1906 ലെ ദുഖവെളിയാഴ്ച എവുപ്രാസ്യമ്മ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഇങ്ങനെ ഒരു സ്വരം കേട്ടു, “എന്നിൽ നിന്നകലാതെ, എന്റെ കൈപ്പുനിറഞ്ഞ പാടുപീഡകളുടെ കൂട്ടാളിയായി, എന്റെ മണവാട്ടിക്കു യോജിച്ചവിധം സന്തോഷകരമായി സഹിച്ചതിനാൽ ഇനി നീ സമാശ്വസിക്കുക. എന്റെ അമ്മയുടെ വ്യാകുലങ്ങളിന്മേൽ ഏറ്റവും ഭക്തയായിരിക്കാൻ ശ്രദ്ധിക്കുക. എന്റെ പീഡാസഹനത്തിന്റെ ഫലം എല്ലാവരും അറിഞ്ഞു അനുഭവിക്കുന്നതിനു വേണ്ടി എന്റെ വ്യാകുലയായ അമ്മയോട് ചേർന്ന് നല്ലവണ്ണം അപേക്ഷിക്കണം.” ആത്മാക്കളുടെ രക്ഷയ്ക്കായുള്ള നമ്മുടെ പ്രാർത്ഥനകൾ വ്യാകുലയായ മാതാവിന്റെ സഹനങ്ങളോടും പ്രാര്ഥനകളോടും ചേർത്തുവച്ചു സമർപ്പിക്കുമ്പോൾ, കൂടുതൽ സ്വീകാര്യമുള്ളതായി തീരുമെന്നതിനാൽ തെല്ലും സംശയിക്കേണ്ടതില്ല.
പരിശുദ്ധ അമ്മയുടെ ഹിതത്തോടു ചേർന്ന് നാം വ്യാപാരിക്കുമ്പോൾ ‘അമ്മ നമ്മെ ദൈവഹിതത്തോടു ചേർത്തുനിർത്തുകയും ആവശ്യാനുസൃതം നിർദ്ദേശങ്ങൾ നൽകി വഴിനടത്തുകയും ചെയ്യും. ഒരിക്കൽ പരി. ‘അമ്മ എവുപ്രാസ്യമ്മയ്ക്കു പ്രത്യക്ഷപെട്ടു പറഞ്ഞു, “ധൈര്യമായിരിക്കുക. നിന്റെ ‘അമ്മ ഞാനാണ്. നീ പാപികൾക്കും തിരുസഭയ്ക്കും വേണ്ടി പ്രാർത്ഥിക്കുക”
സ്വർഗ്ഗത്തിന്റെ ഹിതം ഭൂമിയെ അറിയിക്കാൻ പരി. ‘അമ്മ സവിശേഷമാം വിധം നിയോഗിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധാത്മാക്കൾക്കു ‘അമ്മ അത് വെളിപ്പെടുത്തുകയും ചെയുന്നു.
സ്വർഗ്ഗത്തിലും ഭൂമിയിലും വലിയ അടയാളമായി ആ ‘സ്ത്രീ’, പരി. ‘അമ്മ ഇന്നും നിലകൊള്ളുന്നു. ആ അടയാളം ദർശിക്കുന്നവർ മിശിഹാ എന്ന യാഥാർത്ഥ്യത്തിലേക്ക് എത്തുന്നു.