കണ്ണുണ്ടായിട്ടും കാണാതിരിക്കുകയും ചെവിയുണ്ടായിട്ടും കേള്‍ക്കാതിരിക്കുകയും ചെയ്യുന്നവരെ കൊണ്ടുവരുവിന്‍.
എല്ലാ രാജ്യങ്ങളും ഒരുമിച്ചുകൂടട്ടെ; എല്ലാ ജനതകളും അണിനിരക്കട്ടെ. അവരില്‍ ആര്‍ക്ക് ഇത് പ്രഖ്യാപിക്കാനും മുന്‍കാര്യങ്ങള്‍ വെളിപ്പെടുത്താനും കഴിയും? തങ്ങളെന്യായീകരിക്കാന്‍ അവര്‍ സാക്ഷികളെ കൊണ്ടുവരട്ടെ! അവര്‍ ഇതു കേള്‍ക്കുകയും സത്യമാണെന്നു പറയുകയും ചെയ്യട്ടെ!
കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ സാക്ഷികളാണ്. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന് ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്. എനിക്കുമുന്പ് മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല.
ഞാന്‍, അതേ, ഞാന്‍ തന്നെയാണു കര്‍ത്താവ്. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല.
അന്യദേവന്മാരല്ല, ഞാന്‍ തന്നെയാണു പ്രസ്താവിക്കുകയും പ്രഘോഷിക്കുകയും രക്ഷിക്കുകയും ചെയ്തത്. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ സാക്ഷികളാണ്.
ഞാനാണു ദൈവം, ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും. എന്റെ പിടിയില്‍ നിന്ന് ആരെയെങ്കിലും വിടുവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല; എന്റെ പ്രവൃത്തിയെ തടസ്സപ്പെടുത്താന്‍ ആര്‍ക്കു കഴിയും?
ഏശയ്യാ 43 : 8-13
വിഗ്രഹാരാധകരെ ദൈവം കുറ്റം വിധിക്കുന്ന രംഗമാണിത്.
നമ്മുടെ ദൈവത്തിന്റെ അനന്യതയാണ് ഇവിടെ ചർച്ച ചെയ്യപ്പെടുക. ദൈവവും വിഗ്രഹാരാധകരും ആണ് ഇവിടെ കക്ഷികളായുള്ളത് ; ഇസ്രായേൽ സാക്ഷിയും. (വാ.10,12). ദൈവത്തിന്റെ അത്ഭുത പ്രവർത്തികൾ സ്വന്തം ചരിത്രത്തിൽ അനുഭവിച്ചറിഞ്ഞവരാണവർ; അവിടുത്തെ ജ്ഞാനവും ശക്തിയും പരിപാലനയും അറിഞ്ഞവർ. ദൈവം പ്രവർത്തിച്ചതൊന്നു പോലും നിർജീവ വിഗ്രഹങ്ങൾക്ക് ചെയ്യാനാവില്ല. അവ വെറും (കേവലം )ഇല്ലായ്മ തന്നെയാണ്; നിസ്സഹായനായ, നിരാശനായ, നരന്റെ കരവേലകൾ മാത്രം. ഏകദൈവവിശ്വാസം ഇവിടെ ശക്തമായി ആവർത്തിച്ചിരിക്കുകയാണ്. ദൈവത്തിന്റെ,സ്നേഹത്തിന്റെ, കരുണയുടെ, കരുതലിന്റെ, പ്രവർത്തികൾക്ക് ഒക്കെ ഇസ്രയേൽ ജനം സാക്ഷികളാണ്. പുതിയ നിയമത്തിൽ ഈശോ ഈ ദൗത്യം തന്റെ ശിഷ്യന്മാർക്ക് നൽകിയിരിക്കുകയാണ് (നട.1:8).
ദൈവത്തിനു സാക്ഷികൾ ആകാനുള്ള വിളി പഴയ നിയമത്തിൽ പ്രകടമാണ്. പുതിയ നിയമത്തിൽ ആവട്ടെ ക്രിസ്തുവിന്റെ സാക്ഷികൾ ആകാനുള്ള ദൗത്യം, ദൈവജനത്തിന്റെ, ക്രിസ്ത്യാനികളുടെ,വലിയ ഉത്തരവാദിത്വവും അവകാശവുമാണ്. ശിഷ്യന്മാരോട് ഈശോ വ്യക്തമായി പറഞ്ഞിരിക്കുന്നു, നിങ്ങൾ എന്റെ സാക്ഷികൾ ആയിരിക്കും; ജെറുസലേമിലും യൂദായിലും ലോകത്തിന്റെ അതിർത്തികൾ വരെയും. അനുഭവത്തിൽ നിന്നാണ് സാക്ഷ്യത്തിലേക്ക് കടന്നു പോകേണ്ടത്. ഈശോ സ്നേഹിച്ച ശിഷ്യൻ പറയുന്നത് എത്ര വൈയക്തികവും,ശക്തവും,സുസ്പഷ് ടവും ആണെന്ന് നോക്കുക. ” ഞങ്ങൾ കാണുകയും കേൾക്കുകയും കൈകൊണ്ട് തൊട്ട് അറിയുകയും ചെയ്ത കാര്യങ്ങൾ”ഞങ്ങൾ പ്രഖ്യാപിക്കുന്നു.