കുടുംബങ്ങൾ നേരിടുന്ന പ്രശ്‍നങ്ങൾ: ഫ്രാൻസിസ് പാപ്പയുടെ പുതിയ പ്രബോധനം.

Fr Joseph Vattakalam
1 Min Read

വത്തിക്കാൻ സെൻറ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ചേർന്ന പൊതു സദസിൽ സംസാരിക്കവെ കുടുംബങ്ങൾ നേരിടുന്ന പ്രശ്‍നങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള പുതിയ പ്രബോധന പരമ്പര തുടുങ്ങുന്നതായി മാർപാപ്പ പ്രഖ്യാപിച്ചു. ദാരിദ്രത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് പാപ്പ ആരംഭിച്ചത്. വൻകിട നഗരങ്ങളുടെ പുറംചേരികളിൽ പാർക്കുന്ന പാവപ്പെട്ട കുടുംബങ്ങളെക്കുറിച്ചും തൊഴിലില്ലായ്‌മ മൂലവും യുദ്ധാനന്തരകെടുതികളാലും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോടുള്ള നമ്മുടെ മനോഭാവം തുറവിയുടേതായിരിക്കണമെന്നും ദാരിദ്ര്യം വർദ്ധിച്ചുവരുന്നതിനാൽ നാം ലജ്ജിക്കണമെന്നും പാപ്പ പറഞ്ഞു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ കുടുംബാംഗങ്ങൾ ഒരുമിച്ച് നിൽക്കുന്നത് വളരെ സ്‌തുത്യർഹമാണെന്നും പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടു. ഇത്തരം ഭവനങ്ങൾ സമൂഹത്തെ സംസ്‍കാരശൂന്യതയിൽ നിന്ന് രക്ഷിക്കുന്നു. ഇവരുടെ മുമ്പിൽ നാം മുട്ടുമടക്കേണ്ടിയിരിക്കുന്നു എന്നും പാപ്പ പറഞ്ഞു.


വ്യക്തികേന്ദ്രീകൃതമായ ജീവിതശൈലിയെയും ഉപഭോഗ സംസ്‌കാരത്തെയും പാപ്പ തൻറെ പ്രബോധന വേളയിൽ നിശിതമായി വിമർശിച്ചു. ഇന്നത്തെ സമൂഹവ്യവസ്ഥിതി സ്വാർത്ഥത നിറഞ്ഞ വ്യക്തിമാഹാത്മ്യവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് കുടുംബത്തിൻറെ ശൈലിക്കു വിപരീതമാണ്. കുടുംബത്തിൽ എല്ലാം പങ്കുവയ്ക്കപ്പെടുന്നു. അവിടെ വ്യക്തികൾ പരസ്‌പരം ത്യാഗമനുഷ്‌ഠിക്കുകയും ദുർബലർ കൂടുതൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു . വ്യക്തിഗതമായ ക്ഷേമത്തിന് പ്രാധാന്യം നൽകുന്നവർ ഈ യാഥാർഥ്യം മനസ്സിലാക്കുന്നില്ല എന്നും പാപ്പ പറഞ്ഞു. ക്ഷേമ ആസൂത്രകർ ബന്ധങ്ങളെയും പാരമ്പര്യത്തെയും കുടുംബത്തെയും രണ്ടാം തരമായി കണക്കാക്കുന്നു. അവർ ഒന്നും തിരിച്ചറിയുന്നില്ല.ധാർമ്മിക നിയമങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് ദാരിദ്ര്യത്തിൽ നിന്നും ഭനങ്ങളെ സംരക്ഷിക്കണം. സഭ ഇക്കാര്യത്തിൽ മാതൃകയായിത്തീരണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

സഭ അമ്മയാണ്. മക്കൾ കടന്നുപോകുന്ന സംഘർഷങ്ങൾ മറന്നുകൂടാ . അതുപോലെ തന്നെ അവരുടെ ക്ലേശങ്ങളോട് ഫലപ്രദമായി പ്രതികരിക്കണമെങ്കിൽ അവളും ദരിദ്രയായിരിക്കണം. പൊതുസദസ്സിൻറെ ഉപസംഹാരവേളയിൽ പരിശുദ്ധ പിതാവ് അടുത്തിടെ ചൈനയിൽ നടന്ന കപ്പലപടകത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചു. നാനൂറിലധികം യാത്രക്കാരുമായി സഞ്ചരിച്ച “ഈസ്റ്റേൺ സ്റ്റാർ” എന്ന കപ്പൽ തിങ്കളാഴ്‌ച പ്രക്ഷുബധമായ കാലാവസ്ഥയിൽ കീഴ്‌മേൽ മറിയുകയായിരുന്നു. അപകടത്തിനിരയായവർക്കും കുടുംബങ്ങൾക്കും പാപ്പ തൻറെ പ്രാർത്ഥന വാഗ്‌ദാനം ചെയ്‌തു.

Share This Article
error: Content is protected !!