ജെറുസലേമിയിലേക്കുള്ള യാത്രയിലായിരുന്നു ഈശോ. അവിടുന്ന് ഒരു ഗ്രാമത്തിൽ പ്രവേശിക്കുന്നു. വഴി യിൽ നിന്ന് കുറെ അകലെ നിന്നിരുന്ന 10 കുഷ്ഠരോഗികൾ അവിടുത്തെ കാണുന്നു. ” സ്വരം ഉയർത്തി ഈശോയേ, ഗുരോ,ഞങ്ങളിൽ കനിയണമേ എന്ന് അപേക്ഷിച്ചു.. സ്വരത്തിൽ ആയിരുന്നുകരുണയ്ക്കു വേണ്ടിയുള്ള അവരുടെ വിളി. അക്കാലത്ത് കുഷ്ഠരോഗികൾക്ക് അയിത്തം കൽപ്പിക്കപ്പെട്ടിരുന്നു. അവർ നഗരത്തിന് വെളിയിൽ പാളയത്തിന് പുറത്ത് വസിക്കുകയും (ലേവ്യ.13:46;സംഖ്യ 5:2-3) കീറിയ വസ്ത്രം ധരിക്കുകയും മുടി ചീകാതിരിക്കുകയും മേൽചുണ്ട് തുണികൊണ്ട് മറയ്ക്കുകയും അശുദ്ധൻ, അശുദ്ധൻ എന്ന് വിളിച്ചു പറഞ്ഞു മറ്റുള്ളവരെ തങ്ങളിൽ നിന്ന് അകറ്റിനിർത്തുകയും ചെയ്യണമെന്നായിരുന്നു മോശയുടെ നിയമം. അതുകൊണ്ടാണ് പ്രകൃതത്തിലെ കുഷ്ഠരോഗികൾ അകന്നു നിന്നത്.
തന്നെ വിളിച്ച് കരുണ യാചിച്ച ആ പത്തു കുഷ്ഠരോഗികളുടെ അടുത്തേക്ക് ഈശോ പോകുന്നില്ല ( മോശയുടെ നിയമം അവിടുന്ന് ലംഘിച്ചില്ല).സൗഖ്യം സൂചിപ്പിക്കുന്ന ഒരു വാക്ക് പോലും പറയുന്നില്ല.പകരം അവരോ പുരോഹിതന്മാരുടെ അടുത്തേയ്ക്ക് പറഞ്ഞയക്കുന്നു. ” പോയി, നിങ്ങളെ തന്നെ പുരോഹിതന്മാർക്ക് കാണിച്ചുകൊടുക്കുവിൻ “(17:14). പോകും വഴി അവർ സുഖം പ്രാപിച്ചു. ഈശോ മനസ്സിൽ ഒന്നു വിചാരിച്ചതേയുള്ളൂ. സത്വരം അവർ സുഖം പ്രാപിച്ചു. സർവ്വശക്തനായ ദൈവമാണ് ഈശോ. അവിടുത്തേക്ക് അസാധ്യമായി ഒന്നുമില്ല. അവരുടെ സൗഖ്യം അവർ പുരോഹിതന് സാക്ഷ്യപ്പെടുത്തേണ്ടിയിരുന്നു. പ്രസ്തുത സാക്ഷ്യം ഉണ്ടെങ്കിലേ അവർക്ക് സമൂഹത്തിൽ പ്രവേശിക്കാൻ കഴിയുമായിരുന്നുള്ളൂ (ലേവ്യ.13:49).
അവരിൽഒമ്പതുപേർ യഹൂദരും ഒരുവൻ മാത്രം സമറായനും. അവൻ ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് മടങ്ങിച്ചെന്ന് ഈശോയുടെ കാൽക്കൽ വീണു അവിടുത്തേക്ക് നന്ദി പറയുന്നു. അവൻ ഈശോയെ മിശിഹാ ആയി സ്വീകരിച്ചു, അംഗീകരിക്കുന്നു.അവിടുന്ന് അവനെ മുക്തകണ്ഠം പ്രശംസിക്കുന്നു. ഈശോ കൃത്യമായി ചോദിക്കുന്നു:” 10 പേരല്ലേ സുഖം പ്രാപിച്ചത്? ബാക്കി ഒൻപത് പേർ എവിടെ?.ഈ വിജാതീയനല്ലാതെ മറ്റാർക്കും തിരിച്ചുവന്ന് ദൈവത്തെ മഹത്വപ്പെടുത്തണമെന്ന് തോന്നിയില്ലേ? “. അനന്തര ഈശോ അവനോട്
പറഞ്ഞു :” എഴുന്നേറ്റ് പൊയ്ക്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു”(17:17-19).
തിരിച്ചുവന്നു നന്ദി പ്രകാശിപ്പിച്ച സമറായനെ പ്രശംസിക്കുക വഴി ഈശോ മൂന്ന് കാര്യങ്ങൾ വ്യക്തമാക്കുന്നു.1) സമറായൻ കാണേണ്ടത് കണ്ടു. ഈശോയുടെ പ്രവർത്തിയിൽ അവൻ ദൈവകരം കണ്ടു. ഇസ്രായേൽക്കാർ ഒന്നും “കണ്ടില്ല”. ഈശോ ദൈവമാണെന്ന് “കണ്ടത്” (മനസ്സിലായത്) അവന്റെ മനപരിവർത്തനത്തിന് നിദാനമായി.
2) നന്ദി പ്രകാശനത്തിന്റെ ആവശ്യാവശ്യകത. സമറായൻ മടങ്ങി വരവ് (തന്നെ സുഖപ്പെടുത്തി, അപമാനത്തിൽ നിന്ന് രക്ഷിച്ച രക്ഷകൻ) ദൈവത്തിന് നന്ദി പറയാനാണ്. ദൈവം തന്ന, തന്നുകൊണ്ടിരിക്കുന്ന, നിരവധിയായ നന്മകൾക്ക് നന്ദി പറയുക നമ്മുടെ പ്രഥമവും പ്രധാനവുമായ കടമയാണ്.
3) രക്ഷ സാർവത്രികമാണെന്നും ഈശോ ഇവിടെ വെളിപ്പെടുത്തുന്നു. ഈശോ സകലരുടെയും രക്ഷകനാണ്.