ജനിക്കാനിരിക്കുന്ന കുഞ്ഞ് (അതു തൻ്റെ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ ) മുതൽ പരിചരണം ആവശ്യമുള്ള മനുഷ്യജീവന് നേരെ നടക്കുന്ന അക്രമങ്ങളോടും ചൂഷണങ്ങളോടും നിസംഗതയോടെ പ്രതികരിക്കാനാവില്ലന്ന് ഫ്രാൻസിസ് മാർപാപ്പ. ഫ്രാൻസിസ് പാപ്പയും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും തമ്മിൽ വത്തിക്കാനിൽ നടത്തിയ കൂടികാഴ്ചക്കുശേഷം സംയുക്തമായി നൽകിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ നിലപാട് വ്യക്തമാക്കിയത്.
അനീതി, അസമത്വം, പട്ടിണി, ദാരിദ്ര്യം, മതപീഡനം, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ മതരാഷ്ട്രീയ വേർതിരിവില്ലാതെ ഒറ്റക്കെട്ടായി പൊരുതണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
സംഘർഷങ്ങൾ, അതിക്രമങ്ങൾ, ദുരിതങ്ങൾ, കാലവസ്ഥാമാറ്റങ്ങൾ തുടങ്ങിയ കാരണങ്ങളാൽ സ്വന്തം നാടും വീടും ഉപേക്ഷിച്ച് മറ്റിടങ്ങളിലേയ്ക്ക് കുടിയേറാൻനിർബന്ധിതരായിത്തീരുന്ന സഹോദരങ്ങളുടെ കാര്യത്തിൽ തീരുമാനമുണ്ടാകണം.
ലോകത്തിൻറെ വിവിധഭാഗങ്ങളിൽ മതത്തിൻറെ പേരിൽ നടക്കുന്ന അക്രമങ്ങൾ, പീഡനങ്ങൾ, അടിച്ചമർത്തലുകൾ, തീവ്രവാദപ്രവർത്തനങ്ങൾ, നാടുകടത്തൽ, എന്നിവയും ആയുധ വിപണനവും അണുവായുധവും ദൈവത്തിന് അപ്രീതികരമാണ്. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വാതകങ്ങളുടെ പുറന്തള്ളലിൻറെ കാര്യത്തിൽ സമയം കഴിഞ്ഞുപോകുന്നതിന് മുമ്പ് എന്തെങ്കിലും ചെയ്യണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.
ഫ്രാൻസിസ് പാപ്പ പ്രത്യാശയുടെയും മാനവികതയുടെയും സന്ദേശവാഹകനാണെന്ന് ഗുട്ടറസ് പറഞ്ഞു. മനുഷ്യൻ്റെ മഹത്വം സംരക്ഷിക്കുന്നതിന് പാപ്പ നടത്തുന്ന ഇടപെടലുകൾക്കും ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണക്കും അദ്ദേഹം നന്ദി അറിയിച്ചു. ഈ പ്രത്യേക സാഹചര്യത്തിൽ പാപ്പയുമായി കൂടിക്കാഴ്ച്ച നടത്താൻ സാധിച്ചത് വലിയ നന്മയ്ക്ക് വഴിയൊരുക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.