ഞങ്ങൾ ക്ഷമിക്കുന്നതുപോലെ

Fr Joseph Vattakalam
4 Min Read

ഏതാണ്ട് എണ്ണൂറു കോടിക്കടുത്തു മനുഷ്യർ ഇപ്പോൾ ലോകത്തുണ്ട്. ഇവരിൽ 90% ആളുകളും ഏതെങ്കിലുമൊരു സാഹചര്യത്തിൽ ‘ഞങ്ങൾ ക്ഷമിക്കുന്നതുപോലെ’ എന്ന പ്രയോഗം കേട്ടിട്ടുണ്ടാവും. ക്രൈസ്തവർക്കെല്ലാമറിയാം ഇതിന്റെ ഉറവിടം നാഥൻ പഠിപ്പിച്ച വിശിഷ്ടമായ പ്രാർത്ഥന തന്നെയാണെന്ന്. തിരുവചനത്തിലും ചരിത്രത്തിലും സാഹിത്യത്തിലുമെല്ലാം ഒട്ടനവധി ക്ഷമയുടെ ഉദാഹരണങ്ങൾ നാം കാണുന്നുണ്ട്. മഹാത്മാഗാന്ധി, വി.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ, ഗ്രഹാം സ്റ്റെയിൽസിന്റെ ഭാര്യ, ദൈവദാസി റാണി മരിയയുടെ അനുജത്തി, കുടുംബാംഗങ്ങൾ, അടുത്തകാലത്തു കാൻഡമാലിൽ രക്തസാക്ഷിയായ പിഞ്ചോമന (അവൾ മരിക്കുന്നതിനു തൊട്ടു മുമ്പു ലോകത്തോടു മുഴുവനായി പറഞ്ഞു: ‘എന്റെ ഈശോയ്ക്കുവേണ്ടി മരിക്കാൻ കഴിയുന്നതിൽ എനിക്കു സന്തോഷമുണ്ട്; എന്റെ ഘാതകരോടു ഞാൻ ക്ഷമിക്കുന്നു’ എന്ന്) തുടങ്ങി പലരെയും ക്ഷമയുടെ ഉദാത്തമാതൃകകളായി ആധുനിക ലോകം ചൂണ്ടിക്കാണിക്കാറുണ്ട്.
ദൈവത്തിന്റെ ഏറ്റം മഹത്തായ സവിഷേഷതയാണു ക്ഷമ. അതു തന്നെയാണ് അവിടുന്നു നമ്മിൽ നിന്ന് ഏറ്റവുമധികം പ്രതീക്ഷിക്കുന്നതും. പൂർണ്ണ പാപക്ഷമ കിട്ടുന്നതിന് അവിടുന്നുവയ്ക്കുന്ന വ്യവസ്ഥയും അതുതന്നെ. ‘മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോടു നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ, നിങ്ങളുടെ പിതാവു നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല’ (മത്താ. 6:14,15). തിരുവചനം മുഴുവൻ, രക്ഷാകര ചരിത്രം മുഴുവൻ, ക്ഷമ എന്ന വാക്കിൽ സംഗ്രഹിക്കാവുന്നതാണ്.

അധികമാരും ശ്രദ്ധിക്കാത്ത അത്യുദാത്തമായ ഒരു ക്ഷമയുടെ കഥ ഉൽപത്തി പുസ്തകത്തിന്റെ 33-ാം അധ്യായത്തിലുണ്ട്. ഈ ക്ഷമയുടെ ഇതിഹാസം ആരംഭിക്കുന്നത് 25-ാം അധ്യായത്തിലാണ്. പൂർവ്വപിതാവായ ഇസഹാക്കിനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു- ഏസാവും യാക്കോബും. അവർ ഇരട്ടകളായിരുന്നു. അവരിൽ ആദ്യം ജനിച്ചത് ഏസാവാണ്. യാക്കോബ് തുടർന്നും. അമ്മയുടെ ഉദരത്തിലായിരുന്നപ്പോൾത്തന്നെ അവൻ പ്രശ്‌നക്കാരനായിരുന്നു. ജ്യേഷ്ഠന്റെ കുതികാലിൽ അവൻ പിടിച്ചിരുന്നു(25:19-26). വളർന്നു വന്നപ്പോൾ ഏസാവ് നായാട്ടിലും കൃഷിയിലും സമർത്ഥനായി. യാക്കോബു കൂടാരങ്ങളിൽ പാർത്തു.
ഒരുദിവസം നായാട്ടിൽ ഏസാവിന് ഇരയൊന്നും കിട്ടിയില്ല. അവൻ വിശപ്പുകൊണ്ടു പൊരിയുകയാണ്. യാക്കോബു പയറു പായസം ഉണ്ടാക്കുന്നത് അവൻ കാണുന്നു. അവൻ അനുജനോട് അഭ്യർത്ഥിക്കുന്നു: ‘കുറച്ചു പായസം എനിക്കു തരുക; ഞാൻ വളരെ ക്ഷീണിതനാണ്’. സ്വാർത്ഥനും വക്രബുദ്ധിയുമായ യാക്കോബു പറയുന്നു: ‘ആദ്യം നിന്റെ കടിഞ്ഞൂലവകാശം എനിക്കു വിട്ടുതരുക’. ഋജുബുദ്ധിയും നല്ലവനുമായ ഏസാവ് തന്റെ കടിഞ്ഞൂലവകാശം വിട്ടുകൊടുത്തിട്ടു, പകരം അപ്പവും പയറു പായസവും വാങ്ങി കഴിച്ചു. തന്റെ പ്രവത്തിയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചൊന്നും അവൻ അപ്പോൾ ചിന്തിച്ചതേയില്ല.

പ്രായാധിക്യത്തിലെത്തിയ ഇസഹാക്ക് തന്റെ മൂത്ത മകനെ അനുഗ്രഹിക്കാൻ തീരുമാനിക്കുന്നു. കടിഞ്ഞൂലെന്ന നിലയിൽ അത് അവന്റെ അവകാശമാണ്. അതിനു പശ്ചാത്തലമൊരുക്കാൻ, വേട്ടയാടി നല്ല മൃഗത്തെ പിടിച്ചു, രുചികരമായി പാകം ചെയ്തു കൊണ്ടുവരാൻ ഇസഹാക്ക് ഏസാവിനോടു നിർദ്ദേശിക്കുന്നു. യാക്കോബിനെ കൂടുതൽ സ്‌നേഹിച്ച അമ്മ റബേക്കാ ഇസഹാക്കിന്റെ തീരുമാനം രഹസ്യമായി, എന്നാൽ വ്യക്തമായി, മനസ്സിലാക്കുന്നു. പിതാവിന്റെ അനുഗ്രഹം യാക്കോബിനു നേടിക്കൊടുക്കണമെന്ന് അവൾ തീരുമാനിച്ചുറയ്ക്കുന്നു. ആട്ടിൻകൂട്ടത്തിൽ നിന്നു രണ്ടു നല്ല കുഞ്ഞാടുകളെ പിടിച്ച് ഇസഹാക്കിന് ഇഷ്ടപ്പെട്ട, രുചികരമായ ഭക്ഷണം ഉണ്ടാക്കി. ഇഷ്ട പുത്രനെ മേക് അപ് ചെയ്ത് ഇസഹാക്കിന്റെ പക്കലേക്ക് അവൾ അയയ്ക്കുന്നു. അമ്മയുടെ പക്ഷപാതപരമായ സഹായത്തോടെ വഞ്ചനയിലൂടെ, പ്രതിസന്ധികളെയെല്ലാം തരണം ചെയ്തു, യാക്കോബ് അപ്പന്റെ അനുഗ്രഹവും തട്ടിയെടുക്കുന്നു. അങ്ങനെ, കടുത്ത അനീതിയുടെ രണ്ടു പ്രവൃത്തികൾ ഏസാവിനെതിരെ യാക്കോബു ചെയ്യുന്നു.

നായാട്ടു കഴിഞ്ഞു തിരിച്ചെത്തിയ ഏസാവ് അപ്പന് ഇഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി കൊണ്ടു ചെന്ന്, അവന്റെ ജന്മാവകാശമായ, അനുഗ്രഹം യാചിക്കുന്നു. സംഭവിച്ചതെല്ലാം ഇസഹാക്ക് അവനോടു പറയുന്നു. ഏസാവ് യാക്കോബിനെ കഠിനമായി വെറുക്കുന്നതു വെറും സ്വോഭാവികം മാത്രം. ‘ഞാൻ അവനെ കൊല്ലും’ എന്ന് ഏസാവ് പറഞ്ഞത് റബേക്കാ കേൾക്കുന്നു. അവൾ യാക്കോബിനെ വേഗം തന്റെ സഹോദരനായ ലാബാന്റെ അടുത്തേയ്ക്ക് അയയ്ക്കുന്നു. അവൻ പതിനാലു വർഷം ലാബാന്റെ കീഴിൽ ജോലി ചെയ്യുകയും പ്രതിഫലമായി അവന്റെ മക്കളായ ലെയായേയും, റാഹേലിനേയും വിവാഹം കഴിക്കുകയും ചെയ്യുന്നു. അവൻ പന്ത്രണ്ടു മക്കളുടെ പിതാവായി; ഒപ്പം വലിയ സമ്പന്നനും. പെട്ടെന്നു ലാബാന്റെ മക്കൾ യാക്കോബിന് എതിരാകുന്നു. ലാബാനും യാക്കോബിനോടുള്ള താല്പര്യം തീരെ കുറയുന്നു. മാതുലനും മരുമകനും വഞ്ചകർ തന്നെ!.

യാക്കോബു രഹസ്യത്തിൽ തന്റെ സർവ്വസമ്പത്തും ശേഖരിച്ച്, ഭാര്യമാരെയും മക്കളെയും വേലക്കാരെയും കൂട്ടി, കാനാൻ ദേശത്തേക്കു പുറപ്പെടുന്നു. ഏദോം നാട്ടിൽ സെയിർ ദേശത്താണ് ഏസാവ് അപ്പോൾ താമസിച്ചിരുന്നത്. ദൂതന്മാരെ അയച്ച് താൻ മടങ്ങി വരുന്ന വിവരം ജ്യേഷ്ഠനെ അറിയിക്കുന്നു. സദ്‌വാർത്ത ലഭിച്ചയുടനെ യാക്കോബിനെ കാണാൻ ഏസാവു സത്വരം പുറപ്പെടുകയായി. തന്നെയും കുടുംബാംഗങ്ങളെയും ജോലിക്കാരെയും ആക്രമിച്ചു തന്നെ നിഷ്‌കരുണം വധിക്കാനാവും ജ്യേഷ്ടന്റെ പുറപ്പാട് എന്നാണു യാക്കോബു കരുതിയിയത്. അവന്റെ കയ്യിലിരിപ്പുംകൊണ്ടു മറ്റെന്തു പ്രതീക്ഷിക്കാൻ!

തന്നോടു കരുണതോന്നണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്, യാക്കോബ്, പാകതയും പക്വതയുമുള്ള ഏതാനും ദൂതന്മാരെ ഏസാവിന്റെ അടുത്തേക്ക് അയയ്ക്കുന്നു.

ഏതായാലും രണ്ടും കല്പിച്ച് അവൻ ജ്യേഷ്ഠന്റെ സവിധത്തിലേക്കു നടന്നടുക്കുന്നു. അവന്റെ അടുത്തെത്തുവോളം യാക്കോബ് ഏഴുപ്രാവശ്യം നിലംമുട്ടെ ജ്യേഷ്ഠനെ താണു വണങ്ങി. ഈ എളിമ പ്രവൃത്തി അവന്റെ കഠിന പാപങ്ങൾക്കു പരിഹാരമാവട്ടെ!.

ഏസാവാകട്ടെ ഓടിച്ചെന്നു യാക്കോബിനെ കെട്ടിപ്പുണർന്ന് അവനു സ്‌നേഹത്തിന്റെ ചുടുചുംബനങ്ങൾ നല്കി, നിർവൃതികൊള്ളുന്നു. സന്തോഷാധിക്യത്താൽ ഇരുവരും പൊട്ടിക്കരയുന്നു. രംഗം ഒട്ടൊന്നു ശാന്തമായപ്പോൾ യാക്കോബു പറയുന്നു: ‘ദൈവത്തിന്റെ മുഖം കണ്ടാലെന്നപോലെയാണ് അങ്ങ് എന്നെ സ്വീകരിച്ചത്’. (ഉൽപ. 33:10). മാനവ ചരിത്രത്തിലെ പ്രഥമ ക്ഷമയുടെ കഥയാണിത്. എല്ലാം മറന്ന്, യാതൊരു വ്യവസ്ഥയുമില്ലാതെ, പരിപൂർണ്ണമായി, മഹാമനസ്‌ക്കതയോടെയാണ് ഏസാവു തന്റെ സഹോദരനോടു ക്ഷമിച്ചത്. അനുജന്, ആവശ്യമെങ്കിൽ, എല്ലാവിധത്തിലുമുള്ള സംരക്ഷണം നല്കാനാണ് 400 അനുചരന്മാരെ അവൻ കൂടെകൊണ്ടുപോയത്. അനുജൻ വീട്ടിലേക്കുവരട്ടെ എന്നുപോലും വ്യവസ്ഥവയ്ക്കാതെ, ധൂർത്തപുത്രന്റെ പിതാവിനെപ്പോലെ, തിടുക്കത്തിൽ യാത്ര ചെയ്തു ചെന്ന് ആനന്ദാശ്രുക്കൾ പൊഴിച്ചുകൊണ്ട്, അനുജനെ ആശ്ലേഷിച്ചു, സ്‌നേഹ ചുംബനങ്ങൾ നല്കി സ്വീകരിക്കുന്ന സ്‌നേഹധനനായ, കരുണാസമ്പന്നനായ, വിശാലഹൃദയനായ, അവനെ നന്നായി മനസ്സിലാക്കുന്ന ജ്യേഷ്ഠൻ!.

Share This Article
error: Content is protected !!