സുഹൃത്തുക്കളേ,
വിവരസാങ്കേതികവിദ്യയോട് കൂട്ടുപിടിച്ചു നാം നടത്തുന്ന ആത്മീയ പ്രയാണത്തിൽ നാം പലപ്പോഴും ccc എന്ന് മൂന്നുപ്രാവശ്യം രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടിട്ടുണ്ടല്ലോ. അത് മർമ്മപ്രധാനമായ വസ്തുതകൾ അടങ്ങുന്ന ഈടുറ്റ ഒരു ഗ്രന്ഥത്തിന്റെ ഇംഗ്ലീഷിലെ തലകെട്ടിന്റെ ആദ്യാക്ഷരങ്ങളെണെന്നു മിക്കവർക്കും അറിയാമായിരിക്കും-Catechism of the Catholic Church. CCC ഔപചാരികമായി ആരംഭിക്കുന്നത് ദൈവത്തിനായുള്ള മനുഷ്യന്റെ ദാഹം (ദൈവാന്വേഷണത്വര ) പരാമർശിച്ചു കൊണ്ടാണ്. സത്യസന്ധമായ ദൈവാന്വേഷണത്തിനു അവിടുന്ന് നൽകുന്ന പ്രത്യുത്തരമാണ് വെളിപാട് (ബൈബിൾ). ഈ വെളിപാടിന് മനുഷ്യൻ നൽകുന്ന അനുഗ്രഹീതമായ പ്രത്യുത്തരമാണ് വിശ്വാസം.
മേല്പറഞ്ഞവയ്ക്കെല്ലാം ഏറ്റം നല്ല ദൃക്ഷ്ടാന്തമാണ് പൂജരാജാക്കന്മാർ. “ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കു, അവിടുന്ന് സകലതും സകലരും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്ക് അറിയാമല്ലോ (റോമാ. 8 :28 ).
പൂജരാജാക്കന്മാരുടെ അത്യഅസാധാരണമായ തീർത്ഥാടനത്തിനിടയിൽ ആറ് അസാധാരണ കാര്യങ്ങൾ സംഭവിച്ചു.
(1 )ഇസ്രയേലിന്റെ രാജാവായി ജനിച്ചവനെക്കുറിച്ച് ജ്ഞാനികൾക്കു അസാധാരണമായ രീതിയിൽ അറിവ് ലഭിക്കുന്നു. “ഞങ്ങൾ കിഴക്കു അവന്റെ നക്ഷത്രം കണ്ടു അവനെ ആരാധിക്കാൻ വന്നിരിക്കുകയാണ്” (മത്താ. 2 :2 ). ഈശോ ജനിച്ചത് ബേത്ലെഹേമിലാണ് . അത് ദാവീദിന്റെ പട്ടണമാണ്. മാത്രമല്ല, ഈശോ അവിടെ ജനിക്കുമെന്നു പ്രവചനമുണ്ടല്ലോ.
(2 ) അസാധാരണമായ ഒരു ചോദ്യമാണ് രണ്ടാമത് നാം കാണുക? “എവിടെയാണ് യഹൂദരുടെ രാജാവായി ജനിച്ചവൻ?
രാജാക്കന്മാർക്ക് ഈ അസാധാരണങ്ങൾ സ്വന്തമായത് അവർ കിഴക്കു കണ്ട നക്ഷത്രം മുഖേനയാണ്. നാമും നിരന്തരമെന്നോണം നമ്മോടു തന്നെ ചോദിക്കണം “എന്റെ ഈശോ എവിടെയാണ്? അവിടുന്ന് വസിക്കേണ്ടത്, അവിടുന്ന് വസിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നതും, നമ്മുടെ ഹൃദയത്തിലാണ്. അന്യരിലും നാം അവിടുത്തെ കണ്ടു ആരാധിക്കണം.
പക്ഷെ, പലപ്പോഴും നാം ഈ അന്വേഷണം നടത്തുന്നില്ലെന്നത് ഏറ്റം വലിയ ദുഃഖസത്യം “ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു എങ്കിലും ലോകം അവനെ അറിഞ്ഞില്ല അവൻ സ്വജനത്തിന്റെ അടുത്തേക്ക് വന്നു . എന്നാൽ അവർ അവനെ സ്വീകരിച്ചില്ല (യോഹ. 1 : 10 , 11 ).
(3 ) അസാധാരണമായ പ്രതികരണം “ഇത് കേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി; ഒപ്പം ജറുസലേം മുഴുവനും” (മത്താ 2 :4 ). എന്താണ് അസ്വസ്ഥതയ്ക്കും തജ്ജന്യമായ വെറുപ്പിനും കാരണം? ഭരിക്കുന്ന രാജാവിന്റെ കസേരയ്ക്കു വെല്ലുവിളി ഉയർന്നിരിക്കുന്നു എന്നതുതന്നെ.
(4 ) ജ്ഞാനികളുടെമേൽ അസാധാരണ ഉത്തരവാദിത്വം ചുമത്തപ്പെടുന്നു. “പോയി, ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക. അവനെ കണ്ടു കഴിയുമ്പോൾ. ഞാനും ചെന്ന് അവനെ ആരാധിക്കേണ്ടതിനു (അറുകറക്കൻ കുറുക്കൻ) എന്നെയും അറിയിക്കുക” (മത്താ. 2 :8 ).
ഈശോയെ അറിയാനായി ആരെങ്കിലും നിങ്ങളെ അന്വേഷിച്ചു വന്നാൽ അവിടുത്തെ അവനു മനസ്സിലാക്കികൊടുക്കാനുള്ള “കോപ്പുകൾ ” കൈവശമുണ്ടോ? ഈശോയെ അറിയാതെ അനുഭവിക്കാതെ എങ്ങനെ അന്വേഷികൾക്കു വെളിപ്പെടുത്തികൊടുക്കാൻ കഴിയും?
(5 ) അസാധാരണമായ അന്വേഷണമാണ് അടുത്തതു. രാജാധിരാജനെക്കണ്ടു പിടിക്കുന്നതിനു കൈത്താങ്ങാൻ ആ സമയം സിംഹാസനസ്ഥനായിരുന്ന രാജാവിന് പോലും സാധിക്കുന്നില്ല. രാജാക്കന്മാർ സ്വയമായി അന്വേഷണം തുടരുന്നു. അപ്പോൾ നക്ഷത്രം വീണ്ടും പ്രത്യക്ഷപ്പെടുന്നു! “ആരുമില്ലാത്തവർക്കു ദൈവം തുണ”. ഒരു വിശ്വാസി വഴികാണാതുഴലുമ്പോൾ, ദൈവം സത്യം വെളിപ്പെടുത്തും.
“നിങ്ങളുടെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും കൂടെ അന്വേഷിച്ചാൽ നിങ്ങൾ അവിടുത്തെ കണ്ടെത്തും” (നിയ. 4 : 29 ).
കർത്താവിനെ കണ്ടെത്താൻ കഴിയുന്ന ഇപ്പോൾത്തന്നെ അവിടുത്തെ അന്വേഷിക്കുവിൻ കർത്താവു അരികെയുള്ളപ്പോൾ അവിടുത്തെ വിളിക്കുവിൻ. ദുഷ്ടൻ തന്റെ മാർഗ്ഗവും അധർമ്മി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ! (ഏശ. 55 : 6 ,7 ).
(6 ) അസാധാരണമായ ആരാധനാ. ദൈവാന്വേഷണത്തിന്റെ ഒമേഗാ പോയിന്റാണിത്. സർവ്വസ്വവും തങ്ങളെത്തന്നെയും സമർപ്പിച്ചാണ് ജ്ഞാനികൾ ഈശോയെ ആരാധിച്ചതു (മത്താ.2 :11 )
(7 )അസാധാരണമായ മടക്കം (return )വന്നവഴി തിരികെപ്പോകരുതു. ദൈവം “വെളിപ്പെടുത്തിത്തരുന്ന” വഴിയേ പോകുക (മത്താ. 2 :12 ).
“നിങ്ങളുടെ പഴയജീവിതരീതിയിൽനിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞ, ആസക്തികളാൽ കലുഷിതമായ പഴയമനുഷ്യനെ ദൂരെയെറിയുവിൻ. യഥാർത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങൾ ധരിക്കുവിൻ (എഫേ. 4 : 22 -24 )