മനുഷ്യനു മഹോന്നതൻ സമ്മാനിച്ച വലിയ അനുഗ്രഹമാണ് അവൻറെ സ്വാതാന്ത്ര്യം. ഇതു ദൈവഹിതമനുസരിച്ചു നന്മ ചെയ്യാൻ ഉപയോഗിച്ചാൽ അവൻ രക്ഷപ്രാപിക്കും. നിത്യസൗഭാഗ്യത്തിന്, സ്വർഗ്ഗത്തിന് അവകാശിയാകും. എന്നാൽ തൻറെ സ്വാതാന്ത്ര്യം ദുരുപയോഗിച്ചു വിഗ്രഹാരാധനയ്ക്കും മറ്റു പാപങ്ങൾക്കും അടിമപ്പെട്ടാൽ ആത്മനാശമാണ് അവനെ കാത്തിരിക്കുക. നിയ.30:15 – 19 ഈ സത്യം സുതരാം വ്യക്തമാക്കുന്നുണ്ട്. ” ഇതാ, ഇന്നു ഞാൻ നിൻറെ മുമ്പിൽ ജീവനും, നന്മയും, മരണവും, തിന്മയും വച്ചിരിക്കുന്നു ഇന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്നതനുസരിച്ച്, നിൻറെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും അവിടുത്തെ കല്പനകളും പാലിക്കുകയും ചെയ്താൽ നീ ജീവിക്കും … നിൻറെ ദൈവമായ കർത്താവു നിന്നെ അനുഗ്രഹിച്ചു വർദ്ധിപ്പിക്കും. എന്നാൽ ഇവയൊന്നും അനുസരിക്കാതെ …. വിഗ്രഹാരാധനയിൽ നിപതിച്ചാൽ നീ തീർച്ചയായും മരിക്കും. ഇന്നു ഞാൻ ഉറപ്പിച്ചു പറയുന്നു, ജീവനും മരണവും അനുഗ്രഹവും ശാപവും ഞാൻ നിൻറെ മുമ്പിൽ വച്ചിരിക്കുന്നു.
ഈ സത്യം തന്നെയാണ് ഈശോ “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക ” എന്ന നിർദ്ദേശത്തിലൂടെ വ്യക്തമാക്കുക. ” ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ. നാശത്തിലേക്കു നയിക്കുന്ന വാതിൽ വിസ്തൃതവും വിശാലവുമാണ്, അതിലേ കടന്നു പോകുന്നവർ വളരെയാണു താനും “(ലൂക്കാ.7:13 ) ജറെമിയായും വ്യക്തമായി പറയുന്നു, ജീവൻ്റെയും മരണത്തിൻറെയും മാർഗ്ഗങ്ങൾ ഇതാ നിങ്ങളുടെ മുമ്പിൽ ഞാൻ വച്ചിരിക്കുന്നു.
ജീവനിലേയ്കക്കു നയിക്കുന്ന മാർഗ്ഗം ഈശോ പഠിപ്പിച്ച ശ്രേഷ്ഠമായ നീതിയുടെ മാർഗ്ഗമാണ്. അവിടുന്ന് അസന്നിദ്ധമായി പ്രഖ്യാപിക്കുന്നു. നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിപ്പിക്കുന്നില്ലെക്കിൽ, നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോടു പറയുന്നു. (മത്തായി.5:20 )
നീതിയുടെ മാർഗ്ഗത്തിലൂടെയുള്ള യാത്ര മനുഷ്യനിൽ നിന്നും നിരവധി ത്യാഗങ്ങൾ ആവശ്യപ്പെടുന്നു. കുരിശുകൾ, മതപീഡനം, പ്രലോഭനങ്ങൾ തുടങ്ങിയവ. ഇടുങ്ങിയ വാതിലിൽ ജീവൻറെ, നന്മയുടെ മാർഗ്ഗത്തിൽ മനുഷ്യൻ കണ്ടെത്തും. അതു രക്ഷയിലേയ്ക്കുള്ള മാർഗ്ഗമാണെന്ന് അങ്ങനെ തിരിച്ചറിയാം. അതിലേ മുമ്പോട്ടു പോകുന്നത് ഈശോ വാഗ്ദാനം ചെയ്യുന്ന നിത്യ രക്ഷയിലേക്കാണ്. എന്നാൽ സഹനങ്ങളും, ത്യാഗങ്ങളും, കുരിശുകളും ഒഴിവാക്കിയുള്ള യാത്ര, വിശാലമായ വഴിയിലൂടെയുള്ള യാത്ര ശിക്ഷയിലേക്കു നയിക്കും. കുരിശിൻറെ പാത ജീവനിലേക്കും കുരിശ് ഒഴിവാക്കിയുള്ള പാത മരണത്തിലേക്കും നയിക്കും. തിരഞ്ഞെടുപ്പ് ഉറപ്പായും ഓരോ മനുഷ്യനെയും ആശ്രയിച്ചിരിക്കും