നിന്നെ പൂർണ്ണമായി അറിയുന്ന ദൈവം കർത്താവു നിന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു. നീ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അവിടുന്ന് അറിയുന്നു. നിന്റെ വിചാരങ്ങൾ അകലെ നിന്ന് അവിടുന്ന് മനസ്സിലാക്കുന്നു. നിന്റെ നടപ്പും കിടപ്പും അവിടുന്ന് പരിശോധിച്ച് അറിഞ്ഞിരിക്കുന്നു. നിന്റെ മാർഗ്ഗങ്ങൾ അവിടുത്തേക്ക് നന്നായി അറിയാം. ഒരു വാക്കു നിന്റെ നാവിലെത്തുന്നതിനു മുൻപ് തന്നെ കർത്താവ് അത് അറിയുന്നു. മുൻപിലും പിൻപിലും അവിടുന്ന് നിനക്കു കാവൽ നിൽക്കുന്നു. അവിടുത്തെ കരം നിന്റെ മേലുണ്ട്. ഈ അറിവു നിന്നെ വിസ്മയിപ്പിക്കുന്നില്ലേ? നിനക്ക് അപ്രാപ്യമാംവിധം അത് ഉന്നതമാണ്. അവിടുത്തെ സന്നിധിവിട്ട് നിനക്ക് എങ്ങും പോകാനാവില്ല, എങ്ങും ഓടി ഒളിക്കാനും ആവില്ല. നീ ആകാശത്തേക്ക് കയറിയാൽ അവിടുന്ന് അവിടെയുണ്ട്.
പാതാളത്തിൽ കിടക്കവിരിച്ചാൽ അവിടുന്ന് അവിടെയുണ്ട്. നീ പ്രഭാതത്തിന്റെ ചിറകു ധരിച്ചു സമുദ്രത്തിന്റെ അതിർത്തിയിൽ ചെന്നു വസിച്ചാൽ, അവിടെയും അവിടുത്തെ കരമായിരിക്കും നിന്നെ നയിക്കുക. അവിടുത്തെ വലതുകൈ നിന്നെ പിടിച്ചു നടത്തും. നീ ആഗ്രഹിച്ചാൽ പോലും, ഇരുട്ടു നിനക്ക് ഇരുട്ടായിരിക്കുകയില്ല, എന്തെന്നാൽ അവിടുത്തേക്ക് ഇരുട്ടും പ്രകാശം പോലെ തന്നെയാണ്. അവിടുന്നാണ് നിന്റെ അന്തരംഗത്തിനു രൂപം നൽകിയത്. നിന്റെ അമ്മയുടെ ഉദരത്തിൽ അവിടുന്ന് നിന്നെ മെനഞ്ഞു. നീ അവിടുത്തെ സ്തുതിക്കുക. എന്തെന്നാൽ അവിടുന്ന് നിന്നെ വിസ്മയനീയനായി സൃഷ്ടിച്ചു. അവിടുത്തെ സൃഷ്ടികളെല്ലാം അത്ഭുതകരമാണ്.
നീ അത് നന്നായി അറിയണം. നിന്റെ രൂപം എന്നേക്കും അങ്ങേക്ക് ജ്ഞാതമായിരുന്നു. നിനക്ക് രൂപം ലഭിക്കുന്നതിന് മുൻപ് തന്നെ അവിടുത്തെ കണ്ണുകൾ നിന്നെ കണ്ടു. നിനക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകൾ ഉണ്ടാകുന്നതിനും മുൻപ് തന്നെ അവിടുത്തെ പുസ്തകത്തിൽ അവ എഴുതപ്പെട്ടു. അവിടുത്തെ ചിന്തകൾ നിനക്ക് അമൂല്യമായിരിക്കണം. നീ അവയെ എണ്ണാൻ നോക്കിയാൽ മണൽത്തരികളേക്കാൾ അവ വളരെയധികമാണ്.
നീ ഉണരുന്നത് അവിടുത്തെ കരങ്ങളിലാണ്, ആയിരിക്കണം. ഇങ്ങനെയാവട്ടെ നിന്റെ പ്രാർത്ഥന. “ദൈവമേ, എന്നെ പരിശോധിച്ചു, എന്റെ ഹൃദയത്തെ അറിയണമേ!
എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ മനസ്സിലാക്കണമേ! വിനാശത്തിന്റെ വഴിയിലാണോ ഞാൻ ചരിക്കുന്നതെന്നു നോക്കണമേ! ശാശ്വത മാർഗ്ഗത്തിലൂടെ എന്നെ നയിക്കണമേ! (സങ്കീ. 139).