“ഓ, ഒരിക്കലും വറ്റാത്ത കരുണയെ, ഞങ്ങളുടെമേൽ ഒഴുകിയിറങ്ങണമെ, അങ്ങയുടെ നന്മ സീമാതീതമാണല്ലോ! ദൈവമേ, എന്റെ ദുരവസ്ഥയുടെ പാരമ്യത്തിൽ അവിടുത്തെ കരുണയുടെ ശക്തി പ്രകടിപ്പിക്കണമേ. മാനുഷികവും അമാനുഷികവും ബുദ്ധിക്ക് അത്ഭുതാവഹമായ, അവിടുത്തെ കരുണ അതുല്യവും അളവറ്റതുമാണല്ലോ.” (ഡയറി: 819 ).
“ഓ അളവറ്റ കരുണയുള്ള ദൈവമേ, അനന്തമായ നന്മയേ, ഓ ദൈവമേ, ഇന്ന് മനുഷ്യകുലം മുഴുവൻ അതിന്റെ ദുരിതത്തിന്റെ അഗാധഗർത്തത്തിൽ നിന്ന് അവിടുത്തെ കരുണയ്ക്കായി– അവിടുത്തെ അനുകമ്പയ്ക്കായി, വിളിച്ചപേക്ഷിക്കുന്നു; അതിന്റെ ദുരിതത്തിന്റെ ശക്തിയേറിയ സ്വരത്തിൽ അത് നിലവിളിക്കുന്നു. കരുണയുള്ള ദൈവമേ, ഈ ഭൂമിയിലെ പുറംതള്ളപ്പെട്ടവരുടെ പ്രാർത്ഥന നിരസിക്കരുതേ! ഓ നാഥാ, ഞങ്ങളുടെ ബുദ്ധിക്കതീതമായ നന്മയേ, ഞങ്ങളുടെ ദുരിതത്തെ നന്നായി അടുത്തറിയുന്നവനെ, ഞങ്ങളുടെ സ്വന്തം ശക്തിയാൽ ടാങ്കിലേക്ക് കരകയറാൻ ഞങ്ങൾക്ക് സാധ്യമല്ലായെന്നത് അങ്ങ് അറിയുന്നുവല്ലോ. ഞങ്ങളുടെ ജീവിതം മുഴുവനും, മരണസമയത്തും, അങ്ങയുടെ കരുണ ഞങ്ങളിൽ വർദ്ധിപ്പിച്ച്, അങ്ങയുടെ കൃപയാൽ , ഞങ്ങളെ മുൻകൂട്ടി ഒരുക്കണമെന്ന്, അങ്ങയോടു യാചിക്കുന്നു. ഞങ്ങളുടെ രക്ഷയുടെ ശത്രുക്കളുടെ കൂരമ്പുകളിൽനിന്നു, അങ്ങയുടെ കരുണയുടെ സർവ്വശക്തി ഞങ്ങളെ സംരക്ഷിക്കട്ടെ; അങ്ങേക്കുമാത്രം അറിയാവുന്ന അവിടുത്തെ അന്ത്യവരവിനായി– പ്രത്യാശയോടെ അങ്ങയുടെ മക്കളായ ഞങ്ങൾ കാത്തിരിക്കുന്നു. ഞങ്ങളുടെ എല്ലാ ദുരിതങ്ങൾക്കും ഉപരിയായി ഈശോ ഞങ്ങൾക്ക് വാഗ്ദാനം ചെയ്തതെല്ലാം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്തെന്നാൽ, ഈശോയാണ് ഞങ്ങളുടെ പ്രതീക്ഷ: തുറന്ന ഒരു വാതിലിലൂടെ എന്നപോലെ, അവിടുത്തെ കരുണാർദ്രഹൃദയത്തിലൂടെ ഞങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നു .