പതിനഞ്ചാമദ്ധ്യായം
മദ്ധ്യാഹ്ന സമയം. ഭാനുമാന്റെ തൃക്കണ്ണുകൾ ലോകത്തെയെല്ലാം ദഹിച്ചുകളയുമ്പോലെ. പഥികർ പരീക്ഷീണരായി ചോലമരങ്ങളുടെ തണലിൽ ആശ്രയം തേടിയിരിക്കയാണ്. ക്രിസ്തുവും ശിഷ്യന്മാരും നടന്നുനടന്ന് യാക്കോബിന്റെ കിണറ്റുകരയെത്തി. അവരും യാത്രാക്ലേശത്താൽ നന്നെ ക്ഷീണിച്ചിരുന്നു. തെല്ലൊന്നാശ്വസിക്കുകതന്നെ. അടുത്തുണ്ടായിരുന്നു ഒരു കുത്തു കല്ല് ക്രിസ്തു അതിന്മേൽ കയറിയിരുന്നു. വല്ലതും കുറച്ചു ഭക്ഷണം വാങ്ങാമെന്നു കരുതി ശിഷ്യന്മാർ സൈക്കാറിലേയ്ക്കു നടന്നു. ഏകാന്തത ഏറ്റമധികം ഇഷ്ടപ്പെടുന്ന തങ്ങളുടെ ഗുരുവിന് ധ്യാനലീനനായിരിക്കാൻ അല്പസമയം ലഭിക്കട്ടെ, അവർ വിചാരിച്ചിരിക്കാം.
പഴയനിഴമത്തിലെ പലകാര്യങ്ങളെയും സ്മൃതിപഥത്തിൽ ഉദിപ്പിക്കുന്നൊരു സ്ഥലമാണത്. അത് ജേക്കബിന്റയും ജോസഫിന്റെയും ഭൂമിയാണ്. മെസൊപ്പൊട്ടോമിയായിൽ നിന്നു മടങ്ങിയതിനുശേഷം അവിടെയാണു ജേക്കബ് സ്ഥിരതാമസമാക്കിയത്. ഇന്നും മോറേ പർവതത്തിൽ ധാരാളം ഓക്കു വൃഷങ്ങളുണ്ട്. അബ്രാഹം ആദ്യം ഉണ്ടാക്കിയ കുടാരത്തിനും യാവേയ്ക്കു ബലിയർപ്പിക്കാൻ നിർമ്മിച്ച പീഠത്തിനും തണലേകീയവതന്നെ അവ? അഖിലേശൻ അബ്രാഹത്തിനും സന്തതികൾക്കുമായി ആ സ്ഥലം വാഗ്ദാനം ചെയ്തതു പ്രസ്തുത മരങ്ങൾ ശ്രവിച്ചിരിക്കുമോ?
ഈ താഴ്വരയിൽ വച്ചാണ് യാക്കോബിന്റെ പുത്രന്മാർ തങ്ങളുടെ സഹോദരി ദീനായുടെ മാനരക്ഷണത്തിനുവേണ്ടി ഭയങ്കരമായ പ്രതികാരം ചെയ്തത്. ജോസഫ് അനുഗ്രഹങ്ങൾ പ്രാപിച്ചതും അവിടെത്തന്നെ. അയാളുടെ അസ്ഥികൾ ഈജിപ്തിൽനിന്നു കൊണ്ടുവന്നു സംസ്ക്കരിക്കപ്പെട്ടതും മറ്റെങ്ങുമല്ല. മോസസിന്റെ ശാസനം അനുസരിച്ച് അനുഗ്രഹങ്ങളും ശാപങ്ങളും ശ്രവിക്കുന്നതിന് ഇസ്രായേൽ ഗോത്രങ്ങൾ അവിടെ വന്നിരുന്നു.
അതീതകാലങ്ങളിലെ ഈ ചരിത്രസംഭവങ്ങൾ മിശിഹായുടെ സ്മരണമണ്ഡലത്തിലൂടെ ഘോഷയാത്ര നടത്തിയിരിക്കാം. എങ്കിൽ എല്ലാം തൂത്തെറിഞ്ഞുകൊണ്ടു ഇതാ ഒരു സ്ത്രീ രംഗപ്രവേശം ചെയ്യുന്നു. കയ്യിൽ ഒരു കുടമുണ്ട്. വെള്ളം കോരാൻ വരികയാണ്. കിണറ്റിൻ കരയ്ക്കടുത്തവൾ. അപ്പുറത്തു വാക്കല്ലിന്മേൽ ഇരിക്കുന്ന ആളെ അവൾ കണ്ടോ ആവോ? എതായാലും തൊട്ടി കിണറ്റിലേയ്ക്കിറക്കി അവൾ.
ഈശോ അവളെ ഒന്നു സൂക്ഷിച്ചുനോക്കി; ആ കണ്ണുകൾ അവളുടെ ഹൃദയത്തിന്റെ അടിത്തട്ടുപോലും തുളച്ചിറക്കിയിരിക്കണം. സമസ്ത സൗഭാഗ്യങ്ങളും സമ്മാനിക്കാൻ കഴിവുള്ള ഈശോ അവൾക്കേറ്റമത്യാവശ്യമുള്ളതു സമ്മാനിക്കാൻ പോകയാണ്-സ്വഹൃദയം. ഈ ഉദ്ദേശ്യസാദ്ധ്യത്തിനാണ് ‘എനിക്കു കുടിക്കാൻ തരുമോ?’ എന്നു ചോദിച്ചത്.
ഈശോയ്ക്കു ശാരീരികദാഹം ഉണ്ടായിരുന്നു, തീർച്ച. പക്ഷേ അതിലുപരി, ആദ്ധ്യാത്മികമായിരുന്നവിടുത്തെ ദാഹം. ഒരു പാപിനിയെ സ്വർഗ്ഗരാജ്യത്തിന്റെ അവകാശിയാക്കുക, അവളിൽ വിശ്വാസമുളവാക്കുക. വിശ്വാസസ്വീകരണത്തിലൂടെ നിത്യജീവൻ പ്രാപിക്കാൻ, ആ സമറായക്കാരിയെ പ്രേരിപ്പിക്കയാണവിടുന്ന്. പക്ഷേ അടിച്ചേല്പിക്കുന്നില്ല. ഈശ്വരൻ മനുഷ്യന്റെ സ്വാതന്ത്ര്യം അങ്ങേയറ്റം വിലമതിക്കുന്നു. തനിക്കൊരാനുകൂല്യത്തിനെന്നമട്ടിലാണ് ഈശോ പെരുമാറുക. മിഷനറികൾക്കൊക്കെ മഹനീയ മാതൃക. ക്രൈസ്തവരെല്ലാം മിഷനറിമാരാണെന്ന് വത്തിക്കാൻ കൗൺസിൽ വ്യക്തമായി പറഞ്ഞുവച്ചിട്ടുമുണ്ട്.
സ്ത്രീ അത്ഭുതപ്പെട്ടുപോയി. അവളുടെ പ്രത്യുത്തരത്തിൽ ഈ വസ്തുത സ്പഷ്ടമാണ്. ‘അങ്ങ് യഹൂദനായിരിക്കെ, സമറാക്കാരിയായ എന്നോട് എങ്ങനെ ‘കുടിപ്പാൻ തരിക’ എന്നാവശ്യപ്പെടും’?.
യഹൂദരും സമറായക്കാരും തമ്മിൽ സമ്പർക്കമുണ്ടായിരുന്നില്ല. യഹൂദർക്കു മറ്റവരോടു പുച്ഛവും വെറുപ്പുമായിരുന്നു. ഈ വസ്തുതയുടെ വെളിച്ചത്തിലെ ഈശോയും ആ സ്ത്രീയുമായുള്ള സംഭാഷണം ശരിക്കു മനസ്സിലാക്കാനൊക്കൂ. നിലവിലിരുന്ന നിയമങ്ങളെല്ലാം മറികടന്ന് ആചാരമര്യാദകളെപ്പോലും അവഗണിച്ചാണ് ആഢ്യനായ യഹൂദൻ നികൃഷ്ടയായ സമറായക്കാരി സ്ത്രീയോടു സംസാരിക്കുക. പോരെങ്കിൽ അവളൊരു ദുർവൃത്തയുമാണ്.
ക്രിസ്തുവിന്റെ പ്രത്യുത്തരം ഗഹനമായ ആശയങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. ‘ഈശ്വരദാനമെന്തെന്നും നിന്നോടു വെള്ളം ചോദിച്ചതാരെന്നും നീ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തോടു നാ തന്നെ തീർത്ഥം ചോദിക്കുകയും അദ്ദേഹം നിനക്കു ജീവന്റെ ജലം തരുകയും ചെയ്യുമായിരുന്നു’.
ശ്രോതാവിന്റെ ജിജ്ഞാസ വർദ്ധിപ്പിക്കാനാണ്, ഇവ്വിധം ഈശോ മറുപടി അരുളിയത്. ‘ജീവജലം’ എന്ന പ്രയോഗത്തിന്മേൽ കേറിപ്പിടിച്ചവൾ. എങ്കിലും തത്ത്വശാസ്ത്ര വീക്ഷണമൊന്നുമുണ്ടായിരുന്നില്ലവൾക്ക്. ജീവജലമെന്നതിനു പൗരസ്ത്യ ദിക്കിൽ സാധാരണജലം, സച്ഛതയും കുളിർമയുമുള്ള ജലം എന്നേ അർത്ഥമുള്ളു. തൊട്ടികളിൽ ശേഖരിക്കുന്ന മഴവെള്ളം ജീവജലമല്ല. പക്ഷേ യാക്കോബിന്റെ കിണറ്റിലുള്ളതു സജീവജലമാണ്. ആ സൂചന ഉപയോഗിച്ചു മനുഷ്യുത്രൻ പുതിയ നിയമത്തിലെ രക്ഷാകര ശ്രോതസ്സുകളെ സൂചിപ്പിക്കുന്നു.
സ്ത്രീക്ക് ഇതൊന്നും മനസ്സിലായില്ല. എങ്കിലും അവളുടെ ജിജ്ഞാസ വർദ്ധിച്ചു. അവൾ ചോദിക്കയാണ്: ‘ഗുരോ അങ്ങേക്കു കോരാൻ ഒന്നുമില്ലല്ലോ. കിണറോ ആഴമുള്ളതും, പിന്നെ ജീവജലം എവിടന്ന്?’ ആ സമയത്ത് അവളുടെ മനസ്സ് ചരിത്രത്തിന്റെ ഏടുകൾ തപ്പുകയായിരുന്നു. അല്പം ഗർവ്വോടെ അവൾ വീണ്ടും ചോദിച്ചു: ‘അങ്ങു ഞങ്ങളുടെ പിതാവായ യാക്കോബിനേക്കാൾ വലിയവനോ? അവനാണു ഈ കിണർ ഞങ്ങൾക്കു സമ്മാനിച്ചത്’.
അവൾ സമറിയാക്കാരിയാകകൊണ്ടു യാക്കോബിന്റെ യഥാർത്ഥ വംശജയല്ല എന്ന് യേശുവിന് ഉത്തരം നല്കാമായിരുന്നു. എന്നാൽ പകരം അച്ഛസ്ഫടികാഭമായ ജലം കേവലമൊരു പ്രതീകമായി കണക്കാക്കി പ്രസാദവരത്തെത്തൊട്ടു പ്രബോധിപ്പിക്കുന്നതിനാണവിടുന്നു ശ്രമിച്ചത്. ക്രിസ്തുവിന്റെ ശാരീരികദാഹം എങ്ങോ ഓടിയൊളിച്ചു. ഇപ്പോൾ ആത്മാവു മാത്രമാണു ദാഹിക്കുന്നത്. വരപ്രസാദ ജീവിതത്തിലേക്ക് ആ വനിതയെ മാടിവിളിക്കാൻ. തന്മൂലം അരുളിചെയ്തു: ‘ഈ വെള്ളം കുടിക്കുന്നവനു തുടർന്നു ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരു നാളും ദാഹിക്കയില്ല. അത് അവനിൽ നിത്യജീവങ്കലേക്കു നിർഗ്ഗളിക്കുന്ന നീരുറവയാവും’.
രണ്ടാമത്തെ ഉത്തരം ആ സ്ത്രീയുടെ താല്പര്യത്തെ പൂർവ്വാധികം വർദ്ധിപ്പിച്ചു. ഒരുപക്ഷേ അവളുടെ കൽദായ രക്തവും വംശപാരമ്പര്യവും മന്ത്രവാദത്തിന്റെ മണ്ഡലങ്ങളിലേയ്ക്കു ചിന്തയെ തിരിച്ചിരിക്കാം. ഈ അപരിചിതൻ ഏതോ മാന്ത്രികശക്തിയാൽ അത്ഭുതകരമായ ജലം ഉണ്ടാക്കിക്കൊടുക്കുമെന്നും എന്തോ പ്രത്യേകശക്തി ആ ജലത്തിനുണ്ടായിരിക്കുമെന്നും കോരിയെടുക്കുന്തോറും അതു കൂടിക്കൂടിവരുമെന്നും മറ്റും പിന്നെ വെള്ളം കോരാൻ നടന്നു ബുദ്ധിമുട്ടേണ്ടി വരില്ലെന്നും അവൾ വിചാരിച്ചിരുന്നിരിക്കാം. അവളുടെ മറുപടി കേൾക്കൂ. ‘യജമാനനേ, എനിക്കു ദാഹിക്കാതെയും കോരാൻ ഇവിടത്തോളം വരാതെയുമിരിക്കാൻ ആ വെള്ളം എനിക്കു തരിക’. നെറ്റിയിലെ വിയർപ്പുകൂടാതെ അപ്പം ഭക്ഷിക്കാൻ അവസരം പാർത്തിരിക്കുന്ന ചില അധുനാതനന്മാരെ ഇവിടെ അനുസ്മരിച്ചുപോകുന്നു.
സ്വാഭാവികജലത്തിന്നതീതമായൊരു ജലത്തിനുള്ള ദാഹം ക്രിസ്തു അവളിൽ ഉളവാക്കിക്കഴിഞ്ഞു. ആത്മീയാന്ധകാരം മൂലം അവിടുത്തെ വാക്കുകളുടെ അർത്ഥം അവൾ തെറ്റിദ്ധരിച്ചെങ്കിൽത്തന്നെ അന്തിമമായ വിശകലനത്തിൽ ഒന്നു വ്യക്തമാവുന്നു: ഈശ്വരപ്രസാദത്തിനാണവൾ ദാഹിക്കുന്നത്. പക്ഷേ, ഒരു കാര്യം എടുത്തു പറയണം. പ്രസാദ സ്വീകരണത്തിനു ധാരാളം പ്രതിബന്ധങ്ങൾ അവളുടെ അന്തരാത്മാവിൽ അടിഞ്ഞുകൂടിയുണ്ട്. ‘ജീവജലം’ സ്വീകരിക്കാനുള്ള പ്രസ്തുത തടസ്സങ്ങളിലേയ്ക്കും ക്രിസ്തു വിരൽ ചൂണ്ടുന്നു. അനുതാപത്തിനുള്ള അനുഗ്രഹരശ്മികൾ അവളിൽ പ്രസരിപ്പിച്ചുകൊണ്ട് തിരുവായ് മൊഴിഞ്ഞു: ‘പോയി ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക’.
അത്ഭുതജനകമായ വചനങ്ങൾ! വിഷയം മാറ്റി പ്രശ്നങ്ങളിൽനിന്നു രക്ഷപെടാൻ ശ്രമിക്കുന്നവരെപ്പോലെ അവൾ പറഞ്ഞു: ‘എനിക്കു ഭർത്താവില്ല’. ത്രികാലജ്ഞനായ ഭഗവാൻ അരുളീ: ‘എനിക്കു ഭർത്താവില്ല, എന്നു നീ പറഞ്ഞതു ശരി. അഞ്ചു ഭർത്താക്കന്മാർ നിനക്കുണ്ടായിരുന്നു. ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല’.
തുളച്ചു കയറുന്ന ശരങ്ങൾ! മറ വലിച്ചു ചീന്തി ആത്മാവിന്റെ പടിവാതിലുകൾ തള്ളിത്തുറന്നു. മാത്രമോ അതിനുള്ളിലെ കള്ളക്കോപ്പുകളെല്ലാം വലിച്ചു പുറത്തിട്ടു. ഭൂതകാലത്തെ ചളിക്കുണ്ടപ്പാടെ നഗ്നമായി. കനവില്ലാത്ത കനിവോ ഇത്! ക്രിസ്തുവിന്റെ വാക്കുകൾ അവിടുത്തെ അലൗകിക ശക്തി അവൾക്കു വെളിപ്പെടുത്തി. അതവൾ വ്യക്തമാക്കി. ‘റബ്ബീ, അങ്ങൊരു പ്രവാചകനാണെന്നു ഞാൻ കാണുന്നു’. തുടർന്നുള്ള അവളുടെ വാക്കുകൾ മഹനീയമായ ആവീഷ്ക്കരണങ്ങൾക്കു മിശിഹായ്ക്കവസരം നല്കി. ‘സ്ത്രീയെ, (ഒരിക്കൽ സ്വമാതാവിനെ ഈ പദമുപയോഗിച്ചാണ് ഈശോ സംബോധന ചെയ്തത്. സമറായക്കാരിക്കും സ്നേഹദ്യോതകമായ ആ പദം തന്നെ അവിടുന്നു പ്രയോഗിക്കുന്നു) എന്റെ വാക്കു വിശ്വിക്കൂ…..സത്യാരാധകന്മാർ പിതാവിനെ സത്യത്താലും ആത്മാവിലും നമസ്ക്കരിക്കുന്ന നാഴികവരുന്നു. ഇതാകുന്നു പിതാവിന്റെ ഇഷ്ടം. ദൈവം ആത്മാവ് ആകുന്നു. അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം’.
ക്രിസ്തുവിന്റെ വാക്കുകളിലൂടെ യഹൂദന്മാരും സമറായക്കാരും ഒരുപോലെ പ്രതീക്ഷിച്ചിരുന്ന ഒരു വ്യക്തിയുടെ രൂപം ആസ്പദമായെങ്കിലും ആ മഹിളയുടെ മനോമുകുരത്തിൽ പ്രതിഫലിച്ചു. തുടർന്നുള്ള അവളുടെ വാക്കുകൾ ഈ സത്യമാണു സ്പഷ്ടമാക്കുക. ‘മിശിഹാ-എന്നു വച്ചാൽ ക്രിസ്തു-വരുമെന്നു ഞാനറിയുന്നു. അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും’.
സമറായസ്ത്രീയുടെ പ്രസ്താവത്തിനു ചുരുങ്ങിയ വാക്കുകളിൽ സർവോത്കൃഷ്ടമായൊരു വെളിപാടാണ് ക്രിസ്തു സമ്മാനിച്ചത്. ‘നിന്നോടു സംസാരിക്കുന്ന ഞാൻതന്നെ മിശിഹാ’. താൻ മിശിഹാ ആണെന്ന സത്യം ഈശോ ആദ്യം വെളിപ്പെടുത്തുകയാണ്. എന്തുകൊണ്ട് ഇക്കാര്യം യഹൂദർക്കും, ശിഷ്യഗണത്തിനുപോലും, യേശു വെളിപ്പെടുത്തിയില്ല? പലരും പല വ്യാഖ്യാനങ്ങൾ നല്കുന്നുണ്ട്. വഴി തെറ്റിപ്പോയ ഒരുവളെ നേർവഴിയിലാക്കുന്നതിന് എന്തു ത്യാഗവും സഹിക്കുന്നതിനും എത്ര ദൂരം പോകുന്നതിനും ആ പാപവിമോചകൻ ഒരുക്കമാണെന്നുമാത്രം നമുക്കു പറഞ്ഞു വയ്ക്കാം. ക്രിസ്തുവിന് അനുഗാമികളെ നേടാനുള്ള മാർഗ്ഗവും മറ്റൊന്നല്ല (യോഹ. 4:442)