ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള പ്രഖ്യാപനം ശിഷ്യരിൽ മിക്കവർക്കും ഉൾക്കൊള്ളാനായില്ല. അവർ പറഞ്ഞു “ഈ വചനം കഠിനമാണ്. ഇത് ശ്രവിക്കുവാൻ ആർക്കു കഴിയും?…” ഇതിനു ശേഷം അവന്റെ ശിഷ്യന്മാരിൽ വളരെപ്പേർ അവനെ വിട്ടുപോയി. അവർ പിന്നീടൊരിക്കലും അവന്റെകൂടെ നടന്നില്ല. ഈശോ 12 പേരോടുമായി ചോദിച്ചു “നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?” ശിമയോൻ പത്രോസ് (മറുപടിയായി) പറഞ്ഞു “കർത്താവെ ഞങ്ങൾ ആരുടെ പക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലുണ്ട്. നീയാണ് ദൈവപുത്രനെന്നു ഞങ്ങൾ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു” (യോഹ. 6:60-69).
അതെ, ദിവ്യകാരുണ്യവും കുരിശും പലർക്കും ഇടർച്ചയുടെ കല്ലാണ്. ഇതൊരു മഹാ രഹസ്യമാണ്. എക്കാലവും ഭിന്നതയ്ക്കു അവസരമായി ഇത് നിലനിൽക്കുകയും ചെയ്യും.’നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?’ എന്ന കർത്താവിന്റെ ചോദ്യം യുഗങ്ങളിലൂടെ പ്രതിധ്വനിക്കുന്നു. അവിടുത്തേക്ക് മാത്രമേ നിത്യജീവന്റെ വചനമുള്ളു എന്നും അവിടുത്തെ ദിവ്യകാരുണ്യത്തിന്റെ ദാനം വിശ്വാസത്തോടെ സ്വീകരിക്കുക എന്നത് അവിടുത്തെ തന്നെ സ്വീകരിക്കുക എന്നതാണെന്നും കണ്ടെത്താനുള്ള സ്നേഹമസൃണമായ ക്ഷണമാണ് കർത്താവിന്റെ ചോദ്യം. തന്നെ അന്വേഷിച്ചും അനുഗമിച്ചും ദീർഘദൂരം താണ്ടി വിജന സ്ഥലത്തെത്തിയ ജനക്കൂട്ടത്തിന്റെ മേൽ അനുകമ്പ തോന്നിയ തമ്പുരാൻ അവരുടെയിടയില്ലേ രോഗികളെ സുഖപ്പെടുത്തി. അവരുടെ വിശപ്പ് ശമിപ്പിക്കാൻ, ക്ഷീണം മാറ്റാൻ, അഞ്ചപ്പം വർധിപ്പിച്ചു സന്നിഹിതരെ മുഴുവൻ തീറ്റിപ്പോറ്റിയ അത്ഭുതവും അവർ കണ്ടു (cfr മത്താ. 14:13-21). തന്റെ ദിവ്യകാരുണ്യമാകുന്ന ഏക അപ്പത്തിന്റെ പരമമായ സമൃദ്ധിയെ ഇവയിലൂടെ അവിടുന്ന് മുൻകൂട്ടി സൂചിപ്പിക്കുകയായിരുന്നു. കാനായിൽ വച്ച് വെള്ളം വീഞ്ഞാക്കിയ അത്ഭുതം തന്റെ മഹത്വത്തിന്റെ മണിക്കൂറിനെ പ്രഖ്യാപിച്ചു. പിതാവിന്റെ രാജ്യത്തു നടക്കുന്ന വിവാഹ വിരുന്നിന്റെ പൂർത്തീകരണവും അത് പ്രകടമാക്കി. ക്രിസ്തുവിന്റെ രക്തമായി തീർന്ന പുതിയ വീഞ്ഞ് വിശ്വാസികൾ സ്വർഗത്തിൽ പാനം ചെയ്യും.
കൂദാശ വചനങ്ങളിലൂടെയും റൂഹാ ക്ഷണ പ്രാര്ഥനയിലൂടെയും ഈശോ തിരുശരീര രക്തങ്ങളായി രൂപാന്തരപ്പെടുന്ന അപ്പവും വീഞ്ഞും കുർബാനയുടെ പരമപ്രധാന ഘടകങ്ങളാണ്. ‘എന്റെ ഓർമ്മക്കായി ഇത് ചെയ്യുവിൻ’ എന്ന കൽപ്പന വഴി ഈശോയുടെ മഹത്വപൂര്ണമായ പ്രത്യാഗമനം വരെ സഭ ഇത് (കുർബാന) തുടർന്നുകൊണ്ടിരിക്കും. അപ്പവും വീഞ്ഞും കൊണ്ടുചെന്ന മേൽക്കീസേദെക്കിന്റെ (രാജാവും പുരോഹിതനും) പ്രവർത്തിയിൽ സഭ തന്റെ തന്നെ കാഴ്ചവയ്പ്പിന്റെ പ്രതിരൂപം കാണുന്നു (ഉല്പ. 14:18). (പഴയനിയമത്തിൽ നടത്തപ്പെട്ടിരുന്ന) അപ്പത്തിന്റെയും കാസയുടെയും ആശിർവാദത്തിനു നവീനവും സുനിശ്ചിതവുമായ പുതിയ അർത്ഥവും മാനവും നൽകിയാണ് ഈശോ കുർബാന സ്ഥാപിച്ചത്.