രക്ഷ പ്രതീക്ഷിച്ചിരുന്നവർക്കുള്ള ദൈവത്തിൻറെ അടയാളമായിരുന്നു ബത്ലഹേമിൽ ജനിച്ച ഉണ്ണീശോ. ഇത് ലോകത്തോടുള്ള ദൈവത്തിൻറെ എക്കാലത്തെയും ദയാവായ്പ്പിന്റെയും ലോകത്തിലുള്ള അവിടുത്തെ സാന്നിധ്യത്തിൻറെയും അടയാളമാണ്. ” ഇത് നിങ്ങൾക്കൊരു അടയാളമാണ് പിള്ളക്കച്ചകളിൽ പൊതിഞ്ഞ ശിശു ” എന്നാണ് പണ്ട് മാലാഖമാർ ഇടയന്മാരോട് പറഞ്ഞത്. ഇന്നും ശിശുക്കൾ അടയാളമാണ്. പ്രതീക്ഷയുടെയും ജീവിതത്തിൻറെയും അടയാളം.അതുപോലെതന്നെ തിരിച്ചറിലിന്റെയും അടയാളമാണു ശിശുക്കൾ. കുടുംബങ്ങളുടെയും സമൂഹത്തിൻറെയും ലോകത്തിൻറെയും ആരോഗ്യത്തിൻറെയും അടയാളവുമാണ് അവർ.
എവിടെയെല്ലാം കുട്ടികൾ അംഗീകരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ടോ, അവിടെയെല്ലാം കുടുംബങ്ങൾ ആരോഗ്യമുള്ളവയാകും, സമൂഹം കൂടുതൽ ചൈതന്യമുള്ളതും ലോകം കൂടുതൽ മനുഷ്യത്വം നിറഞ്ഞതാകും. പാപ്പാ തുടരുന്നു: പക്ഷെ ഇന്നത്തെ സങ്കടകരമായ കാര്യം കുട്ടികൾ അവഗണിക്കപ്പെടുന്നു, അടിമകളാക്കപ്പെടുന്നു എന്നതാണ്. ഒരു ശിശുവായി ഭൂമിയിൽ ജനിച്ചുവീണ ദൈവത്തിൻറെ (ഈശോയുടെ) മുമ്പിൽ നിൽക്കുമ്പോൾ നമ്മെ ലജ്ജിപ്പിക്കേണ്ട കാര്യമാണിത്. നമ്മൾ ഔസേപ്പിനെയും മാതാവിനെയും പോലെ ശിശുക്കളെ സംരക്ഷിക്കുന്നുണ്ടോ ? നമ്മൾ ജ്ഞാനികളെപോലെ അവരുടെ മുമ്പിൽ സമ്മാനങ്ങളുമായി മുട്ടുകുത്തുന്നുണ്ടോ ? അതോ ഹേറോദേസിനെപോലെ അവരെ പീഡിപ്പിക്കുകയാണോ നമ്മൾ ചെയ്യുന്നത് ? നമ്മുടെ കുട്ടികളെ ശ്രദ്ധിക്കാനും ശ്രവിക്കാനും അവരോടൊപ്പം പ്രാർത്ഥിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും നമുക്കു സാധിക്കുന്നുണ്ടോ ?
കരയുന്ന ഓരോ ബാലനും ബാലികയും അടയാളങ്ങളാണ്. അവർക്കു വിശന്നിട്ടോ അവരെ കരങ്ങളിലെടുക്കുന്നതിനോ വേണ്ടിയാകാം അവർ കരയുന്നത്. ഇന്നും പലയിടങ്ങളിൽ കുട്ടികൾ ഭക്ഷണവും മാറുന്നുമില്ലാതെ നിലവിളിക്കുന്നുണ്ട്. കരയാൻ പോലുമാകാത്ത കുട്ടികളുണ്ട്. അവർക്കുവേണ്ടി അവരുടെ അമ്മമാർ നിലവിളിക്കുന്നു. ആധുനിക റാഹേലുമാരെപ്പോലെ അവർ കുട്ടികൾക്കായി നിലവിളിക്കുകയാണ്. അവരെ ആശ്വസിപ്പിക്കാൻ ആർക്കും ആവുന്നില്ല.
“ഇത് നിങ്ങൾക്കുള്ള അടയാളമാണ്. തിരിച്ചറിവിനുള്ള അടയാളം. ഓരോ കുട്ടിയും കുടുംബത്തിൻറെയും സമൂഹത്തിൻറെയും രാജ്യത്തിൻറെയും അവസ്ഥ വെളിപ്പെടുത്തുന്ന അടയാളമാണ്. നമ്മളതു തിരിച്ചറിയണം. അതിന് സാധിച്ചാൽ സഹോദര്യവും കരുണയും കൂട്ടായ്മയും സ്നേഹവും നിറഞ്ഞ പുതിയൊരു ജീവിതാവസ്ഥയിലേക്ക് നമ്മൾ വളരും.