ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കിൽ നിങ്ങൾ നിയമത്തിനു കീഴിലാണ് .
ജഡത്തിന്റെ വ്യാപാരങ്ങൾ എല്ലാവർക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം,
അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈദൃശമായ മറ്റു പ്രവർത്തികളുമാണ്.
ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്നു മുമ്പ് ഞാൻ നിങ്ങൾക്ക് നൽകിയ താക്കീത് ഇപ്പോഴും ആവർത്തിക്കുന്നു (ഗലാ. 5 : 18 -21 ). ‘അല്പം മദ്യപിച്ചാൽ കുഴപ്പമില്ല ‘. ‘വല്ലപ്പോഴുമൊക്കെ അല്പം മദ്യം കഴിക്കുന്നതിൽ എന്താണ് തകരാറു.‘ ‘മദ്യപിച്ചാൽ ഉറക്കം കിട്ടും.‘ ‘നല്ലതെന്നു ചില ഡോക്ടർമാർ പറയാറുണ്ട്.‘ അങ്ങനെ നീണ്ടു പോകുന്നു “കുപ്പി വിഴുങ്ങുന്നതിനുള്ള” നീതികരണങ്ങൾ. എന്നാൽ ആകാശവും ഭൂമിയും കടന്നു പോയാലും കടന്നു പോകാത്ത അഴിവില്ലാത്ത, അലം ഘ്യമായ ജീവനുള്ള ദൈവത്തിന്റെ വചനം പറയുന്നു: ‘മദ്യപാനി ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല‘ . പൗലോസ് ആവർത്തിച്ചുറപ്പിക്കുന്ന സത്യമാണിത്.
(റോമാ. 14 :17 ) സുവിദിതമാണല്ലോ:”ദൈവരാജ്യം എന്നാൽ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്”.
ഒരു മദ്യപാനിക്ക് ഒരിക്കലും പരിശുദ്ധാത്മാവിലുള്ള ആനന്ദം അനുഭവിക്കാനാവില്ല. മദ്യപാനിയുടെ മക്കൾ കുടിയന്മാരും വെറിയന്മാരും ആകാനാണ് കൂടുതൽ സാധ്യത. മദ്യപൻ തന്റെ കുടുംബത്തിന് ശാപമാണ്. അവിടെ സമാധാനമോ സന്തോഷമോ ശരിയായ പ്രാർത്ഥനയോ ഉണ്ടായിരിക്കുകയില്ല.പല അപവാദങ്ങളുമുണ്ട്, പലരെയും ലേഖകനു നന്നായി അറിയാം. അവരെ ഓർത്തു നല്ല ദൈവത്തെ സ്തുതിക്കുന്നു. നന്ദി പറയുന്നു. മദ്യപിച്ചു മദ്യപിച്ചു ‘കുത്തു പാള‘ എടുത്തവർ, മകൻ മരിച്ചു, മകൾ മരിച്ചു എന്ന് പറഞ്ഞു മറ്റുള്ളവരുടെ മുമ്പിൽ നിർലജ്ജം കൈനീട്ടുന്നതു നിരവധി പ്രാവശ്യം നേരിൽ കണ്ടറിയുകയും ബാക്കി കേട്ടറിയുകയും ചെയ്തിട്ടുണ്ട്.
പ്രഭാഷകൻ പ്രസ്പഷ്ടമായി പറയുന്നു:”മദ്യപനായ തൊഴിലാളി ഒരിക്കലും ധനവാനാകയില്ല; ചെറിയ കാര്യങ്ങൾ അവഗണിക്കുന്നവൻ അൽപാൽപമായി നശിക്കും. വീഞ്ഞും സ്ത്രീയും ബുദ്ധിമാന്മാരെ വഴി തെറ്റിക്കുന്നു; വേശ്യകളുമായി ഇടപെഴുകുന്നവന് വീണ്ടു വിചാരം നഷ്ടപ്പെടുന്നു” (പ്രഭാ.19 : 1 ,2 ). എഫേ. 5 :18 -21 ) സുവ്യകതമായി പറയുന്നു: “നിങ്ങൾ വീഞ്ഞ് കുടിച്ചു ഉന്മത്തരാകരുത്. അതിൽ ദുരാസക്തിയുണ്ട്. മറിച്ച്, ആത്മാവിനാൽ പൂരിതരാകുവിൻ. സങ്കീർത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയഗീതങ്ങളാലും പരസ്പരം സംഭാഷണം ചെയ്യുവിൻ. ഗാനാലാപങ്ങളാൽ പൂർണ്ണഹൃദയത്തോടെ കർത്താവിനെ പ്രകീർത്തിക്കുവിൻ. എപ്പോഴും എല്ലാറ്റിനും വേണ്ടി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിനു കൃതജ്ഞതയർപ്പിക്കുവിൻ. ക്രിസ്തുവിനോടുള്ള ബഹുമാനത്തെപ്രതി നിങ്ങൾ പരസ്പരം വിധേയരായിരിക്കുവിൻ”.
മദ്യത്തിന്റെ ലഹരി ശൂന്യതയിലേക്കും ഇഞ്ചിഞ്ചായുള്ള മരണത്തിലേക്കും നയിക്കുമ്പോൾ പരിശുദ്ധാത്മാവ് നൽകുന്ന ലഹരി മനസാന്തരത്തിലേക്കും സ്നേഹത്തിലേക്കും സന്തോഷത്തിലേക്കും സമാധാനത്തിലേക്കും യഥാർത്ഥ ക്ഷമയിലേക്കും നയിക്കുന്നു.”എന്നാൽ, പത്രോസ് മറ്റു പതിനൊന്നു പേരോടുമൊപ്പം എഴുന്നേറ്റുനിന്നു ഉച്ചസ്വരത്തിൽ അവരോടു പറഞ്ഞു: യഹൂദജനങ്ങളെ, ജറുസലേമിൽ വസിക്കുന്നവരെ, ഇത് മനസ്സിലാക്കുവിൻ; എന്റെ വാക്കുകൾ ശ്രദ്ധിക്കുവിൻ. നിങ്ങൾ വിചാരിക്കുന്നതുപോലെ ഇവർ ലഹരിപിടിച്ചവരല്ല. … മറിച്ച്, ജോയേൽപ്രവാചകൻ പാഞ്ഞതാണിത്: ദൈവം അരുളിച്ചെയ്യുന്നു, അവസാനദിവസങ്ങളിൽ എല്ലാ മനുഷ്യരുടെയും മേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ യുവാക്കൾക്ക് ദർശനങ്ങളുണ്ടാകും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. എന്റെ ദാസന്മാരുടെയും ദാസികളുടെയും മേൽ ഞാൻ എന്റെ ആത്മാവിനെ വർഷിക്കും; അവർ പ്രവചിക്കുകയും ചെയ്യും. ആകാശത്തിൽ അത്ഭുതങ്ങളും ഭൂമിയിൽ അടയാളങ്ങളും ഞാൻ കാണിക്കും രക്തവും അഗ്നിയും ധൂമപടലവും. കർത്താവിന്റെ മഹനീയവും പ്രകാശപൂർണ്ണവുമായ ദിനം വരുന്നതിനുമുമ്പ് സൂര്യൻ അന്ധകാരമായും ചന്ദ്രൻ രക്തമായും മാറും. കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവർ രക്ഷ പ്രാപിക്കും”(അപ്പ. 2 : 14 -21 )
സുഹൃത്തുക്കളെ, ഇന്ന് മദ്യപാനം ഒരു ഫാഷൻ ആയി തീർന്നിട്ടുണ്ട്. ഇത് തികച്ചും പൈശാചികമാണ്. ഈ മാരകമായ ദുശീലം വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങൾ വിവരണാതീതമാണ്. കുടുംബങ്ങൾ നശിക്കുന്നു. ആത്മാക്കൾ നശിക്കുന്നു. ആരോഗ്യം നശിക്കുന്നു. ആഘോഷങ്ങൾ ഉജ്ജ്വലമാക്കാൻ എന്ന വ്യാജേന മദ്യം വിളമ്പുന്നതും കുടിക്കുന്നതും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുന്നതും എല്ലാം മഹാപാപമാണ്. ഒരു മദ്യപാനി അവനെ മാത്രമല്ല മറ്റനവധി ആളുകളെയും നാശത്തിലേക്കു നയിക്കും. ഈ വിപത്തിൽ നിന്ന് രക്ഷപ്പെടാൻ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. കർത്താവിന്റെ തിരുരക്തം എല്ലാവരെയും കഴുകി വിശുദ്ധീകരിക്കട്ടെ. മദ്യപാനത്തിൽ നിന്ന് ഓടിയകന്ന്, ഈ തലമുറയെയും വരും തലമുറകളെയും. രക്ഷിക്കുക. ദൈവം നിങ്ങളെയെല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ..
ഉപസംഹാരമായി സങ്കീ. 2 : 10 -12 ഓർക്കാം:”രാജാക്കന്മാരെ, വിവേകമുള്ളവരായിരിക്കുവിൻ, ഭൂമിയുടെ അധിപന്മാരെ, സൂക്ഷിച്ചുകൊള്ളുവിൻ. ഭയത്തോടെ കർത്താവിനു ശുശ്രൂഷ ചെയ്യുവിൻ; വിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിൻ; അല്ലെങ്കിൽ, അവിടുന്ന് കോപിക്കുകയും നിങ്ങൾ വഴിയിൽവച്ചു നശിക്കുകയും ചെയ്യും. അവിടുത്തെ കോപം ക്ഷണത്തിൽ ജ്വലിക്കുന്നു. കർത്താവിൽ ശരണം വയ്ക്കുന്നവർ ഭാഗ്യവാന്മാർ”.