ക്രൈസ്തവജീവിതം പ്രായോഗികതലത്തിൽ
കേരളത്തിലെ എന്നല്ല, ലോകത്തിലെതന്നെ ഏറ്റം വലിയ കായലായിരിക്കാം വേമ്പനാട്ടു കായൽ. ഈ കായലിന്റെ കിഴക്കേത്തീരത്തുള്ള പ്രസിദ്ധമായ സ്ഥലമാണല്ലോ വൈക്കം. വൈക്ക്യത്തഷ്ടമിയെക്കുറിച്ചു കേൾക്കാത്ത മലയാളികൾ വളരെ വിരളമായിരിക്കും. വെമ്പനാട്ടു കായലിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയതാണ്. കായലോരത്തു താമസിക്കുന്നവരുടെ വീടുകളിലെ കുട്ടികൾക്ക് കായലിൽ കളിക്കാനും കുളിക്കാനും വലിയ ഇഷ്ടമാണ്. കായലിന്റെ കരയോടടുത്തുള്ള ഭാഗത്ത് ആഴം കുറവായിരിക്കും. എന്നാൽ, കുറച്ചൊരകലെ മുതൽ കായലിന്റെ ആഴം വർദ്ധിക്കുന്നു. ആഴങ്ങളിൽ പെടുന്നവർ, നന്നായി നീന്താനറിയുന്നവർപോലും, പലപ്പോഴും മുങ്ങിമരിക്കാറുണ്ട്. ഇതു മനസ്സിലാക്കിയിരുന്ന ആ പ്രദേശത്തെ മാതാപിതാക്കൾ, ആഴക്കുറവുള്ള ഭാഗത്തിന്റെ അതിർത്തികളിൽ, നിരത്തി കുറ്റിയടിക്കുമായിരുന്നു. അങ്ങനെ കുട്ടികൾക്കും നീന്തലറിഞ്ഞുകൂടാത്തവർക്കും മറ്റുമായി ക്രമീകരിച്ചിരിക്കുന്ന ഇത്തരം കുറ്റികളെ അവർ നടുക്കുറ്റികൾ എന്നാണു പറഞ്ഞിരുന്നത്. കുട്ടികൾ സ്കൂളിൽനിന്നും മറ്റും മടങ്ങിവന്നു കഴിഞ്ഞു കായലിൽ കളിക്കാനും കുളിക്കാനും ഇറങ്ങുക പതിവുമായിരുന്നു. അങ്ങനെ അവർ ഇറങ്ങുമ്പോൾ മാതാപിതാക്കളും മുതിർന്ന സഹോദരങ്ങളും മറ്റു മുതിർന്നവരും അവർക്ക് നല്കിയിരുന്ന മുന്നറിയിപ്പ് ഏതാണ്ട് ഇങ്ങനെ സംഗ്രഹിക്കാം: ”കളിക്കുന്നതും കുളിക്കുന്നതുമൊക്കെ കൊള്ളാം. പക്ഷെ, നടക്കുറ്റിക്കിപ്പുറത്തു, കരയോടു ചേർന്നേ ആകാവൂ”. (നടുക്കുറ്റിവരേ പോകാവൂ).
യന്ത്രയുഗവും വിവരസാങ്കേതികയുഗവുമൊക്കെ പിറക്കുന്നതിനുമുമ്പ്, അവയുടെ കടന്നുകയറ്റം ഇത്രയുമില്ലായിരുന്നപ്പോൾപോലും അതിർത്തിക്കുറ്റിക്ക് അപ്പുറം പോകാതിരിക്കാൻ കുട്ടികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കുടുംബത്തിലെ വല്യപ്പൻ, വല്യമ്മ, പേരപ്പൻ, പേരമ്മ, അപ്പാപ്പൻ, അമ്മാമ്മ, ജ്യേഷ്ഠസഹോദരങ്ങൾ, നല്ല അയൽക്കാർ, ഉത്തമ സുഹൃത്തുക്കൾ, വൈദികർ, സന്ന്യസ്തർ, അധ്യാപകർ തുടങ്ങിയവർ. കുട്ടികളുടെ നല്ല നടത്തിപ്പിൽ ശ്രദ്ധിക്കുകയും, കുറവുകൾ കണ്ടാൽ മാതാപിതാക്കളെ, സമയാസമയങ്ങളിൽ, അറിയിക്കുകയും ചെയ്യുന്ന നല്ല പതിവ് അന്നുണ്ടായിരുന്നു. ഇന്ന് ഇങ്ങനെയുള്ളവരുടെ എണ്ണവും വണ്ണവും നീളവും വീതിയുമൊക്കെ കുറഞ്ഞുകുറഞ്ഞ് ഒരു പക്ഷെ പൂജ്യത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു. മൃഗങ്ങൾക്കു കയറും മൂക്കുകയറും തുടലും ഒക്കെയുണ്ട്. അതുകൊണ്ട് അവയെ അധികം പേടിക്കേണ്ടതില്ല (കയറില്ലാത്തവയൊക്കെ വലിയ അപകടകാരികൾ തന്നെ. പേപ്പട്ടി ശല്യവും, തെരുവു നായക്കളുടെയും മൃഗങ്ങളുടെയും ശല്യവും പെരുകുന്നുണ്ട്. എങ്കിലും മനുഷ്യർ മനസ്സുവെച്ചാൽ അവയെയൊക്കെ ഒരു നല്ല പരിധിവരെ, നിയന്ത്രിക്കാൻ കഴിയും. ‘നടുക്കുറ്റി’കളുടെ അഭാവത്തിൽ, മക്കളുടെ എണ്ണത്തിലുള്ള കുറവിൽ, ഇന്നു നല്ലൊരു വിഭാഗം ‘കയറില്ലാത്ത’ അവസ്ഥയിലാണ്. ഇക്കൂട്ടർ നാല്ക്കാലികളെക്കാൾ അപകടകാരികളും. കുടുംബത്തിനും സമൂഹത്തിനും മാത്രമല്ല, തങ്ങൾക്കുതന്നെയും കടുത്ത അപകടകാരികളാവുന്നു. ഇന്നു പല കുടുംബങ്ങളും നാഥനില്ലാക്കളരികളാണ്.
ദൈവഭയമില്ലാത്ത, ദൈവവിശ്വാസംപോലുമില്ലാത്ത, സ്വാർത്ഥതയുടെ ശ്രീകോവിലുകളായ, മനുഷ്യത്വം തൊട്ടുതേച്ചിട്ടില്ലാത്ത, മനഃസാക്ഷി മരവിച്ച, ഹൃദയമില്ലാത്ത, ഗുരുത്വം തൊട്ടുതേച്ചിട്ടില്ലാത്ത (ഈ വാക്കു കേട്ടിട്ടുള്ളവർ ഇക്കാലത്ത് അമ്പേ കുറവാണ്), ആരിലും ഒന്നിലും ഒരു നന്മയും കാണാൻ കഴിയാത്ത പക്കാ അശുഭാപ്തിവിശ്വാസികളായ, അന്തർമുഖികളായ, വിഷയലംബടരായ, അഹങ്കാരത്തിന്റെ കൂത്തരങ്ങുകളായ, പരസ്പരം ബഹുമാനമില്ലാത്ത, എതിർലിംഗ ബഹുമാനമില്ലാത്ത, സ്ത്രീകളെയും കുട്ടികളെയും എന്തിന് ആരെയും വെറും ഉപഭോഗവസ്തുക്കളായി കാണുന്ന, ചീഞ്ഞഴിഞ്ഞു മലിമസമായ, (അപവാദങ്ങളില്ലെന്നല്ല) ഒരു വികടസംസ്കാരത്തിന്റെ മലിനവായു ശ്വസിച്ചാണു ലോകം ഇന്നു മുന്നേറുക. പ്രാർത്ഥനയും ഉപവാസവും ഇതര പരിത്യാഗപ്രവൃത്തികളും ഏറ്റം മാതൃകാപരമായ ജീവിതംകൊണ്ടും മാത്രമേ പരിഹാരം കണ്ടെത്താനാവൂ.
മേൽപറഞ്ഞ പരിഹാരങ്ങളോടു ചേർന്നു പോകേണ്ടവയാണു വിനയം, വിശുദ്ധി, സർവ്വോപരി ദൈവത്തിലുള്ള അടിയുറച്ച വിശ്വസം. അവിടുന്നു സകലരുടെയും സ്രഷ്ടാവും പിതാവുമാണെന്ന് അറിയുക. മനുഷ്യരെല്ലാം ഈ പിതാവിന്റെ മക്കളാണ്. എല്ലാ മനുഷ്യരും സഹോദരങ്ങളും. ഒരു മനുഷ്യനും ഒരു ദ്വീപല്ല (ിീ ാമി ശ െമി ശഹെമിറ). അവനൊരു സമൂഹജീവിയാണെന്നു ബോധ്യപ്പെടുക. സ്വാർത്ഥതയിൽനിന്നു പരാർത്ഥതയിലേക്കു വളരുക, ഉയരുക. പാപബോധവും പശ്ചാത്താപവും ഉള്ളവരാവുക, മാനവരാശിയുടെ ഏക രക്ഷകനാണ് ഈശോ എന്ന് അറിഞ്ഞ്, അവിടുന്നിൽ ശരണപ്പെടുക, പ്രത്യാശ വയ്ക്കുക. നരകുലത്തിന്റെ നീറുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാണ്, ഉത്തരമില്ലെന്നു കരുതുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരമാണ് അവിടുന്ന്. വഴിയും സത്യവും ജീവനുമായ അവിടുന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്ക് എത്തുകയില്ല (യോഹ. 14:6).
മുമ്പൊക്കെ, മനുഷ്യർക്ക്, ഒട്ടൊക്കെ, ആന്തരികവും ബാഹ്യവുമായ മൗനമുണ്ടായിരുന്നു. ആ നിശ്ശബ്ദതയിൽ, ദൈവത്തെ കേട്ടു ദൈവഹിതം മനസ്സിലാക്കാൻ, കുടുംബങ്ങളിൽ ധാരാളം അവസരങ്ങളുണ്ടായിരുന്നു. നല്ല കുടുംബങ്ങളിൽ കൃത്യമായി, പ്രധാനമായും, ജപമാല ചൊല്ലിക്കൊണ്ടുള്ള, കുടുംബപ്രാർത്ഥനയുണ്ടായിരുന്നു. അന്നൊന്നും ഒരു കുഞ്ഞിനുപോലും, കുടുംബപ്രാർത്ഥനയിൽ പങ്കെടുക്കാതെ, രാത്രിഭക്ഷണം കൊടുക്കുമായിരുന്നില്ല. നിഷ്ഠയോടെ പ്രാർത്ഥനയുടെ ഏതൊക്കെ അവസരങ്ങളിൽ മുട്ടുകുത്തിനിന്നു പ്രാർത്ഥിക്കണമെന്നു നിർദ്ദേശവും നിഷ്കർഷയുമുണ്ടായിരുന്നു. പ്രാർത്ഥന കഴിഞ്ഞാൽത്തന്നെ അപ്പന്റെ പ്രാർത്ഥന കഴിഞ്ഞ് എഴുന്നേറ്റുനില്ക്കുന്നതുവരെ കാത്തുനിന്ന് അപ്പനും അമ്മയ്ക്കും മുതിർന്ന സഹോദരങ്ങൾക്കും സ്തുതിചൊല്ലണമായിരുന്നു. വല്യപ്പനും വല്യമ്മയുമുണ്ടെങ്കിൽ അവർക്ക് ആദ്യം. പിന്നെയാണ് അപ്പനും അമ്മയ്ക്കും സ്തുതി. അതിന് ഒരു പ്രത്യേക കാരണം കൂടിയുണ്ടായിരുന്നു. അപ്പനും അമ്മയുമാണ് വല്യപ്പനും വല്യമ്മയ്ക്കും ആദ്യം സ്തുതി ചൊല്ലിയിരുന്നത്. ഈ പതിവുകൾക്കൊന്നും അണുവിട മാറ്റംവരുമായിരുന്നില്ല. പ്രാർത്ഥനാസമയത്തിനു മുമ്പുതന്നെ എല്ലാ അണ്ണന്മാരും വീട്ടിലെത്തിയിരിക്കണമായിരുന്നു. എന്തെങ്കിലും മതിയായ കാരണത്താൽ ആരെങ്കിലും വൈകിയെങ്കിൽ അവർ കൂടി എത്തിയിട്ട് പ്രാർത്ഥന തുടങ്ങിയാൽ മതിയെന്ന് അപ്പൻ നിർദ്ദേശിക്കും. ഇവയൊക്കെ അഴിവില്ലാത്ത, അലിഖിത നിയമങ്ങളായിരുന്നു. സ്നേഹവും ഐക്യവും സമാധാനവും സന്താഷവും പരസ്പരബഹുമാനവും അംഗീകാരവും അനുമോദനങ്ങളും ശിക്ഷണത്തിന്റെ ഭാഗമായി ശിക്ഷയും ക്ഷമാപണവും രമ്യപ്പെടലും രമ്യപ്പെടുത്തലുമൊക്കെ, പ്രാർത്ഥനയ്ക്കുമുമ്പ്, ചിലപ്പോഴൊക്കെ പിമ്പ്, അന്നന്നു, നടന്നിരുന്നു.
എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചിരുന്നു. അപ്പന്റെ കറിപ്പാത്രങ്ങളിലെ നല്ല നുറുക്കുകൾ, സൂത്രത്തിൽ, കൈക്കലാക്കുന്ന വിരുതന്മാരും കുറവായിരുന്നില്ല. അങ്ങനെ സംഭവിക്കുമ്പോൾ, അപ്പൻ എത്രമാത്രം സന്തോഷവാനായിരുന്നെന്നോ? അത്താഴംകഴിഞ്ഞ് ഉല്ലാസത്തിന്റെ ഭാഗമെന്നോണം ആ ദിവസത്തെ അനുഭവങ്ങൾ എല്ലാവരുംതന്നെ പങ്കുവയ്ക്കും. മറ്റുള്ളവർ ശ്രദ്ധാപൂർവ്വം കേൾക്കുകയും ചിലതൊക്കെ കേൾക്കുമ്പോൾ മറ്റുള്ളവർ കളിയാക്കി ചിരിക്കുകയും മറ്റും ചെയ്യുമായിരുന്നു. ഉല്ലാസം കഴിയുമ്പോൾ കുട്ടികൾ പഠിക്കാൻ പോകുന്നു. അപ്പൻ അടുത്ത ദിവസത്തേക്കുള്ള പ്ലാനും പദ്ധതിയുമൊക്കെ തയ്യാറാക്കുകയോ എന്തെങ്കിലും ചെയ്തുതീർക്കാനുണ്ടെങ്കിൽ അവ ചെയ്തുതീർക്കുകയോ ഒക്കെ ചെയ്തിരുന്നു. സഹായമെന്തെങ്കിലും ആവശ്യമെങ്കിൽ അപ്പോൾ സഹായിക്കാൻ സാധിക്കുന്നവരെയും കഴിവുള്ളവരെയും, വിളിക്കും. അവർ സസന്തോഷം ചെന്ന് അപ്പനെ സഹായിക്കും. മക്കൾ എപ്പോൾ കിടക്കണമെന്ന് അപ്പനാണു തീരുമാനിക്കുക. കുട്ടികൾക്കും ക്ഷീണിതർക്കും നേരത്തെ കിടക്കാൻ അനുവാദം കിട്ടും. ബാക്കിയുള്ളവർ ഒരു കൃത്യസമയത്തു പഠനംനിർത്തി ഉറങ്ങാൻ പോകുമായിരുന്നു, പോകണമായിരുന്നു. മക്കളെല്ലാവരും കിടന്നുകഴിഞ്ഞ് അവരെയൊക്കെ ഒന്നുനിരീക്ഷിച്ചതിനുശേഷം അപ്പൻ കിടക്കുന്നു. അവിടവും കഴിഞ്ഞ് അമരവും കഴിഞ്ഞായിരിക്കും അമ്മ വിശ്രമിക്കാൻ തുടങ്ങുക. അവസാനം കിടക്കുന്നെങ്കിലും ആദ്യം എഴുന്നേല്ക്കുന്നതും അമ്മ തന്നെ. ലേഖകന്റെ അമ്മയ്ക്ക് 9 മക്കളുണ്ടായിരുന്നു. ഞങ്ങളുടെ മാതാപിതാക്കൾ എത്രമാത്രം കഠിനാധ്വാനംചെയ്തും വർണ്ണനാതീതമായ ത്യാഗങ്ങൾ സഹിച്ചുമാണു ഞങ്ങളേ വളർത്തിയത് എന്ന് മൂത്ത മകനായ ഈയുള്ളവൻ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. മാതാപിതാക്കളെയും ഇളയ സഹോദരങ്ങളെയും കുറച്ചൊക്കെ സഹായിച്ചിട്ടുമുണ്ട്. ഔദാര്യമൊന്നുമല്ല, അത് ആവശ്യവും ബാധ്യതയുമായിരുന്നു. ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ കൃത്യമായി നടക്കുന്ന എത്ര കുടുംബങ്ങൾ കാണും ഇന്നത്തെ ലോകത്ത് എന്ന ചിന്തിക്കാതിരിക്കുന്നില്ല.
ഇന്നത്തെ കുടുംബപ്രശ്നങ്ങളുടെ, ഇടവകയിലെ, രൂപതയിലെ പ്രശ്നങ്ങളുടെയൊക്കെ ഉറവക്കണ്ണ് മേല്പ്പറഞ്ഞ കുടുംബസംവിധാനത്തിന്റെ ശിഥിലീകരണത്തിലാണ്. പണ്ടാരോ പറഞ്ഞത്രെ, കൂടുമ്പോൾ ഇമ്പമുള്ളതാണു കുടുംബമെന്ന്. അദ്ദേഹത്തിന്റെ കാലത്ത് അതു ശരിയായിരുന്നിരിക്കണം. ഇന്നിപ്പോൾ ലേശം ‘പുരോഗതി’ ഉണ്ടായിട്ടുണ്ട്! ഇന്നു കുടുംബത്തെ നിർവചിക്കേണ്ടത് ‘കൂടുമ്പോൾ ഭൂകമ്പമുണ്ടാകുന്നത്’ എന്നാണെന്നും ആരോ പറഞ്ഞത് ഓർക്കുന്നു. കുടുംബം ദൈവാലായമാണെന്നു സഭയും സഭാപിതാക്കന്മാരും പണ്ഡിതരുമൊക്കെ പഠിപ്പിക്കുന്നുണ്ട്. പക്ഷെ, ഇന്നു പല കുടുംബങ്ങളുടെയും അവസ്ഥ ഈശോ പണ്ടു പെസഹാത്തിരുന്നാൾ ദിവസം ജറുസലെം ദൈവാലയത്തിൽ പ്രവേശിച്ചപ്പോൾ ഉണ്ടായിരുന്ന അവസ്ഥ തന്നെയാണ്. തനി ചന്ത സ്ഥലം. ഈശോ, ജറുസലെമിലേക്കു പോയി. കാള, ആട്, പ്രാവ് എന്നിവ വിൽക്കുന്നവരെയും ദൈവാലയത്തിൽ അവിടുന്നു കണ്ടു. കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം, ആടുകളോടും കാളകളോടുംകൂടെ, ദൈവാലയത്തിൽനിന്നു പുറത്താക്കി. നാണയമാറ്റക്കാരുടെ നാണയങ്ങൾ ചിതറിച്ചു. അവരുടെ മേശകളെല്ലാം തട്ടിമറിച്ചു. പ്രാവു വില്പനക്കാരോട് അവിടുന്നു കല്പിച്ചു: ”ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകുവിൻ. എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവട സ്ഥലമാക്കരുത്.” പരിശുദ്ധമായതിനെ അശുദ്ധമാക്കുന്നത് ഏറ്റംവലിയ പാപമാണ്. ഇന്നു നമ്മുടെ ഭവനങ്ങളിൽ വിശുദ്ധിയുണ്ടോ, വിശുദ്ധി വർദ്ധിച്ചുവരുന്നുണ്ടോ? മാധ്യമങ്ങളിലൂടെയും ഇതര സംവിധാനങ്ങൾ വഴിയും എത്രമാത്രം അശുദ്ധിയും കച്ചവടവുമാണ് ഇന്നു കുടുംബങ്ങളിൽ നടമാടുക!
ഇടേണ്ട സമയത്ത്, ആവശ്യമുള്ളവർക്ക്, ആവശ്യമുള്ള രീതിയിൽ ‘കയറിട്ടു’ വളർത്തണം
‘കയറിടുക’ എന്നുപറഞ്ഞാൽ സുന്ദരമാക്കുക എന്നൊരർത്ഥമുണ്ട്. അപ്പോൾ കയറൂരിവിടുക എന്നുപറഞ്ഞാൽ വികൃതമാക്കുകയെന്നല്ലേ? ഇന്നു നമ്മിൽ നല്ലൊരു ശതമാനവും വികൃതരാണ്. സകല മേഖലകളിലും ഇതു ശരിയാണ്. ഈ അവസ്ഥ മാറണമെങ്കിൽ നമ്മളൊക്കെ ദൈവത്തെ കേൾക്കുന്നവരാവണം. വചനമാകുന്ന കണ്ണിലൂടെ നോക്കിയാലേ നമ്മുടെ വികൃതം, പ്രാകൃതം നമുക്കു ശരിക്കു മനസ്സിലാവുകയുള്ളൂ. നമ്മൾ ഈ കല അഭ്യസിച്ചിട്ട്, നന്നായി അഭ്യസിച്ചിട്ടു നാമതു മക്കളെ, നമ്മുടെ വിദ്യാർത്ഥികളെ, സുഹൃത്തുക്കളെ, ഏതെങ്കിലും തരത്തിൽ നമുക്കു സ്വാധീനം ചെലുത്താൻ കഴിയുന്നവരെയൊക്കെ അഭ്യസിപ്പിക്കണം. നമുക്കും അവർക്കും ദൈവത്തെ അവിടുത്തെ താത്പര്യങ്ങളെ ഏറ്റെടുക്കാൻ കഴിയണം. അപ്പോൾ സാവകാശം നാം ദൈവത്തെ കേട്ട് അനുഭവിച്ച് ജീവിക്കുന്നവരാകും. ദൈവത്തെ കേട്ടു, തദനുസാരം ജീവിക്കുന്നവരായി നമ്മുടെ മക്കളെ രൂപപ്പെടുത്താൻ നമുക്കു കഴിയുന്നുണ്ടോ? അതിനായി ആത്മാർത്ഥതയുടെ തികവിൽ പരിശ്രമിക്കുന്നുണ്ടോ?, പ്രാർത്ഥിക്കുന്നുണ്ടോ? പ്രായശ്ചിത്തം അനുഷ്ഠിക്കുന്നുണ്ടോ?
മാതാപിതാക്കളുടെ പരമപ്രധാനമായ കടമ മക്കളെ വിശ്വാസത്തിലും സന്മാർഗ്ഗത്തിലും വളർത്തി ദൈവത്തിന്റെയും മനുഷ്യരുടെയും സംപ്രീതിയിൽ എന്നും നിലനിർത്തുക എന്നതാണ്. മാതാപിതാക്കൾ ചെയ്യുന്നതു ദൈവത്തിന്റെ ജോലിതന്നെയാണ്. ശരിക്കു ചെയ്യുന്നവർക്ക് തക്ക പ്രതിഫലം കിട്ടും.