പരിശുദ്ധ ‘അമ്മ നിത്യസഹായ മാതാവാണ്. എല്ലാ വേളകളിലും, വിശിഷ്യാ, പ്രത്യേക ദൗത്യനിർവ്വഹണത്തിന്റെ പ്രതിസന്ധതിഘട്ടങ്ങളിലും, ഈ ‘അമ്മ തന്റെ മക്കൾക്കെല്ലാവർക്കും അഭയകേന്ദ്രമാണ്. വി. ഡൊമിനിക്കിന് പരിശുദ്ധ ദൈവമാതാവിലൂടെ ലഭിച്ച ഒരു ഉറപ്പിന്റെ വലിയ സാക്ഷ്യം ഇതാ. തന്റെ സന്യാസസമൂഹത്തിനു മാർപാപ്പയുടെ അംഗീകാരം സമ്പാദിക്കാൻ അദ്ദേഹം റോമിലേക്ക് പോയി. അവിടെവച്ചു അദ്ദേഹത്തിന് ചില സ്വർഗീയദര്ശനങ്ങൾ ഉണ്ടായി.
അനേകം മാലാഖമാരോടൊപ്പം താൻ സ്വർഗത്തിൽ നിൽക്കുന്നു! അതാ, പരിശുദ്ധ ‘അമ്മ പ്രഭാപൂരിതയായി തനിക്കു സമീപമുണ്ട്. ‘അമ്മ എന്തോ അദ്ദേഹത്തോട് സംസാരിച്ചു. സമീപത്തുനിന്ന് മറ്റൊരാളോടും ‘അമ്മ എന്തോ പറഞ്ഞു. പ്രസ്തുത വ്യക്തി ആരെന്നു ഡൊമിനിക്കിന് വ്യക്തമല്ല. എത്ര ശ്രമിച്ചിട്ടും ആ വ്യക്തിയുടെ മുഖം അദ്ദേഹത്തിന് വ്യക്തമായി കാണാനാവുന്നില്ല. പിറ്റേന്ന് റോമിൽ വച്ച്, അതാ, ഒരു ഭിക്ഷുവിന്റെ വേഷത്തിൽ ഒരാൾ വരുന്നു! തലേന്ന് താൻ ദർശനത്തിൽ കണ്ട മുഖം തന്നെ അത്! അവൻ പരിചയെപ്പെടുന്നു! അസിസിയിലെ ഫ്രാൻസിസാണത്. രണ്ടു സന്യാസ സമൂഹങ്ങളും ദൈവത്തിന്റെ പദ്ധതി തന്നെ എന്ന് സ്വർഗം സാക്ഷ്യപ്പെടുത്തിയ സുവര്‍ണാവസരമായിരുന്നു അത്.