ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിൻ. ശിരസ്സാകുന്ന മിശിഹായുമായുള്ള ഗാഢ ബന്ധത്തിന് ഇത് അത്യന്താപേക്ഷിതമാണ്. ഈ ബന്ധത്തിൽ നിലനിൽക്കുന്നവർക്കേ സ്വർഗ്ഗരാജ്യം അവകാശപ്പെടുത്താനാവൂ. അതിനുവേണ്ടിയാണല്ലോ നാം ഈ ലോകത്തിൽ ആയിരിക്കുന്നത്. ഈ ബന്ധത്തിൽ അധിഷ്ഠിതവും അതിൽ നിന്ന് ഉരുത്തിരിഞ്ഞതും ആയിരിക്കണം യഥാർത്ഥ ക്രൈസ്തവ ജീവിതം.ഭോഗാലസത, അഹങ്കാരം സ്വാർത്ഥത, അസൂയ,വെറുപ്പ്, തുടങ്ങിയവയൊക്കെ ഈശോമിശിഹായുമായുള്ള ഐക്യം അസാധ്യമാകുന്നു.
മിശിഹായോട് പൂർണ്ണമായി ഐക്യപ്പെടുക വഴി മൂല ഭൂതങ്ങളുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കപ്പെടുന്നു;വിച്ഛേദിക്കപ്പെടണം. ഈ പ്രക്രിയ കൂടാതെ മിശിഹായു മായുള്ള ഗാഢബന്ധം അസാധ്യമാവുന്നു. മാമോദിസയിലൂടെ വിശ്വാസികൾ മിശിഹായോടൊപ്പം ഉയർത്തു കഴിഞ്ഞിരിക്കുന്നു. അതായത് മാമോദിസ സ്വീകരിക്കുന്നവൻ പാപത്തിന് മരിച്ചു മിശിഹായിൽ, മിശിഹായോടൊപ്പം ഉയർന്നിരിക്കുന്നു (കൊളോ.2 :12 ). ഇപ്രകാരം ആയിരിക്കുന്നവർ എപ്പോഴും മിശിഹായിൽ ദൃഷ്ടി ഉറപ്പിച്ചു ജീവിക്കുന്നു; ജീവിക്കണം. അവർ സദാ ഉന്നതത്തിലുള്ളവയെ അന്വേഷിക്കണം യോഹ.8:23 ഫിലി. 3:14.
” മിശിഹാ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നുവെന്ന സത്യത്തിനു സങ്കീർത്തനം 110 :1ന്റെ പ്രവചന പിൻബലം ഉണ്ട്. കർത്താവ് എന്റെ കർത്താവിനോട് അരുളി ചെയ്തു.ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം നീ എന്റെ വലത്തു ഭാഗത്തിരിക്കുക “.
ഈശോയിൽ മിശിഹായെ സംബന്ധിച്ച (വരാനിരിക്കുന്ന രക്ഷകനെ സംബന്ധിച്ച്) പ്രവചനങ്ങൾ പൂർത്തീകരിക്കപ്പെട്ടു എന്ന യാഥാർത്ഥ്യം ഈ സങ്കീർത്തനം വാക്യം വ്യക്തമാക്കുന്നു. ഈശോമിശിഹാ വസിക്കുന്ന ഉന്നതങ്ങളിലെ കാര്യങ്ങൾ ഓരോ ക്രൈസ്തവനും അങ്ങേയറ്റം ശ്രദ്ധിക്കണം. ജഡീകതയിൽ ജീവിക്കുന്നവന് ക്രിസ്തുവിന്റെ പുനരുത്ഥാനത്തിൽ പങ്കില്ല.
ഇവിടെ ഭൗതിക യാഥാർത്ഥ്യങ്ങളെ നിരാകരിക്കുക വിലകുറച്ചു കാണിക്കുകയല്ല. മറിച്ച് ഭൂമിയിലുള്ള എല്ലാ വസ്തുതകളും ഈശോമിശിഹായുടെ സൃഷ്ടിക്കപ്പെട്ടവയാണ് (കൊളോ.1:16 ). അതേസമയം വിശ്വാസിയുടെ ജീവിതം ഭൗമികതയിലും ഭൗതികയിലും കുടുങ്ങിപ്പോകാതെ എല്ലാം അവനെ ഈശോയിലേക്ക് നയിക്കണം. അവന്റെ ജീവിതം പൂർണമായും സ്വർഗ്ഗമോന്മുഖമായിരിക്കണം എന്നാണ് സൂചന. ക്രിസ്തുവിനാൽ പരിവർത്തിതമായിരിക്കണം അവന്റെ ജീവിതം. അവൻ ഭൂമിയിൽ സ്വർഗത്തിന് ചേരുന്ന, സ്വർഗത്തിന് അർഹമാകുന്ന വിധം ഉള്ളതായിരിക്കണം. അവൻ ലോകത്തിലാണ്.എന്നാൽ ലോകത്തിന്റെതല്ല. അവന്റെ പാദങ്ങൾ ഭൂമിയിൽ ഉയർന്നിരിക്കുമ്പോഴും അവന്റെ ചിന്തകൾ എല്ലാം സ്വർഗ്ഗത്തിലും സ്വർഗോന്മുഖവുമായിരിക്കണം. എപ്പോഴും ഈശോയോട് ചേർന്ന് ഈശോയിലൂടെ ഈശോയിൽ തന്നെ ആയിരിക്കുക എന്നതാണ് പരമപ്രധാനം. അവനെ അന്യർക്കും തിരിച്ചറിയാനാവും. അവന് ജീവിതം ക്രിസ്തു മരണം നേട്ടവുമാണ്.
മിശിഹായോട് ഒട്ടിച്ചേർന്ന് ജീവിക്കുന്നവർ മറ്റുള്ളവരിൽനിന്നു വ്യത്യസ്തരാണെന്ന് കാഴ്ചയിൽ തോന്നിയെന്നു വരാം.അതേസമയം അവർ ആന്തരികമായി അവിടുന്നുമായി അഭേദ്യമായ ബന്ധപ്പെട്ടിരിക്കുകയും ചിന്തകളിലും ആഭിമുഖ്യങ്ങളിലും തീരുമാനങ്ങളിലുമൊക്കെ ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരായിരിക്കും. ഈശോമിശിഹായുടെ രണ്ടാം വരവിൽ വിശ്വാസിയുടെ ജീവിതത്തിന്റെ തെളിവാർന്ന ചിത്രം സകലർക്കും ദർശിക്കാനാവും. അപ്പോൾ അവിടുന്നും വിശ്വാസികളും മഹത്തീകൃതരായി പ്രത്യക്ഷപ്പെടും(കൊളോ.1:4 ).
പുതിയ സൃഷ്ടിയാവുക,മിശിഹായോട് ചേർന്നിരിക്കുക ഇതാണ് പരമപ്രധാനം. ഈ അനുഭവത്തിൽ ജീവിക്കുന്നവർക്ക് മൂല്യങ്ങളുടെ ശ്രേണി തിരിച്ചറിയാൻ കഴിയും. ഈശോമിശിഹായുമായുള്ള ബന്ധത്തിൽ വേണമെല്ലാം ആചാരനുമാനങ്ങളും ഉടലെടുക്കാൻ. ഒരിക്കലും മറിച്ച് ആവരുത്. അനുഷ്ഠാനങ്ങൾ ക്രിസ്തു കേന്ദ്രീകൃതമായിരിക്കണം, മറിച്ചായാൽ അത് വിഗ്രഹാരാധനയാവും. ആത്മനാശത്തിന് അത് കാരണമാകും.