ദരിദ്രരെ ചൂഷണം ചെയുകയും ഭൂമിയെ മുറിപ്പെടുത്തുകയും ചെയുന്ന വികസന മാതൃകകൾ അപലപനീയമെന്നു ഫ്രാൻസിസ് മാർപാപ്പ. ആമസോൺ സാൻഡിന്റെ സമാപനത്തോടനുബന്ധിച്ചു സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ അർപ്പിച്ച ദിവ്യബലിമധ്യേ നൽകിയ സന്ദേശത്തിലാണ് പപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞകാല പാപങ്ങൾ മറ്റുള്ളവരെ കൊള്ളയടിക്കുന്നതിൽ നിന്നും സഹോദരങ്ങളെയും ഭൂമിയെയും മുറിവേൽപ്പിക്കുന്നതിൽ നിന്നും മനുഷ്യരെ പിന്തിരിപ്പിച്ചിട്ടില്ലെന്നു ആമസോൺ മേഖലയുടെ മുഖത്തെ മുറിപ്പാടുകൾ വ്യക്തമാക്കുന്നതായി പപ്പാ പറഞ്ഞു. മറ്റുള്ളവരെക്കാൾ ഉയർന്നവരായി സ്വയം കരുതുന്നവർ ചരിത്രത്തിലുടനീളം മറ്റുള്ളവരുടെ സംസ്കാരത്തെ പുഛിക്കുകയും അവരുടെ സ്ഥലവും വസ്തുവകകളും അപഹരിക്കുകയും ചരിത്രം മായ്ച്ചുകളയുകയും ചെയ്തിട്ടുണ്ട്. ഇന്നും അത് തുടരുന്നു. അസൗകര്യങ്ങൾ സൃഷ്ട്ടിക്കുന്നതുകൊണ്ടു ദരിദ്രരുടെ ശബ്ദം സഭയിൽ പോലും നിശബ്ദമാക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് പപ്പാ നിരീക്ഷിച്ചു.