രോഗങ്ങളിൽ നിന്ന് മനുഷ്യരെ വിടുവിക്കാൻ മാത്രമല്ല, മരിച്ചവരെ ഉയർപ്പിക്കാനും ഈശോയ്ക്ക് അധികാരം ഉണ്ട് എന്ന് തെളിവാണ് നായിനിലെ വിധവയുടെ മകനെ മിശിഹാ തമ്പുരാൻ ഉയിർപ്പിച്ചത്. തന്റെ അധികാരവും ശക്തിയും അനുകമ്പ പൂർവ്വം അവിടുന്ന് ഉപയോഗിക്കുന്നു എന്നതിന് തെളിവാണ് ഈ സംഭവം. മരണത്തിന്മേലും ഈശോയ്ക്ക് അധികാരമുണ്ട്. കാരണം,അവിടുന്ന് ‘വഴിയും സത്യവും ജീവനുമാണ്”. അശരണരോടുള്ള അവിടുത്തെ കരുണയും അനുകമ്പയും ഈ അത്ഭുതം വ്യക്തമാക്കുന്നു(ലൂക്ക 7:12).
ഏക മകന്റെ മരണം മൂലം ആ വിധവ തീർത്തും അനാഥയായിരിക്കുന്നു. കുടുംബം പോറ്റി പുലർത്തിയിരുന്ന, കുടുംബത്തിന്റെ അത്താണിയായിരുന്ന അവരുടെ ഏക മകനാണ് മരിച്ചിരിക്കുന്നത്. അഗതിയും അനാഥയുമായ അവളിൽ ഈശോയ്ക്ക് അത്യഗാധമായ അനുകമ്പ തോന്നി. അവിടുന്ന് മനസ്സലിഞ്ഞ് അവൾക്ക് വേണ്ടി ഒരു അത്ഭുതം പ്രവർത്തിക്കുന്നു. ഈശോ ഇവിടെ ആദ്യം കണക്കിലെടുക്കുന്നത് നിരാലംബയായ ആ മാതാവിനെയാണ്. ” കരയാതെ” എന്നു പറഞ്ഞ് അവിടുന്ന് അവളെ ആശ്വസിപ്പിക്കുന്നു. ” കരയാതെ”എന്ന ആശ്വാസവാക്ക് പുനർജ്ജീവന ച്ചടങ്ങിനുള്ള ഒരുക്കമായി കരുതാം.
പെട്ടെന്ന് അവിടുന്ന് മുമ്പോട്ട് വന്ന് ശവമഞ്ചം തൊടുന്നു. അനന്തരം മൃതനോട് ആജ്ഞാസ്വരത്തിൽ അരുൾ ചെയ്യുന്നു. ” യുവാവേ, എഴുന്നേൽക്കുക” (ലൂക്കാ 7: 14). മരണം അശുദ്ധി ഉളവാക്കുന്നില്ലെന്നും മരിച്ചവൻ അശുദ്ധനല്ല എന്നും യഹൂദരെ പഠിപ്പിക്കാൻ ആയിരിക്കണം ദിവ്യനാഥൻ ശവമഞ്ചത്തെ സ്പർശിച്ചത്. അങ്ങനെ ആചാര ശുദ്ധിയുടെ നിയമം അവിടുന്നു തിരുത്തിക്കുറിച്ചു. തന്റെ തിരുവചന ത്താലും ദിവ്യ സ്പർശനത്താലും ആണ് ഈശോ മരിച്ചവനെ ഉയിർപ്പിച്ചത്.
ഈശോ നായിനിലെ വിധവയുടെ മകനെ ഉയർപ്പിച്ച പ്രതികരണം വളരെ നിർണായകമാണ്. എല്ലാവരും ഭയപ്പെട്ടു. അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: ഒരു വലിയ പ്രവാചകന് നമ്മുടെ ഇടയില്‍ ഉദയംചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു.
അവനെപ്പറ്റിയുള്ള ഈ വാര്‍ത്ത യൂദയാ മുഴുവനിലും പരിസരങ്ങളിലും പരന്നു.
ലൂക്കാ 7 : 16-17. ലൂക്കായ്ക്ക് ഈശോയുടെ ദൈവത്വം വെളിപ്പെടുന്നതിന് ഈ അത്ഭുതം വളരെയേറെ സഹായകമായി.
” എല്ലാവരെയും ഭയപ്പെട്ടു “എന്ന പ്രയോഗം യഹൂദരെയും വിജാതിരേയും ഉൾക്കൊള്ളുന്നു. ” ഭയപ്പെട്ടു” എന്ന വർണ്ണന ദൈവസാന്നിധ്യം സൂചിപ്പിക്കുന്നു(ലൂക്ക 5:26). മരിച്ച യുവാവിനെ ദിവ്യനാഥൻ ഉയർപ്പിച്ചപ്പോൾ ” എല്ലാവരും” ദൈവത്തിന്റെ മുമ്പിൽ നിൽക്കുന്നത് പോലുള്ള അനുഭവം അവർക്കുണ്ടായി.
ദൈവം വലിയ പ്രവാചകനെ നൽകിയതിനും, തന്റെ ജനത്തെ സന്ദർശിച്ചതിനും, അതായത് രക്ഷയുടെ പ്രാരംഭം കുറിച്ചതിനും എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തുകയായി.