ദൈവമായ കർത്താവിന്റെ കല്പനകൾ അനുസരിക്കുവിൻ. നിങ്ങളുടെ മുൻപേ പോകുന്ന നിങ്ങളുടെ ദൈവമായ കർത്താവു, ഈജിപ്തിൽ നിങ്ങളുടെ കണ്മുൻപിൽ വച്ച് പ്രവർത്തിച്ചതുപോലെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും. നിങ്ങൾ കടന്നുപോകുന്ന വഴിയിലെല്ലാം നിങ്ങളുടെ ദൈവമായ കർത്താവു ഒരു പിതാവ് പുത്രനെ എന്നപോലെ വഹിച്ചിരുന്നത്, മരുഭൂമിയിൽ വച്ച് നിങ്ങൾ കണ്ടതാണല്ലോ. നിങ്ങള്‍ക്ക് കൂടാരമടിക്കുന്നതിനു സ്ഥലം അന്വേഷിച്ചുകൊണ്ടു അവിടുന്ന് നിങ്ങള്‍ക്ക് മുൻപേ നടന്നിരുന്നു. നിങ്ങള്‍ക്ക് വഴി കാട്ടുവാനായി അവിടുന്ന് രാത്രി അഗ്നി സ്തംഭത്തിലും പകൽ മേഘസ്തംഭത്തിലും നിങ്ങള്‍ക്ക് മുൻപേ സഞ്ചരിച്ചിരുന്നു (നിയ. 1:30-33).
നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കർത്താവു നമുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള ഏതു ശ്രേഷ്ട ജനതയാണുള്ളത്. (നമ്മുടെ) നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളുമുള്ള മറ്റേതു ശ്രേഷ്ട ജനതയാണുള്ളത് (നിയ. 4:7,8).
നിങ്ങളുടെ ദൈവമായ കർത്താവു കരുണയുള്ള ദൈവമാണ്. അവിടുന്ന് നിങ്ങളെ കൈവിടുകയോ നശിപ്പിക്കുകയോ നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടി വിസ്മരിക്കുകയോ ഇല്ല (നിയ. 4:31). അവിടുത്തെ കരുണ ലഭിക്കുന്നതിന് നാം കർത്താവിങ്കലേക്കു തിരിയണം. അപ്പോൾ അവിടുന്ന് ഉദാരമായി ക്ഷമിക്കും. കർത്താവിനെ കണ്ടെത്താൻ പൂര്‍ണഹൃദയത്തോടെ അവിടുത്തെ അന്വേഷിക്കുവിൻ (ജെറ. 29:13). നിങ്ങൾക്കും നിങ്ങളുടെ സന്തതികൾക്കും നന്മയുണ്ടാകാനും ദൈവമായ കർത്താവു നിങ്ങള്‍ക്ക് ശാശ്വതമായി തരുന്ന ദേശത്തു ദീർഘ കാലം വസിക്കാനും വേണ്ടി കർത്താവിന്റെ ചട്ടങ്ങളും പ്രമാണങ്ങളും പാലിക്കുവിൻ (നിയ. 4:40).
കർത്താവു അരുളിച്ചെയ്യുന്നു: എന്നെ സ്നേഹിക്കുകയും എന്റെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറ വരെ ഞാൻ കാരുണ്യം കാണിക്കും (നിയ. 5:10). ദൈവത്തിന്റെ കല്പനകളിൽ സുപ്രധാനമായതു ‘നിങ്ങളുടെ ദൈവമായ കർത്താവിനെ പൂര്‍ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ ശക്തിയോടും സ്നേഹിക്കണം’ എന്നതാണ് (നിയ. 6:5). മോശ തുടരുന്നു: ഞാൻ കല്പിക്കുന്ന ഈ ദിവ്യ വചനങ്ങൾ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം. ജാഗരൂകതയോടെ നിങ്ങളുടെ മക്കളെ അവ പഠിപ്പിക്കണം. വീട്ടിലായിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുനേൽക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം. അവ കൈയിൽ അടയാളമായും നെറ്റിത്തടത്തിൽ പട്ടമായും അണിയണം. അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിന്മേലും പടിവാതിലിന്മേലും എഴുതണം.
ദൈവത്തിന്റെ കല്പനകൾ വിശിഷ്യാ, പരമ പ്രധാന കല്പന, നമ്മുടെ ജീവനാണ്, നിത്യ ജീവൻ. ഈ കല്പനകൾ പാലിക്കുന്നവർക്കേ സ്വർഗത്തിൽ പ്രേവേശിക്കാനാവു. ശ്രേദ്ധപൂർവം പാലിച്ചാൽ നാം നീതി (ഇതാണ് നമ്മെ സ്വർഗത്തിന് അവകാശികളാക്കും) ഉള്ളവരാക്കും (നിയ. 6:20-25).