വത്തിക്കാൻ സിറ്റി : ജോലിയിലുള്ള കാര്യക്ഷമതയ്ക്കും ക്രിയാത്മകതയ്ക്കും കുടുംബം പ്രതിബന്ധമോ ഭാരമോ ആയിതോന്നുന്ന പ്രവണത അപകടം പിടിച്ചതാണെന്ന് ഫ്രാൻസിസ് പാപ്പാ .
പൊതുദർശന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർപാപ്പയുടെ കഴിഞ്ഞ ആഴ്ചയിലെ പ്രഭാഷണം ആഘോഷവും ജോലിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. സൃഷ്ടിക്കുവേണ്ടിയുള്ള ദൈവത്തിൻറെ പദ്ധതിയിലെ ഭാഗമാണ് ആഘോഷവും ജോലിയുമെന്ന് അദ്ദേഹം അന്ന് ഓർമ്മിപ്പിച്ചിരുന്നു. ജോലിയുടെ വിവിധ രൂപങ്ങളായിക്കോട്ടെ, അവയെല്ലാം നല്ല രീതിയിൽ വീടുകളിൽ നിന്നാരംഭിക്കുക. പൊതു നന്മയ്ക്കു വേണ്ടി ഉപയോഗിക്കുക. ജോലിയെ ക്കുറിച്ചുള്ള മാതൃകകളും ഉദാഹരണങ്ങളും നമുക്ക് ലഭിക്കുന്നത് വീടുകളിൽ നിന്നാണ്, നമ്മുടെ മാതാപിതാക്കളിൽ നിന്നാണ്. സുവിശേഷഭാഗം ക്രിസ്തുവിനെ പരാമർശിക്കുന്നത് ആശാരിയുടെ മകൻ എന്നാണ്. ക്രിസ്തു തന്നെ സ്വയം വിശേഷിപ്പി ക്കുന്നതും ആശാരിയെന്നാണ്. വിശുദ്ധ പൗലോസ് തെസലോനിയാക്കാർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നത് അദ്ധ്വാനിക്കാത്തവൻ ഭക്ഷിക്കാതിരിക്കട്ടെ എന്നാണ്. തൂക്കം കുറയ്ക്കാനുള്ള എളുപ്പവഴിയാണ് അദ്ധ്വാനം എന്നും തമാശായി പറയാനും പാപ്പാ മറന്നില്ല.
ജോലിയോടുള്ള പ്രതിബദ്ധതയും ആത്മീയ ജീവിതവും തമ്മിൽ സംഘർഷം ഉണ്ടാവേണ്ടതില്ല. ജോലിയും പ്രാർത്ഥനയും തമ്മിൽ ഒരു സ്വരലയം ഉണ്ടായിരിക്കണം. ജോലിയില്ലായ്മ നമ്മുടെ ഉന്മേഷത്തിനു ദോഷം ചെയ്യും. ജോലി ഏതുമായി ക്കൊള്ളട്ടെ,, എല്ലാം മനുഷ്യനുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവത്തിൻറെ ഛായയിലുള്ള ആദരവിനെയാണ് അത് പ്രകടിപ്പിക്കുന്നത്. ഇക്കാരണത്താൽ ജോലി പരിശുദ്ധവുമാണ്, മാർപാപ്പാ ഓർമ്മിപ്പിച്ചു.