മനുഷ്യന് ദൈവം നൽകിയ മഹത്തായ അനുഗ്രഹമാണ് സ്വാതന്ത്ര്യം. ഈ വിലപ്പെട്ട നിധി, ഈ ദിവ്യ ദാനം, അവൻ ശരിയായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഉടയവൻ അവനൊരു കൽപ്പന നൽകി. പറുദീസയിലെ “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം നീ തിന്നരുതു. തിന്നുന്ന ദിവസം നീ മരിക്കും” (ഉല്പ. 2:17).
ദൈവം ആദ്യം സൃഷ്ട്ടിച്ചത് അരൂപികളായ മാലാഖമാരെയാണ്. ലൂസിഫറിൽ അഹങ്കാരം പത്തിവിടര്തി. തന്റെ സൃഷ്ട്ടാവിന്റെ കർത്ര്വതം (സൃഷ്ട്ടാവ് എന്ന അവസ്ഥ) അംഗീകരിക്കാതെ അവൻ അവിടുത്തെ പാടെ ധിക്കരിച്ചു. അവനു അനുയായികളും ഉണ്ടായി. ദൈവം ആ ധിക്കാരികളെ പറുദീസയിൽ നിന്ന് പുറത്താക്കിയെന്നു മാത്രമല്ല, നിത്യ നരകാഗ്നിയിലേക്കു തള്ളുകയും ചെയ്തു.
ദൈവത്തോട് പ്രതികാരം ചെയ്യാൻ ഹവ്വയെ അവൻ കരുവാക്കി. അവൻ നുണയനും നുണയന്റെ പിതാവുമാണല്ലോ. ഹവ്വയെ പച്ചക്കള്ളം പറഞ്ഞു കബളിപ്പിച്ചു, വിലക്കപ്പെട്ട കനി ഭക്ഷിക്കാൻ നിര്ബന്ധിതയാക്കി. അവൾ ആദത്തിനും അത് കൊടുത്തു. അങ്ങനെ ഇരുവരും ‘സ്വന്തവാളാൽ (സ്വാതന്ത്ര്യം) സ്വയം വെട്ടിമരിച്ചു.’ (അവരിലെ ദൈവിക ജീവൻ മരിച്ചു). എങ്കിലും എന്നേക്കുമായി മനുഷ്യനെ കൈവിടാൻ കരുണാമയന്റെ കരുണാർദ്രമായ സ്നേഹം അനുവദിച്ചില്ല. സ്വപുത്രനെ മാനവരാശിയുടെ രക്ഷകനായി ലോകത്തിലേക്കയക്കാൻ തിരുമനസ്സായി. രക്ഷകന്റെ മാതാവിനെ നാമകരണം ചെയ്തു നിയോഗിച്ചു. പരമ പരിശുദ്ധിതന്നെയായ തന്റെ തിരുസുതനു പിറക്കാൻ പരമ പരിശുദ്ധയായ ഒരു അമ്മയുടെ സഹായം ആവശ്യമായിരുന്നു. അതിനുവേണ്ടി, അഖിലേശൻ, കാലേകൂട്ടി (മറിയത്തിന്റെ ഉത്ഭവത്തിൽ തന്നെ -ഉല്പ. 3:15 കാണുക), പുത്രൻ നേടിയെടുക്കാനിരിക്കുന്ന രക്ഷ സമ്മാനിച്ചു തന്റെ പ്രിയപ്പെട്ട മക്കൾക്ക് അമലോത്ഭവയായി ജനിക്കാൻ കൃപ നൽകി. തന്റെ മകൻ തന്നെയാണ് അമ്മയുടെയും രക്ഷകൻ! ദൈവത്തിനു അസാധ്യമായി എന്തെങ്കിലും ഉണ്ടോ? അങ്ങനെ കറപുരണ്ട മനുഷ്യപ്രകൃതിയുടെ ഏക അപവാദം ആയി (our tainted nature’s solitary boast).
ഈ സത്യം വെളിപ്പെടുത്തുന്ന ദൈവത്തിന്റെ ആദ്യവാഗ്ദാനം മുകളിൽ പരാമർശിച്ചത് പൂർണമായി ഉദ്ധരിക്കാം “നീയും (സാത്താൻ) സ്ത്രീയും (മറിയം) തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ (മിശിഹാ) നിന്റെ തല തകർക്കും. നീ അവന്റെ കുതികാലിനു പരിക്കേൽപ്പിക്കും”. (ഉല്പ. 3:15)
ഈ പരിക്കേൽപ്പിക്കൽ അതിന്റെ പരമകാഷ്ടയിലെത്തിയിരിക്കുകയാണ്. നിതാന്ത ജാഗ്രതയാണ് ഇന്നിന്റെ മഹാ വലിയ ആവശ്യം.
ക്രിസ്തു മാനവരാശിയുടെ മുഴുവൻ രക്ഷകനാണ്. അവിടുന്ന് ഏക രക്ഷകനാണ്; ലോക രക്ഷകനും.
ക്രിസ്തുവിന്റെ തിരുരക്തത്തിനു മാത്രമേ മനുഷ്യരെ ഉത്ഭവ പാപത്തിൽ നിന്നും (മാമ്മോദീസ) കര്മപാപത്തിൽ നിന്നും (വി. കുമ്പസാരം) രക്ഷിക്കാനാവു. അതിനു അത് സർവ ശക്തവുമാണ്.
“മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ, മനുഷ്യരുടെ ഇടയിൽ, നമുക്ക് രക്ഷയ്ക്കായി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല” (അപ്പ. പ്ര. 4:12). ഈ പ്രേഷിത ദൗത്യം എന്റെയും നിങ്ങളുടെയും പരമ പ്രധാനമായ കടമയാണ്. “നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. വിശ്വസിക്കുന്നവൻ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും” (മാർകോ. 16:16)
പൗലോസ് ശ്ലീഹ വ്യക്തമാക്കുന്നു “നാം പാപികളായിരിക്കെ, മിശിഹാ നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു” (റോമാ 5:8).
മാനവ ചരിത്രത്തിനു സുനിശ്ചിതവും അനുഗ്രഹപ്രദവുമായ ദിശാബോധം നൽകിയ മഹാ വെളിപാടാണ് ബൈബിളിലെ പ്രഥമ വാക്ക്യം “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ട്ടിച്ചു” (ഉല്പ. 1:1). 1:3 വ്യക്തമാക്കുന്നു “താൻ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു.” സൃഷ്ടിയുടെ മണിമകുടവും അധികാരിയുമായ അവിടുന്ന് മനുഷ്യനെ സൃഷ്ട്ടിച്ചു. “ദൈവമേ കർത്താവു ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം (ദൈവത്തിന്റെ ഛായയും സാദൃശ്യവും) അവന്റെ നാസാരന്ദ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു.