ഇരുപത്തൊന്നാമദ്ധ്യായം
ഈശ്വരനു മനുഷ്യരോടുള്ള സ്നേഹത്തിന്റെ കഥയുടെ പ്രഥമാധ്യായം നിത്യതയാണ്. അധഃപതിച്ച മാനവതയെ സ്നേഹിക്കുന്നതു രണ്ടാമത്തേതും. അവരെ ഉദ്ധരിക്കാൻ സ്വസുതനെ ബലികഴിക്കാൻ സ്നേഹം സർവേശ്വരനെ പ്രേരിപ്പിച്ചു. ‘പാപികളായ നമുക്കുവേണ്ടി ക്രിസ്തു മരിച്ചത് ദൈവത്തിനു നമ്മോടുള്ള സ്നേഹമാണു വ്യക്തമാക്കുക’ (റോമ.5:8). കരുണാനിധിയായ കർത്താവു നമ്മെ പൂർവ്വാധികം സ്നേഹിക്കുന്നു. പാപംമൂലം മരിച്ച നമ്മെ മിശിഹായോടുകൂടെ ജീവിപ്പിക്കയും കൃപാധിക്യത്താൽ രക്ഷിക്കുകയും ചെയ്തത് (എഫേ:2:46) ആ സ്നേഹമാണ്.
മനുഷ്യപുത്രന്റെ മാനുഷ്യകത്തിനുവേണ്ടി മരിച്ചത് സെന്റ് പോൾ ധ്യാനവിഷയമാക്കുന്നുണ്ട്: ‘അവൻ സ്വയം വെറുമയാക്കി ദാസന്റെ സാദൃശ്യം സ്വീകരിക്കുകയും മനുഷ്യനായി അവതരിക്കുകയും ചെയ്തു. മരണത്തോളം-അതും കുരിശുമരണത്തോളം-സ്വയം എളിമപ്പെട്ട് അനുസരണമുള്ളവനായി. അതുകൊണ്ട് പിതാവായ ദൈവം അവിടുത്തെ ഏറ്റം ഉയർത്തി സർവോത്കൃഷ്ട സംജ്ഞനൽകി. ഈശോ എന്ന നാമശ്രവണത്തിൽ ഭൂസ്വർഗ്ഗപാതാളങ്ങളിലുള്ള എല്ലാ മുഴങ്കാലുകളും മടക്കി മിശിഹാ കർത്താവാകുന്നുവെന്ന് സകല നാവുകളും ഏറ്റു പറയണം'(ഫിലി. 2: 711) മാനവജനതയുടെ പ്രത്യാശ മുഴുവനും മർത്യഗണത്തിന്റെ പരിത്രാണവും മിശിഹായുടെ മഹോന്നത ദൗത്യവും ക്രിസ്തുമതത്തിന്റെ സാരസർവസ്വവും ഒറ്റ വാചകത്തിൽ ചുരുക്കിപ്പറയാം-ക്രിസ്തു നമുക്കുവേണ്ടി കുരിശിൽ മരിച്ചു. വിശ്വാസപ്രമാണത്തിൽ രക്ഷാകരചരിത്രം മുഴുവൻ സംഗ്രഹിക്കുന്ന ഒരു വാക്കുണ്ട്-ക്രൂശിതനായി. വെളിപാടും വിശ്വാസവും തത്വശാസ്ത്രവും അതിലടങ്ങിയിട്ടുണ്ട്. ഈശ്വരപരിപാലനയും മാനവാന്ത്യവും, ആനന്ദവും ശക്തിവിശേഷങ്ങളുമെല്ലാം ആ കൊച്ചുപദം സംഗ്രഹിക്കുന്നു.
ക്രിസ്തു കുരിശിൽ! പരിത്രാണകർമ്മമെന്നല്ല, ക്രിസ്തുമതം മുഴുവൻതന്നെ ആ പഞ്ചാക്ഷരിയിൽ സംക്ഷേപിച്ചിട്ടുണ്ട്. മിശിഹാ നമ്മെ സ്നേഹിച്ചു. നമുക്കുവേണ്ടി തന്നെത്താൻ ദൈവത്തിനു സുരഭിയായ വഴിപാടും യാഗവുമായി അർപ്പിച്ചു (അപ്പെ 5:2). നമുക്കു സ്വജീവൻ നല്കിയതിൽനിന്നു നമ്മോടുള്ള അവന്റെ സ്നേഹം നാം മനസ്സിലാക്കുന്നു (യോഹ. 3:16). യേശുവിന്റെ ഈ സ്നേഹം തന്റെ ശത്രുക്കളോളം എത്തി നില്ക്കുന്നതു നോക്കൂ.
‘വിവശനായ് പല പീഡ സഹിക്കുവോ-
രവസരത്തിലുമീശ്വരന്ദനൻ
അവധിയറ്റ പടിയ്ക്കെഴുമൻ പിനാ-
ലവമറന്നു പിതാവൊടപേക്ഷയായ്.
ഇന്നതാണരികൾ ചെയ്യുവതിപ്പോ-
ളെന്നറിഞ്ഞിടുവതില്ല പിതാവേ!
ഇന്നതേറ്റ മനുകമ്പയോടോർത്ത-
ങ്ങുന്നനുഗ്രഹമിവർക്കരുളേണം’.
-കട്ടക്കയം
ദൈവമായിരിക്കെ നമുക്കുവേണ്ടി മരിച്ചിട്ടാണു ക്രിസ്തു നമ്മുടെ രക്ഷകനായത്. അവിടുന്നു ദൈവമാണ്. അല്ലെങ്കിൽ അവിടുത്തേയ്ക്കു നമ്മെ രക്ഷിക്കാൻ സാധിക്കുമായിരുന്നില്ല. വെറുമൊരു മനുഷ്യന് ഒരിക്കലും സാധിക്കാവുന്നതല്ല പരിത്രാണം. ക്രിസ്തുനാഥന്റെ രക്ഷണകർമ്മത്തിന്റെ വില എമ്മാത്ര മെന്നു നാം മനസ്സിലാക്കുന്നില്ല. വാസ്തവത്തിൽ അവിടുത്തേ ജീവൻതന്നെയാണത്. പരിചരിക്കപ്പെടുവാനല്ല, പരിചരിക്കാനും വളരെപ്പേരുടെ വീണ്ടെടുപ്പിന്റെ വിലയായി തന്റെ ജീവനെ നല്കാനുമായിട്ടത്രേ മനുഷ്യപുത്രൻ വന്നത് (മത്താ. 20:28). അതുകൊണ്ടാണ് സെന്റ് പോൾ നമ്മെ അനുസ്മരിപ്പിക്കുന്നത്, വലിയൊരു വിലയ്ക്കുതന്നെ വാങ്ങപ്പെട്ടവരാണു നിങ്ങൾ (1 കൊറി. 6:11) എന്ന്.
നമ്മുടെ സ്ഥാനത്തും നമുക്കുവേണ്ടിയും കർത്താവു സർവതും സഹിച്ചു. അങ്ങനെ, അവിടുന്നു നമ്മുടെ പാപങ്ങൾക്കു പരിഹാരം ചെയ്തു. ഇതാണ് പരിത്രാണത്തെസംബന്ധിക്കുന്ന നമ്മുടെ വിശ്വാസ സത്യം. ഏശായാപ്രവാചകൻ പന്ത്രണ്ടു പ്രാവശ്യം ആവർത്തിച്ചെഴുതിയിരിക്കുന്നു: ‘ദൈവദാസൻ നമുക്കുവേണ്ടിയും നമ്മുടെ സ്ഥാനത്തും സഹിക്കും’. വീണ്ടും നമ്മെപ്രതി ശാപമായിത്തീർന്നുകൊണ്ടു മിശിഹാ നിയമത്തിന്റെ ശാപത്തിൽ നിന്നു നമ്മെ വിലയ്ക്കു വാങ്ങി (ഗാലാ 3:13). എഴുതപ്പെട്ടിരിക്കുന്ന പ്രകാരം, ‘നമ്മുടെ പാപങ്ങൾക്കുവേണ്ടി മിശിഹാ മരിച്ചു’ (1 കൊറി 15:3). നമ്മുടെ ദൈവവും രക്ഷകനുമാണു ക്രിസ്തു. ഒപ്പം നമ്മുടെ നാഥനും സഹോദരനും. എന്തെന്നാൽ ദൈവം മാത്രമല്ല മനുഷ്യനുമാണവിടുന്ന്. മാംസരക്തങ്ങളോടുകൂടിയ മനുഷ്യൻ. ആ നിലയിലാണ് അവിടുന്നു നമ്മുടെ സഹോദരനാവുക. ദൈവമെന്ന നിലയിൽ നമ്മുടെ കർത്താവും ദൈവമനുഷ്യനെന്ന നിലയിലോ രക്ഷകനും.
സർവശക്തനുമായി മർത്യൻ രക്തബന്ധം സൃഷ്ടിച്ചിരിക്കുന്നു! മനുഷ്യത്വം ദൈവത്തിലേയ്ക്ക് ഉയർത്തപ്പെടുകയല്ല, ദൈവത്വം മനുഷ്യത്വത്തിലേക്ക് താഴ്ന്നിറങ്ങുകയാണ് ചെയ്തത്. മനുഷ്യാവതാരരഹസ്യത്തിന്റെ സവിശേഷതയും മറ്റൊന്നല്ല. മനുഷ്യശരീരം ‘ദൈവവചനം’ ആവുകയല്ല. ‘ദൈവവചനം’ മാംസം ആവുകയായിരുന്നു.
ക്ലേശാനുഭവത്തിലൂടെയാണു ക്രിസ്തു നമ്മുടെ രക്ഷകനാവുക ഏശായാ ദീർഘദർശി എഴുതുന്നു: ‘നമ്മുടെ തിന്മകൾമൂലം അവിടുന്നു മുറിവേറ്റു. നമ്മുടെ പാപങ്ങൾ അങ്ങയെ പീഡിതനാക്കി'(53:5). സഹനത്തിന്റെ വഴിത്താരയിൽ നടന്നാണ് മിശിഹാ ലോകപാപങ്ങളെ നിഹനിക്കുന്ന കുഞ്ഞാടാവുക (യോഹ 1:29). ഈശ്വരനുമായി നാം ശത്രുയിലായിരുന്നപ്പോൾ സ്വമരണം വഴി (റോമ.5:10) ക്രിസ്തു നമ്മോടു ക്ഷമിച്ചു. കാരണമോ, പെസഹാ കുഞ്ഞാടായ അവിടുന്നു ബലിയർപ്പിക്കപ്പെട്ടുവെന്നതുതന്നെ. ദൈവം തന്റെ തിരുക്കുമാരൻമൂലം നമ്മുടെമേൽ കൃപ ചൊരിഞ്ഞു. അവിടുത്തെ സമ്പത്തിനൊത്തവണ്ണം നമുക്കു ക്രിസ്തുവിൽ രക്ഷയും അവന്റെ രക്തത്താൽ പാപങ്ങളുടെ മോചനവും ലഭിച്ചിരിക്കുന്നു (എഫേ. 1:67). നമ്മുടെ പാപങ്ങൾക്കുള്ള പരിഹാരബലിയാണ് ക്രിസ്തുവെന്നു സെന്റ് ജോണും സ്ഥാപിക്കുന്നു.
നാം നിഖിലേശനെ ധിക്കരിച്ചപ്പോൾ ക്രിസ്തു അവിടുത്തെ അനുസരിച്ചു. സ്നേഹിക്കാതിരുന്നപ്പോൾ അവിടുന്നു നിത്യമായി സ്നേഹിച്ചു. നമ്മുടെ ആത്മാവു പാപപങ്കിലമായപ്പോൾ അവിടുന്നു നിർമ്മലതയുടെ നികേതനമായി ജീവിച്ചു. ഈശ്വരഹിതത്തെ അവഗണിച്ച് സ്വാർത്ഥ താല്പര്യങ്ങൾക്കനുസൃതം വർത്തിച്ചപ്പോൾ, പിതാവേ, എന്റെ ഇഷ്ടമല്ല, അങ്ങേ ഇഷ്ടം നിറവേറട്ടെ എന്ന അർപ്പണഭാവത്തോടെ ക്രിസ്തു നമ്മുടെ രക്ഷാകർമ്മം സാധിച്ചു.
സെന്റ് പോൾ ക്രിസ്തുവിന്റെ കുരുശിനെ അധികം സ്നേഹിക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്തു. കുരിശിൽനിന്നുരുത്തിരിയുന്ന അനുഗ്രഹം നാം പ്രാപിക്കണമെങ്കിൽ നാമെന്തു ചെയ്യണമെന്നും അദ്ദേഹം പറയുന്നുണ്ട്. ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെടാൻ അനുവദിക്കുക. (ഗാല 2:19). കുരിശിന്റെ അനുഗ്രഹങ്ങളിൽ പങ്കു പറ്റാനാഗ്രഹിക്കുന്നെങ്കിൽ കുരിശിനെയും അതിൽ അർപ്പിക്കപ്പെട്ട പരമ ബലിയേയും അങ്ങേയറ്റം ബഹുമാനിക്കുക. നിങ്ങളുടെ ആത്മാവിനേയും അതിന്റെ നൈർമല്യത്തേയും വിലമതിക്കുക. കുരിശിൽനിന്നുയിർക്കൊള്ളുന്ന അതിസ്വാഭാവിക ജീവനെ നിങ്ങൾ ആദരിക്കുക, എന്തു ത്യാഗം സഹിച്ചും നിങ്ങളുടെ ആത്മാവിൽ ഈശ്വരപ്രസാദം നിലനിറുത്താൻ തയ്യാറാവുക എങ്കിൽ കുരിശിനെ നിങ്ങൾ ബഹുമാനിക്കുന്നു.
മഹിയാം മരുവിൽ സഞ്ചരിക്കുന്ന മാനവരാശിക്കു കുരിശിൽക്കിടക്കുന്ന മിശിഹാ നാഥൻ മുക്തിമാർഗ്ഗം ചൂണ്ടിക്കാട്ടുന്നുണ്ട്. അവിടുന്ന് എന്നേയും നിങ്ങളേയും മാടിവിളിക്കയാണ്. ‘ഇതിലെ വരൂ. എന്റെ കുരിശു കാണിക്കുന്ന മാർഗ്ഗത്തിലൂടെ ചരിക്കൂ. അല്ലെങ്കിൽ നിങ്ങൾ നശിക്കും’. സെന്റ് പീറ്റർ പറയും: ‘മനുഷ്യൻ നമുക്കുവേണ്ടി മരിച്ചു. അവിടുത്തെ അനുഗമിക്കാൻ ആ ദൃഷ്ടാന്തം തരികയും ചെയ്തിരിക്കുന്നു’ (1 പത്രോ. 2:21).
ക്രിസ്തുവിന്റെ കുരിശു വേറൊരുവിധത്തിലും നമുക്കു മാർഗ്ഗദർശകമാണ്. സഹസ്രാബ്ദങ്ങളായി അഗ്രാഹ്യമായിരുന്ന ഒരു കാര്യം ക്രിസ്തുവിന്റെ കുരിശു ഗാഗുൽത്തായിൽ നാട്ടപ്പെട്ട ക്ഷണം മാനവവംശം മനസ്സിലാക്കി. മനുഷ്യനെ സദാ മിഥിച്ചുകൊണ്ടിരുന്ന ആ മഹാപ്രശ്നത്തിന്റെ-സഹനത്തിന്റെ- അർത്ഥം അതവർക്ക് അറിയിച്ചുകൊടുത്തു.
അവഹേളിതമായ കുരിശു പരിത്രാണമായി ഭവിച്ചു. മനുഷ്യഹൃദയങ്ങളിൽ വീണ ക്രിസ്തുവിന്റെ രക്തമാണു നമ്മെ രക്ഷിച്ചത് നിത്യജീവന്റെ സൗധങ്ങളും ഇരിപ്പിടങ്ങളുമായി അതു നമ്മെ മാറ്റി. ഈശ്വരസുതന്റെ ഇഷ്ടപ്രസാദമില്ലെങ്കിൽ ജീവിതം എന്നും അപരിഹാര്യമായ ഉഗ്രപ്രശ്നങ്ങളുടെ സമാഹാരം മാത്രമായിരിക്കും. എസ്ക്കിലസിന്റെ ‘Prometheus Bound’, ബാക്കിന്റെ ‘Parsifal’, ഡാന്റെയുടെ ‘Divine Comedy’, ഷേക്സ്പിയറിന്റെ ‘The Tempest’, മസാക്കിന്റെ‘Tragedy of Man’ തുടങ്ങിയ വിശ്വോത്തര കലാസൃഷ്ടികളൊക്കെ മേല്പറഞ്ഞ സംഗതിയാണു സ്പഷ്ടമാക്കുക.
കാരുണ്യത്തിന്റെ മൂർത്തീഭാവമാണു കുരിശ്. സ്വർഗ്ഗസ്ഥനായ പിതാവ് അനുതാപികളോട് അളവില്ലാതെ കാരുണ്യം കാട്ടുന്നവനാണ്. പാപപ്പൊറുതിക്കുള്ള മാനുഷ്യകത്തിന്റെ മധുരസ്വപ്നങ്ങൾ പരിപാവന യാഥാർത്ഥ്യങ്ങളായി ഭവിക്കും. കുരിശിലെ കള്ളനു കാരുണ്യപൂർവ്വം പൊറുതി അരുളിക്കൊണ്ട് ഈ സത്യങ്ങളെയാണു സർവേശ സുതൻ നമ്മെ പഠിപ്പിക്കുക.
വിനീതമായ ഹൃദയചഷകത്തിൽനിന്നു തെറിച്ചു വീഴുന്നൊരു ശബ്ദത്തുള്ളി മതി മനുഷ്യപുത്രന്റെ മനം കുളിർപ്പിക്കാൻ. ഈശ്വരന്റെ തൃക്കൺകടാക്ഷത്തിൽ കാലൂന്നാൻ കരളുറപ്പില്ല ചിലർക്ക്. പാപബദ്ധമായ ഭൂതകാലത്തെസംബന്ധിച്ച ചിന്തയാൽ ഭയാക്രാന്തരാണവർ. മുക്തി മാർഗ്ഗമെന്തെന്ന് നല്ല കള്ളന്റെ കഥയിൽ നിന്ന് അവർ പഠിക്കട്ടെ. ബുദ്ധിമുട്ടുള്ള കാര്യമല്ലിത്. അനുഗ്രഹദായകനായ അഖിലേശനിൽ അഭയം തേടുക. അനുതാപപൂർവ്വം അപരാധങ്ങൾ അംഗീകരിക്കുക. ആവുന്നത്ര പരിഹാരം അനുഷ്ഠിക്കുക. അതു മാത്രമേ ചെയ്യേണ്ടതുള്ളൂ.
ക്രിസ്തുവിന്റെ കുരിശു നമ്മുടെ ആശ്വാസമാണ്. കുരിശു നമ്മുടെ ശവകുടീരത്തിനു മുകളിൽ സ്ഥലം പിടിക്കുന്നെങ്കിൽ നാം അവഗണിക്കപ്പെടുകയില്ല. ദിവ്യരക്ഷകന്റെ കുരിശ് അവിടെ പ്രാഭവമോടെ വാണരുളുമെങ്കിൽ ഒരു നാളും നാം ഉപേക്ഷിക്കപ്പെടുകയില്ല. ചേതോഹാരങ്ങളായ പല സ്മാരകങ്ങളും ശവകുടീരങ്ങളിൽ പടുത്തുയർത്താൻ കലാദേവിക്കു കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം കല്ലറയ്ക്കലെ ഏറ്റം ഭൂഷണമായ ആഭരണം അവന്റെ കുരിശാണ്. മിശിഹാ നമുക്കുവേണ്ടി മരണം വരിച്ച ആ കുരിശല്ലാതെ മറ്റൊരു സ്മാരകവും നമ്മുടെ കല്ലറയ്ക്കു മുകളിൽ ഉയർത്തപ്പെടാതിരിക്കട്ടെ.