കുർബാനയുടെ സ്ഥാപനം

Fr Joseph Vattakalam
1 Min Read

കർത്താവു തനിക്കുള്ളവരെ സ്നേഹിച്ചു. അവസാനം വരെ സ്നേഹിച്ചു. ഈ ലോകം വിട്ടു പിതാവിന്റെ പക്കലേക്കു പോകാനുള്ള സമയമായപ്പോൾ, അന്ത്യത്താഴ സമയത്തു ഈശോ തന്റെ പ്രിയ ശിഷ്യരുടെ പാദങ്ങൾ കഴുകുകയും സ്നേഹത്തിന്റെ പുതിയ കൽപ്പന അവർക്കു നൽകുകയും ചെയ്തു (യോഹ. 13:1-17, 34-35). ശിഷ്യർക്കും അവരുടെ പ്രബോധനങ്ങൾ വഴി തന്നിൽ വിശ്വസിച്ചു മാമ്മോദീസ സ്വീകരിക്കുന്നവർക്കും വേണ്ടിയാണു ഈശോ ഈ സ്നേഹത്തിന്റെ ആചാരം സ്ഥാപിച്ചത്. തന്റെ സ്വന്തമായുള്ളവരോടൊപ്പം (ലോകാന്ത്യം വരെ) എന്നും ആയിരിക്കുക (മത്താ. 28:19,20), അവരെ തന്റെ പെസഹായിൽ പങ്കാളിയാക്കുക ഇവയും തന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും സ്മാരകമായി കുർബാന സ്ഥാപിച്ചതിൽ, ഈശോ ലക്‌ഷ്യം വച്ചിരുന്നു. തന്റെ പുനരാഗമനം വരെ അത് ആവർത്തിക്കാനും ആഘോഷിക്കാനും അവിടുന്ന് ശിഷ്യരോടും (അവരുടെ യഥാർത്ഥ പിന്ഗാമികളോടും) കല്പിച്ചു. അതുവഴി അവിടുന്ന് അവരെ അപ്പോസ്തോലന്മാരും പുരോഹിതരുമാക്കുകയും ചെയ്തു (CCC 1337).

സമവീക്ഷണ സുവിശേഷങ്ങളും (മത്തായി, മാർക്കോസ്, ലുക്കാ) വി. പൗലോസും കുർബാന സ്ഥാപനത്തെക്കുറിച്ചുള്ള വിവരണം നൽകുന്നുണ്ട്. അതിനുള്ള പശ്ചാത്തലം ഒരുക്കികൊണ്ടു ഈശോ കഫെർണാമിലെ സിനഗോഗിൽ പറഞ്ഞ കാര്യങ്ങളെല്ലാം വി. യോഹന്നാൻ രേഖപെടുത്തിയിട്ടുണ്ടല്ലോ. “സ്വർഗത്തിൽ നിന്നിറങ്ങി വന്ന ജീവന്റെ അപ്പം” എന്ന് അവിടുന്ന് തന്നെതന്നെ അവിടെ വിശേഷിപ്പിച്ചിരുന്നു (യോഹ. 6 )

പെസഹാ ഭക്ഷണവേളയിൽ തന്റെ ശിഷ്യന്മാരോടൊപ്പം അന്ത്യത്താഴം ആഘോഷിച്ചു, യഹൂദ പെസഹയിക്കു സുനിശ്ചിതമായ ദിശയും അർത്ഥവും ഈശോ നൽകി. തന്നെ മരണവും ഉത്ഥാനവും വഴി പിതാവിന്റെ പക്കലേക്കുള്ള അവിടുത്തെ കടന്നുപോക്കലാണ് പുതിയ പെസഹാ. അന്ത്യത്താഴം തന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും മുന്നനുഭവമാണ്. ഇത് കുർബാനയുടെ മൗതിക (mystical) സ്ഥാപനമാണ്. തുടർന്നുള്ള എല്ലാ കുർബാനയും അവയുടെ ആവർത്തനവും ആഘോഷവും. അപ്രകാരം ഈശോയുടെ പുതിയ പെസഹാ, യഹൂദരുടെ പെസഹായെ പൂർത്തിയാക്കുകയും ദൈവരാജ്യത്തിന്റെ മഹത്വത്തിലുള്ള സഭയുടെ അന്തിമമായ പെസഹായുടെ മുൻഅനുഭവമാക്കുകയും ചെയുന്നു (CCC 1340).

Share This Article
error: Content is protected !!