ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹത്തിന്റെ ചില ആവിഷ്ക്കാരങ്ങൾ പരിശുദ്ധ പിതാവ് എടുത്തുകാട്ടുന്നു.
നമ്മെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയുന്ന ദൈവത്തിൽ അടിയുറച്ചു നിൽക്കുന്നതാണ് ഇവയിൽ പ്രഥമം. ജീവിതത്തിന്റെ ജയാപജയങ്ങളുടെ മദ്ധ്യേ സ്ഥിരോത്സാഹത്തോടെ, ക്ഷമയോടെ, ശാന്തതയോടെ നിലനിൽക്കാൻ അചഞ്ചലമായ ഈ ദൈവാശ്രയത്വം നമ്മെ സഹായിക്കുന്നു.
അന്യരിൽ നിന്നുണ്ടാകുന്ന ശത്രുത, വിശ്വാസ വഞ്ചന ഇവയൊക്കെ ക്ഷമയോടെ സഹിക്കാനും ഇത് നമ്മെ പ്രാപ്തരാക്കും. “ദൈവം നമ്മുടെ പക്ഷത്താണെങ്കിൽ ആര് നമുക്ക് എതിര് നിൽക്കും” (റോമാ 8:31). വിശുദ്ധരിൽ കാണുന്ന സമാധാനത്തിന്റെ ഉറവിടം ഇതാണ്. ഇതിലൂടെ നന്മ ചെയ്യുന്നതിനുള്ള സ്ഥിരത നമുക്ക് കൈവരും. കരയുന്നവരോട് കൂടി കരയാനും ചിരിക്കുന്നവരോട് കൂടി ചിരിക്കാനും ഇത് നമ്മെ സഹായിക്കുന്നു.
ദൈവത്തിൽ വിശ്വസിക്കുന്നവർ മറ്റുള്ളവരോട് വിശ്വസ്തരായിരിക്കും. അവർ തിന്മയ്ക്കു പകരം തിന്മ ചെയ്യാതെ, പ്രതികാരം ചെയ്യാതെ, തിന്മയെ നന്മകൊണ്ട് കീഴടക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നു. ഈ മനോഭാവം ദുര്ബലതയുടെ അടയാളമല്ല, പ്രത്യുത യഥാർത്ഥ ശക്തിയുടേതാണ്. എന്തെന്നാൽ ദൈവം തന്നെ ദീർഘ ക്ഷമയുള്ളവനും ഒപ്പം അതിശക്തനുമാണ് (നാഹും 1:3). അവിടുന്ന് നിർദ്ദേശിക്കുന്നു: സകല വിദ്വേഷവും ക്ഷോഭവും കോപവും അട്ടഹാസവും മറ്റെല്ലാ തിന്മകളോട് കൂടെ ഉപേക്ഷിക്കുവിൻ (എഫെ. 4:31). നിങ്ങളുടെ കോപം സൂര്യനസ്തമിക്കുന്നതുവരെ നീണ്ടു പോകാതിരിക്കട്ടെ (എഫെ. 4:26) എന്നും തിരുവചനം.
പ്രാർത്ഥനയെ മുറുകെ പിടിക്കണം. അത് നമ്മെ ദൈവത്തിന്റെ കരങ്ങളിലേക്ക് അടുപ്പിക്കുന്നു. നമ്മുടെ സമാധാനത്തിന്റെ ഉറവിടവുമാണത്. ശരീരത്തിന്റെ പ്രവണതകളെ ആത്മാവിന്റെ ശക്തികൊണ്ട് നിഹനിക്കുക. അപ്പോൾ ഒന്നിനെക്കുറിച്ചും ആകുലരാകാതെ, പ്രാർത്ഥനയുടെയും അപേക്ഷയിലൂടെയും കൃതജ്ഞത സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ സമർപ്പിക്കുവിൻ. അപ്പോൾ നമ്മുടെ എല്ലാ ധാരണയെയും അതിലംഖിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ കാത്തുകൊള്ളും (ഫിലിപി. 4:6,7).