നമ്മെ ശരിക്കു മനസിലാക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. തന്റെ മഹാ കരുണയ്ക്കു മാത്രമേ, മനുഷ്യനെ രക്ഷിക്കാനാവൂ. പെസഹാ രഹസ്യത്തിന്റെ അകക്കാമ്പ് ദൈവത്തിന്റെ കരുണ തന്നെയാണ് അതിനാൽ വേണ്ട സമയത്തു “കരുണയും കൃപാവരവും ലഭിക്കാൻ നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം” (ഹെബ്രാ. 4:16) ഹെബ്രാ 8:12 ൽ കർത്താവു വ്യക്തമാക്കുന്നു: “അവരുടെ അനീതികൾക്കു നേരെ ഞാൻ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങൾ ഞാൻ ഒരിക്കലും ഓർക്കുകയുമില്ല.” പക്ഷെ കരുണയുള്ളവർക്കേ ഈ കരുണ ലഭിക്കു. അവർ അങ്ങനെ ഭാഗ്യവാന്മാരാകും (cfr മത്താ. 5:7) കരുണാരാഹിത്യം ഇന്ന് മാനവരാശിയെ കർന്നുതിന്നു നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കരുണയില്ലായ്മ്മ പൈശാചികതയാണ്.
മനുഷ്യന്റെ മനസ്സലിവ്, സഹാനുഭൂതി (കരയുന്നവരോട് കൂടി കരയുകയും ചിരിക്കുന്നവരോടുകൂടെ ചിരിക്കുകയും ചെയുന്ന മനോഭാവം), വ്യവസ്ഥയില്ലാതെ ക്ഷമിച്ചു, നിതീകരിച്ചുകൊണ്ടും അനുഗ്രഹിച്ചുകൊണ്ടും പ്രാർഥിച്ചുകൊണ്ടും അന്യരുടെ ബലഹീനതയിൽ ആർദ്രതയോടെ പങ്കുചേർന്നുകൊണ്ടു കരുണാർദ്രരാവുക. പിതാവായ ദൈവത്തിന്റെ കരുണയുടെ മുഖമാണ് ഈശോ. അവിടുന്നിൽ നിന്ന് കരുണയുടെ വിവിധ ഭാവങ്ങൾ നാം ഉൾക്കൊള്ളണം. ഈശോയുടെ കരുണയുടെ ആഴങ്ങൾ ആവോളം അനുഭവിച്ച ഭാഗ്യപ്പെട്ട വ്യക്തിയാണല്ലോ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ. എല്ലാ കോലാഹലങ്ങളുടെയും അവസാനം ഈശോ അവളോട് പറയുന്ന വാക്കുകൾ ഏറ്റം ഹൃദയസ്പര്ശിയാണ്. “ഞാനും നിന്നെ വിധിക്കുന്നില്ല. പൊയ്ക്കൊള്ളുക. മേലിൽ പാപം ചെയ്യരുത്” (യോഹ. 8:11).
മിക്ക പ്രവാചകന്റെ, ആവേശജനകവും പ്രത്യാശ നിര്ഭരവുമായ വാക്കുകളും കൂടെ ഇവിടെ കുറിക്കാം. മനുഷ്യരുടെ “അപരാധങ്ങൾ പൊറുക്കുകയും അതിക്രമങ്ങൾ ക്ഷമിക്കുകയും ചെയുന്ന അങ്ങയെപോലൊരു ദൈവം വേറെയാരുണ്ട്? അവിടുന്ന് തന്റെ കോപം എന്നേക്കുമായി വച്ചുപുലർത്തുന്നില്ല. എന്തെന്നാൽ, അവിടുന്ന് കാരുണ്യത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് വീണ്ടും നമ്മോടു കരുണ കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്ന് ചവിട്ടിമെതിക്കും. ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും” (മിക്ക. 7:18,19).