മനുഷ്യജീവൻ അത് ഏതൊരു സ്റ്റേജിലും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട് .അതുപോലെതന്നെ, കുടുംബബന്ധത്തിൻറെ പവിത്രത ഒരിക്കലും നശിപ്പിക്കരുത്. കുടുംബം എന്ന പവിത്രമായ സ്ഥാപനത്തിനെതിരെ ഏതൊരു കാലത്തേക്കാളുമുപരി വെല്ലുവിളി നേരിടുന്ന കാലമാണിത്. മറ്റുള്ളവർ, നിങ്ങൾക്ക് എന്തു ചെയ്തുതരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അതുപോലെതന്നെ മറ്റുള്ളവരോടും ചെയ്യുക. നമുക്ക് സംരക്ഷണം ആവശ്യമുണ്ട്. നാം മറ്റുള്ളവരെയും സംരക്ഷിക്കുക. നമുക്ക് ജീവൻ ആവശ്യമുണ്ട്, മറ്റുള്ളവരുടെ ജീവനെ സംരക്ഷിക്കുക. നമുക്ക് അവസരങ്ങളും സ്വാതന്ത്ര്യവും ആവശ്യമുണ്ട് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുക. ലോകമെങ്ങും വധശിക്ഷ നിർത്തലാക്കണമെന്ന് പാപ്പാ തറപ്പിച്ചു പറഞ്ഞു. മറ്റുള്ളവർക്കുനേരെ ഉപയോഗിക്കുന്ന അളവുകോലായിരിക്കും നമുക്കും നേരെ കിട്ടുക. ജീവനെ നാം നശിപ്പിച്ചാൽ, നമ്മുടെ ജീവനും നശിക്കും.
അനധികൃത കുടിയേറ്റക്കാർക്ക് എതിരെ മുഖം തിരിക്കരുതെന്നും മത – വംശീയ ന്യുനപക്ഷങ്ങളോട് വിവേചനം കാണിക്കരുതെന്നും പ്രത്യേകം ഓർമ്മിപ്പിച്ചു. നാമെല്ലാം ഒരിക്കൽ അഭയാർത്ഥികളായിരുന്നു. ഇവിടെ രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ഇതുവരെ കാണാത്ത അഭയാർത്ഥി പ്രവാഹത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യം തേടിയെത്തുന്ന അഭയാർത്ഥികളെ ശത്രുക്കളായി കാണാതെ, സഹാനുഭൂതിയോടെ അവരോട് പെരുമാറാൻ ലോകരാജ്യങ്ങൾക്ക് കഴിയണമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.