പരിശുദ്ധതമത്രിത്വത്തിന്റെ രഹസ്യം ക്രൈസ്തവ വിശ്വാസത്തിന്റെയും ക്രൈസ്തവ ജീവിതത്തിന്റെയും കേന്ദ്ര രഹസ്യമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായി തന്നെത്തന്നെ വെളിപ്പെടുത്തുന്ന ദൈവത്തിനു മാത്രമേ ഈ രഹസ്യം നമ്മെ അറിയിക്കാൻ കഴിയു. ദൈവം നിത്യപിതാവാണെന്നും പുത്രൻ പിതാവിനോടൊപ്പം ഏകസത്തയാണെന്നും, അതായതു പിതാവിലും പിതാവിനോടുകൂടിയും ഒരേയൊരു ദൈവമാണെന്നും, ദൈവപുത്രന്റെ മനുഷ്യാവതാരം വെളിപ്പെടുത്തുന്നു.
പുത്രന്റെ നാമത്തിൽ പിതാവായിച്ചവനും (യോഹ. 14:26) [എന്നാൽ, എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും]; “പിതാവിൽനിന്നു” പുത്രൻ അയച്ചവനുമായ (യോഹ.15 :26 ) [ഞാൻ പിതാവിന്റെ അടുത്തുനിന്നു അയയ്ക്കുന്ന സഹായകൻ, പിതാവിൽനിന്നു പുറപ്പെടുന്ന ആ സത്യാത്മാവ് വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം നൽകും]പരിശുദ്ധാത്മാവിന്റെ അയക്കൽ വെളിപ്പെടുത്തുന്നത് അവരോടൊപ്പം പരിശുദ്ധാത്മാവ് ഒരേയൊരു ദൈവമാകുന്നു എന്നാണ്. “പിതാവിനോടും പുത്രനോടുമൊപ്പം പരിശുദ്ധാത്മാവ് ആരാധിക്കപ്പെടുകയും മഹത്ത്വീകരിക്കപ്പെടുകയും ചെയുന്നു.”
“പ്രഥമപ്രഭാവമായ പിതാവിൽനിന്നും കാലഭേതമില്ലാതെ അവിടുന്ന് നൽകിയ പുത്രനിൽനിന്നും അങ്ങനെ ഇരുവരിലും നിന്ന് പരിശുദ്ധാത്മാവ് പുറപ്പെടുന്നു.” “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” നാം സ്വീകരിക്കുന്ന മാമ്മോദീസായുടെ കൃപാവരത്തിലൂടെ പരിശുദ്ധ ത്രിത്വത്തിന്റെ ജീവിതത്തിൽ പങ്കുചേരുവാൻ ഇവിടെ ഭൂമിയിൽ വിശ്വാസത്തിന്റെ അവ്യക്തതയിലും മരണാനന്തരം സനാതനപ്രകാശത്തിലും നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു. “പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള കത്തോലിക്കാവിശ്വാസമിതാണ്: ഏകദൈവത്തെ ത്രിത്വത്തിലും ത്രിത്വത്തെ ഏകത്വത്തിലും- വ്യക്തികളെ തമ്മിൽ കൂട്ടികലർത്താതെ, അകൈകസത്തയെ വിഭജിക്കാതെ-നാം ആരാധിക്കുന്നു; കാരണം പിതാവിന്റെ വ്യക്തിത്വം ഒന്ന്; പുത്രന്റെ വ്യക്തിത്വം മറ്റൊന്ന്: പരിശുദ്ധാത്മാവിന്റേത് വേറൊന്ന്; എങ്കിലും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ദൈവത്വം ഏകമാണ് ; അവരുടെ മഹത്വം സമമാണ്, അവരുടെ പ്രഭാവം തുല്യമായി നിത്യമാണ്.” ദൈവികവ്യക്തികൾ അവർ എന്തായിരിക്കുന്നുവോ അതിൽ വേർപെടുത്തപ്പെടാനാവാത്തവരാണ്; അവർ എന്ത് പ്രവർത്തിക്കുന്നുവോ അതിലും വേർപ്പെടുത്താനാവാത്തവരാണ്, എങ്കിലും ഏകൈക ദൈവിക പ്രവർത്തനത്തിൽ ത്രിത്വത്തിലെ ഓരോ വ്യക്തിയും തന്റെ പ്രത്യേക സവിശേഷത വെളിപ്പെടുത്തുന്നു. ദൈവപുത്രന്റെ മനുഷ്യാവതാരം, പരിശുദ്ധാത്മാവിന്റെ ദാനം എന്നീ ദൈവിക അയയ്ക്കലുകളിൽ ഈ വസ്തുത വളരെ പ്രകടമാകുന്നു.
ദൈവികരക്ഷാപദ്ധതിമുഴുവന്റെയും ആത്യന്തിക ലക്ഷ്യം സൃഷിടികൾ പരിശുദ്ധത്രിത്വത്തിന്റെ പരിപൂർണ്ണൈക്യത്തിൽ പ്രവേശിക്കുക എന്നതാണ്. എന്നാൽ ഇപ്പോൾത്തന്നെ, പരിശുദ്ധതമത്രിത്വത്തിന്റെ വാസസ്ഥാനമാകാൻ നാം വിളിക്കപ്പെട്ടിരിക്കയാണ്. കർത്താവ് പറയുന്നു “ആരെങ്കിലും എന്നെ സ്നേഹിക്കുന്നെങ്കിൽ, അവൻ എന്റെ വചനം പാലിക്കും; അപ്പോൾ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവന്റെ അടുത്തുവന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും.” എന്റെ ദൈവമേ, ഞാൻ ആരാധിക്കുന്ന പരിശുദ്ധത്രിത്വമേ, എന്റെ ആത്മാവ് നിത്യതയെ പ്രാപിച്ചുകഴിഞ്ഞു എന്ന മട്ടിൽ അചഞ്ചലവും സമാധാന പൂർണ്ണവുമായി ഞാൻ അങ്ങിൽ സംസ്ഥാപിക്കപ്പെടുവാൻ തക്കവണ്ണം എന്നെത്തന്നെ പൂർണ്ണമായി വിസ്മരിക്കുവാൻ എന്നെ സഹായിക്കണമേ; മാറ്റമില്ലാത്തവനായ എന്റെ ദൈവമേ, യാതൊന്നും എന്റെ സമാധാനത്തെ ഭഞ്ജിക്കാതിരിക്കട്ടെ, യാതൊന്നും എന്നെ അങ്ങയിൽനിന്നു അകറ്റാതിരിക്കട്ടെ. എന്റെ ജീവിതത്തിലെ ഓരോ മിനിറ്റും നിന്റെ രഹസ്യത്തിന്റെ ആഴത്തിലേക്ക് എന്നെ നയിക്കട്ടെ; എന്റെ ആത്മാവിനു ശാന്തിനല്കണമെ; നിന്റെ വിശ്രമസ്ഥലവും പ്രിയപ്പെട്ട വാസസ്ഥാനവുമായി, നിന്റെ സ്വർഗ്ഗമായി എന്റെ ആത്മാവിനെ മാറ്റേണമേ. ഞാൻ ഒരിക്കലും നിന്നെ അവിടെ ഏകാകിയായി ഉപേക്ഷിക്കാതിരിക്കട്ടെ; പ്രത്യുത, എന്റെ വിശ്വാസത്തിൽ നിരന്തരം ജാഗ്രതപുലർത്തികൊണ്ടു, നിന്നെ സദാ ആരാധിച്ചുകൊണ്ടു, നിന്റെ സൃഷ്ടികർമ്മത്തിനായി എന്നെത്തന്നെ പൂർണ്ണമായി സമർപ്പിച്ചുകൊണ്ട് ഞാൻ മുഴുവനായും പൂർണമായും അവിടെയായിരിക്കട്ടെ.
സി സി സി