പ്രലോഭനത്തിനടിപ്പെട്ട ആദിമമാതാപിതാക്കൾ ഭക്ഷിച്ച ആ നിമിഷം, അവരിലെ ദൈവികജീവൻ മരിച്ചു. ഒപ്പം മനുജകുലത്തിന്റെ മുഴുവൻ ദൈവികജീവനും (ഉൽപ.2:5-17). ഒരു സ്ത്രീയുടെ സഹകരണത്താൽ മരണം ലോകത്തിൽ ആവിർഭവിച്ചതുപോലെ, ദൈവികജീവന്റെ പുനഃപ്രാപ്തിയിലും, ഒരു സ്ത്രീ സഹകരിക്കുക അത്യന്താപേക്ഷിതമായിരുന്നു. നിത്യനിതാന്തതയിൽ, ആദ്യന്തവിഹീനതയിൽ, ഒരു അമ്മയുടെ സഹായമില്ലാതെ ജനിച്ച പുത്രൻതമ്പുരാന്, ഭൂമിയിൽ അവതീർണ്ണനായി പിതാവിന്റെ വാഗ്ദാനം (ഉൽപ.3:15) നിറവേറ്റാൻ ഒരു സ്ത്രീയുടെ സഹായം കൂടിയേ മതിയാവുമായിരുന്നുള്ളൂ. ഇതിനായി മുൻകൂട്ടി തെരഞ്ഞെടുക്കപ്പെട്ടവളാണു പരിശുദ്ധ മറിയം. ഈ മഹനീയ ദൗത്യത്തിന് ആവശ്യമായ എല്ലാ ദാനങ്ങളും, ഈശോയുടെ യോഗ്യതകൾ കാലേക്കൂട്ടി കണക്കിലെടുത്ത്, ദൈവം അവൾക്കു നൽകി. പൂർണ്ണ വിശുദ്ധ, അമലോത്ഭവ, പരിശുദ്ധാത്മാവു രൂപം നൽകിയ ഒരു പുതിയ സൃഷ്ടി, പ്രസാദവരപൂരിത, ഇവയും ഇവയ്ക്കു സദൃശമായ ഇതര യോഗ്യതകളും കന്യകാമറിയത്തിനു സ്വന്തമായിരുന്നു.
സ്ത്രീകളിൽ അനുഗ്രഹീത: മറിയത്തെക്കുറിച്ച് എലിസബത്ത്, പരിശുദ്ധാത്മാവിനാൽ പൂരിതയായി ഉദ്‌ഘോഷിച്ചല്ലോ: ‘നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്. നിന്റെ ഉദരഫലവും അനുഗ്രഹീതം. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്തുവരാനുള്ള ഭാഗ്യം എനിക്കെവിടെനിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം ഞാൻ ശ്രവിച്ചപ്പോൾ, ശിശു, എന്റെ ഉദരത്തിൽ, സന്തോഷത്താൽ കുതിച്ചുചാടി’ (ലൂക്കാ 1:42-45). സ്‌നാപകനും അവന്റെ അമ്മയും പരിശുദ്ധാത്മാവു നിറഞ്ഞവരാകാൻ, പരിശുദ്ധ അമ്മയുടെ, അവിടുത്തെ സാന്നിദ്ധ്യം നിമിത്തമായി.
അമ്മയ്‌ക്കൊരു സ്തുതിപ്പ്:
സകലജനപദങ്ങളും നിന്നെ ഭാഗ്യവതിയെന്നു കീർത്തിക്കും
അമ്മേ ഞങ്ങളെല്ലാവരും നിന്റെ ദിവ്യ മഹത്ത്വം വർണ്ണിക്കും
ദുഃഖത്തിലാണ്ടവർക്കെന്നെന്നും നല്ലൊരു
മദ്ധ്യസ്ഥ നീയെന്നു ഘോഷിക്കും
നിത്യസഹായമേ നിൻ തിരുമുമ്പിലായി
നിത്യവുമീമക്കൾ പ്രാർത്ഥിക്കും
ഞങ്ങളെ കാക്കുന്ന സ്‌നേഹമേ നിന്നെ
നന്ദിയോടെന്നെന്നും ഓർമ്മിക്കും
നിത്യം ജപമാല കൈകളിലേന്തി നിൻ
സ്വർഗ്ഗീയ മാദ്ധ്യസ്ഥ്യം യാചിക്കും
നിന്റെ വിമല ഹൃദയത്തിലെന്നെന്നും
ഞങ്ങൾ തൻ ജീവിതമർപ്പിക്കും
തിന്മയെ ദൂരെയകറ്റുവാനെന്നെന്നും
അമ്മയോടൊന്നായ് ചേർന്നിരിക്കും.
ദൈവമാതാവ്
ദൈവഹിതത്തിനു സമ്പൂർണ്ണമായി പ്രതിഷ്ഠിച്ചതുവഴി സഹരക്ഷകയായവളാണു കന്യാകാമറിയം. ആദത്തിന്റെ പുത്രിയാണു മറിയം. എന്നാൽ, ദൈവവചനത്തിനു കീഴ്‌പ്പെട്ട്, ദൈവികപദ്ധതിക്കു വിധേയയായി, അവിടുത്തെ തിരുവിഷ്ടപ്രകാരം, അവൾ ദൈവമായ മിശിഹായുടെ അമ്മയായതുകൊണ്ട്, അമ്മ ദൈവമാതാവാണ്. ദൈവത്തിന്റെ രക്ഷാകരമായ തിരുവുള്ളം പൂർണ്ണഹൃദയത്തോടെ സ്വീകരിച്ച്, പാപത്താൽ കളങ്കപ്പെടാതെ, മറിയം കർത്താവിന്റെ ദാസിയായി. തന്റെ ദൗത്യപൂർത്തീകരണത്തിനുവേണ്ടി അവൾ ദൈവഹിതത്തിനു സമ്പൂർണ്ണമായി പ്രതിഷ്ഠിച്ചു. സ്‌നേഹസ്വരൂപനും കാരുണ്യമൂർത്തിയുമായ ദൈവത്തിന്റെ ദയാധിക്യത്താൽ, ഈശോയോടുകൂടിയും, ഈശോയ്ക്കും വിധേയമായും, അവൾ സഹരക്ഷകയായി, രക്ഷാകര രഹസ്യ പൂർത്തീകരണത്തിൽ പങ്കാളിയായി, ഇപ്പോഴും പങ്കാളിയാകുന്നു.
സർവ്വസ്വതന്ത്ര: ദൈവതൃക്കരങ്ങളിലെ വെറുമൊരു നിശ്ചേഷ്ട ഉപകരണമായിരുന്നില്ല ദൈവമാതാവ്. തന്റെ വിശ്വാസവും അനുസരണവും വഴി എന്നേക്കും സർവതന്ത്ര സ്വതന്ത്രയായാണ് അവൾ രക്ഷാകരകർമ്മത്തിൽ പങ്കെടുത്തത്; ഇപ്പോഴും പങ്കെടുത്തുകൊണ്ടിരിക്കുന്നതും. വി.ഇരണേവൂസ് പറയുന്നതുപോലെ, ‘അവൾ അനുസരണത്താൽ തന്റെയും, എല്ലാ മനുഷ്യരുടെയും, രക്ഷയ്ക്കു കാരണക്കാരിയായി’. അദ്ദേഹത്തോടൊപ്പം ഇതര സഭാപിതാക്കന്മാരും സമർത്ഥിക്കുന്നു: ഹവ്വാ അനുസരണക്കേടുവഴി ബന്ധിച്ചത്, മറിയം അനുസരണത്താൽ അഴിച്ചു. കന്യകയായിരുന്ന ഹവ്വാ അവിശ്വാസം കൊണ്ടു ബന്ധിച്ചതു, അമലോത്ഭവയായ മറിയം, വിശ്വാസത്താൽ അഴിച്ചു. സഭാപിതാക്കന്മാർ മറിയത്തെ ഹവ്വായുമായി താരതമ്യപ്പെടുത്തി അവളെ ‘ജീവിക്കുന്നവരുടെ മാതാവ്’ എന്നു സംബോധന ചെയ്യുന്നു. ഹവ്വാ വഴി മരണവും മറിയം വഴി ജീവനും എന്ന് അവർ എടുത്തെടുത്തു പറയുന്നുണ്ട്.
വിശ്വാസം വഴി ഭാഗ്യവതി
രക്ഷയുടെ വാഗ്ദാനത്തിൽ വിശ്വസിക്കുക മൂലം ഭാഗ്യവതിയായിരിക്കുന്നവൾ എന്നാണല്ലോ മറിയത്തെ എലിസബത്ത് അഭിസംബോധന ചെയ്തത്. രക്ഷാകരകർമ്മത്തിൽ സ്വസുതനുമായുള്ള മാതാവിന്റെ ഈ ഐക്യം, ഈശോയുടെ കന്യാജനനം മുതൽ, കുരിശുമരണം വരെ, വെളിപ്പെടുന്നുണ്ട്. എലിസബത്തിനെ സന്ദർശിക്കാൻ പോയതു പ്രസ്തുത ബന്ധത്തിന്റെ പ്രാരംഭമാണ്. ദൈവമായ, ദൈവപുത്രനായ സ്വസുതനെ, ആട്ടിടയർക്കും വിജ്ഞാനികൾക്കും വെളിപ്പെടുത്തിയപ്പോൾ, ഈ ബന്ധം വീണ്ടും പ്രകടമാകുന്നു. മനുഷ്യാവതാരം മറിയത്തിന്റെ കന്യത്വപൂർണ്ണത യാതൊരു വിധത്തിലും കുറയ്ക്കുകയല്ല, പ്രത്യുത, അതു പരമപവിത്രമാക്കുകയാണ്. കാരണം, പിതാവിനോടും പുത്രനോടും സത്തയിൽ സമനായ പരിശുദ്ധാത്മാവിന്റെ ദൈവിക ഇടപെടൽ വഴിയാണു പരിശുദ്ധ അമ്മ ഈശോയെ ഗർഭം ധരിച്ചു പ്രസവിച്ചത്.
ദരിദ്രർക്കു യോജിച്ച കാഴ്ചകളോടെ നിത്യകന്യക ദിവ്യപൈതലിനെ കർത്താവിനു പ്രതിഷ്ഠിച്ചപ്പോൾ, ശിമയോൻ ദീർഘദർശി പ്രവചനരൂപത്തിൽ പറഞ്ഞതു പരിശുദ്ധ അമ്മ വ്യക്തമായി മനസ്സിലാക്കുകയും, തിരുസുതനൊപ്പം താൻ ചെയ്യേണ്ട രക്ഷണീയ വേലയുടെ ഒരു ഏകദേശ രൂപരേഖ കൺമുമ്പിൽ കാണുകയും, ചെയ്തു (ലൂക്കാ 2:34-35). ബാലനായ ഈശോയെ കാണാതായപ്പോൾ, എത്ര ആകാംക്ഷയോടെയും ആകുലതയോടെയുമാണ് മാതാവും യൗസേപ്പ് പിതാവും അവിടുത്തെ അന്വേഷിച്ചു നടന്നത്. ദൈവാലയത്തിൽ തന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കുന്നവനായി അവർ അവിടുത്തെ കാണുകയും ചെയ്തു. തങ്ങൾക്കുണ്ടായ അഗാധമായ ദുഃഖത്തെക്കുറിച്ചു ദിവ്യബാലനെ അറിയിച്ചപ്പോൾ, അവൻ പറഞ്ഞ മറുപടിയുടെ പൊരുൾ, അവർക്ക് അപ്പോൾ മനസ്സിലായില്ല. ‘പിന്നെ അവൻ അവരോടൊപ്പം പുറപ്പെട്ടു നസ്രത്തിൽ വന്ന് അവർക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു. ഈശോ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നു വന്നു’ (ലൂക്കാ 2:50-52).
ഉണ്ണീശോയുടെ അമ്മ
നന്മ നിറഞ്ഞോരമ്മ
കുഞ്ഞുങ്ങൾക്കെന്നും മാർഗ്ഗം കാട്ടും
സ്‌നേഹം നിറഞ്ഞോരമ്മ
നിത്യം കാത്തിടും നല്ലോരമ്മ
അമ്മേ, കുഞ്ഞുമക്കൾ ദിവ്യപാദം ചേർന്നു നിൽപ്പൂ
ബാലനാം ഈശോയ്ക്കു ചേർന്നു വളർന്നീടാൻ
വേണ്ടുന്നതെല്ലാം ഏകിടണേ.
അമ്മേ ഞങ്ങൾക്കായി നീ
സ്വർഗ്ഗരാജ്യറാണിയായല്ലോ
സ്വർലോകരാജ്യത്തെ മാലാഖമാരെപ്പോൽ
ഞങ്ങളെ നിർമ്മലാക്കീടണേ.
ഈശോയുടെ പരസ്യജീവിതത്തിൽ: ഈശോയുടെ പരസ്യജീവിതകാലത്തു മറിയത്തിന്റെ അതിശ്രദ്ധേയമായ സാന്നിദ്ധ്യം എപ്പോഴുമുണ്ടായിരുന്നു. ആദ്യമായി നാം അമ്മയെ, ഔദ്യോഗികമായി, കാണുന്നത് കാനായിലെ കല്യാണവിരുന്നിൽ, അഭിഷിക്തനായ ഈശോയുടെ ആദ്യത്തെ അത്ഭുതം നടക്കുമ്പോഴാണെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ (യോഹ.2:1-11). തുടർന്നു പരിശുദ്ധ കന്യക തന്റെ വിശ്വാസത്തിന്റെ തീർത്ഥാടനത്തിൽ, അനുസ്യൂതം, പുരോഗമിക്കുകയായി. തന്റെ ഏകജാതനോടൊപ്പം ദൈവികപദ്ധതിക്കനുസൃതമായി, നിഷ്ഠൂരവേദനകൾ സഹിച്ചുകൊണ്ട്, കുരിശിൻചുവട്ടിൽ, അമ്മ നിലകൊണ്ടു (യോഹ.19:25). അവിടെ അവൾ മാതൃസഹജമായ വികാരങ്ങളോടെ, തിരുസുതന്റെ ബലിയോടു സ്വയം യോജിക്കുകയും, തന്നിൽ നിന്നു മാംസമെടുത്ത, ആ യാഗവസ്തുവിനെ, മാനവരക്ഷയ്ക്കുവേണ്ടി, ഹോമിക്കാൻ സ്‌നേഹപുരസ്സരം സന്നദ്ധയാവുകയും ചെയ്തു.
പ്രപഞ്ചത്തിന്റെ നാഥ: ഈശോ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനെ നൽകുന്നതുവരെ, മനുഷ്യരക്ഷയുടെ ആ മഹാരഹസ്യം, ആഘോഷമായി വെളിപ്പെടുത്തരുതെന്നു ദൈവം നിശ്ചയിച്ചിരുന്നതുകൊണ്ട്, പന്തക്കുസ്താ തിരുനാളിനു മുമ്പു ശ്ലീഹന്മാർ, ഭക്തസ്ത്രീകളോടും ഈശോയുടെ മാതാവായ മറിയത്തോടും അവിടുത്തെ സഹോദരരോടുംകൂടെ, ഏകമനസ്സായി, പ്രാർത്ഥനയിൽ നിലനിന്നിരുന്നതായും (അപ്പ.1:14) മംഗളവാർത്തയുടെ അവസരത്തിൽ, തന്റെ മേൽ ആവസിച്ച പരിശുദ്ധാത്മാവിന്റെ നവമായ ആവാസം സ്വീകരിക്കാൻ മാതാവു പ്രാർത്ഥിച്ചിരുന്നതായും, നാം കാണുന്നു. അമലോത്ഭയായ ആ നിർമ്മല കന്യക ഈ ലോകവാസത്തിന്റെ അവസാനത്തിൽ, ആത്മശരീരങ്ങളോടെ, സ്വർഗ്ഗീയമഹത്ത്വത്തിലേയ്ക്ക് ആരോപിതയായി. ഇതിനുപുറമേ നമ്മുടെ കർത്താവ് അവളെ പ്രപഞ്ചത്തിന്റെ നാഥയായി വാഴിച്ചു. ഇതു കർത്താക്കളുടെ കർത്താവും, പാപത്തെയും മരണത്തെയും ജയിച്ചവനുമായ തന്റെ തിരുസുതനോട് അവൾ കൂടുതലായി അനുരൂപപ്പെടാൻ വേണ്ടിയായിരുന്നു (വെളി.19:16).
തമ്പുരാൻ തന്റെ ദാസിയുടെ താഴ്മയെ തൃക്കൺപാർത്തു
അമ്മയുടെ അനന്യമായ ദൈവമാതൃപദവിയെക്കുറിച്ചു മുമ്പു പരാമർശിച്ചിട്ടുള്ളതാണ്. തന്റെ എളിമയുടെ സമ്മാനമായി സർവ്വശക്തൻ സമ്മാനിച്ചതാണ് അമ്മയുടെ ഈ പദവി. വിനയവും സൗമ്യതയും വഴി ലോകത്തെയും സ്വർഗ്ഗത്തെയും അത്ഭുതപ്പെടുത്തിയ, കീഴ്‌പ്പെടുത്തിയ, പരിശുദ്ധ കന്യകാമറിയത്തിനു തുല്യം മനുഷ്യമക്കളുടെയിടയിൽ ആരുമില്ല. കാരണം, മാനവരക്ഷയ്ക്കായി, സ്വർഗ്ഗം ചായിച്ചിറങ്ങി വന്ന പിതാവായ ദൈവത്തിന്റെ വചനമായ പുത്രൻ തമ്പുരാനെ പ്രസവിച്ച പരമപരിശുദ്ധയായ കന്യകയാണു നമ്മുടെ അമ്മ. സർവ്വചരാചരങ്ങളുടെയും സ്രഷ്ടാവായ ദൈവം മനുഷ്യരക്ഷാർത്ഥം മനുഷ്യാവതാരം ചെയ്തതു മറിയത്തിന്റെ മാലിന്യമേൽക്കാത്ത ഉദരത്തിലാണ്.
പ്രവാചകന്മാർ കണ്ട മറിയം: അത്യത്ഭുതകരമായ മഹാരഹസ്യമാണല്ലോ മനുഷ്യാവതാരം. അതുകൊണ്ടുതന്നെ, ആ ജനനവും അത്ഭുതകരമായിരിക്കണം. പുരുഷസ്പർശം കൂടാതെ, പരിശുദ്ധാത്മ ശക്തിയാൽ, കന്യാമുദ്രയ്ക്ക് ഭംഗമില്ലാതെ, മറിയം ഗർഭം ധരിച്ചു, പുത്രനെ പ്രസവിച്ചു. ഈ അത്യത്ഭുതകരമായ ദിവ്യാവതാരരഹസ്യം മനുഷ്യവർഗ്ഗത്തിന്റെ രക്ഷയ്ക്കും വീണ്ടെടുപ്പിനുമായി സംഭവിക്കുമെന്നു നൂറ്റാണ്ടുകൾക്കുമുമ്പ് ദൈവപ്രസാദം ലഭിച്ച പ്രവാചകന്മാരും ഗ്രോതപിതാക്കന്മാരും ദൃഷ്ടാന്തങ്ങൾ വഴി ഗ്രഹിക്കുകയും പ്രവചിക്കുകയും ചെയ്തിട്ടുണ്ട്.