ക്രൈസ്തവന്റെ മുഖമുദ്രയാണ് വിശ്വാസം. സർവ്വശക്തനും കരുണാർദ്ര സ്നേഹവുമായ ദൈവത്തിന്റെ മുമ്പിലും അവിടുത്തെ പദ്ധതികളോട് മനുഷ്യൻ വെച്ച് പുലർത്തേണ്ട മനോഭാവമാണ് വിശ്വാസം. ഏശയ്യാ 7 :9 വ്യക്തമാകുന്നു :
” വിശ്വസിക്കുന്നവൻ ചഞ്ചല ചിത്തനാവുകയില്ല” എന്നു 28:16-0 വ്യക്തമാക്കുന്നു. ചരിത്രത്തെ നയിക്കുന്ന ദൈവപരിപാലനക്ക് പൂർണ്ണമായും ഒരുവനെ തന്നെ സമർപ്പിക്കുക എന്നതാണ് വിശ്വാസം കൊണ്ട് ലക്ഷ്യമാക്കുക. പ്രവാചകൻവഴി ദൈവം അരു ളി ചെയ്തിട്ടുള്ള വചനങ്ങൾ വിശ്വസിക്കുന്നതും, ദൈവത്തിൽ നിന്ന് മാത്രമേ രക്ഷ കൈവരികയുള്ളൂ എന്നും അടിയുറച്ച് വിശ്വസിക്കുന്നതും ഇതിന്റെ ഭാഗമാണ്. ” കർത്താവിനു വേണ്ടി ഞാൻ കാത്തിരിക്കും അവിടുന്നിൽ എന്റെ പ്രത്യാശ ഞാൻ അർപ്പിക്കുകയും ചെയ്യും”(ഏശയ്യ 8:17). വീണ്ടും, “ഇതാ നമ്മുടെ ദൈവം. നമ്മുടെ രക്ഷയുടെ പ്രത്യാശ നാം അർപ്പിച്ച ദൈവം. ഇതാ, കർത്താവ്! അവിടുത്തേക്ക് വേണ്ടി ആണല്ലോ നാം കാത്തിരുന്നത് “(ഏശയ്യ 25:9).. നമ്മുടെ കാത്തിരിപ്പും കർത്താവിന്റെ നമുക്കു വേണ്ടിയുള്ള കാത്തിരിപ്പും ഏകോപിപ്പിക്കുന്നഏശയ്യ 30:18ൽ കൂടി നമുക്ക് കാണാം.
” അതിനാൽ നിന്നോട് കാരുണ്യം കാണിക്കാൻ കർത്താവ് കാത്തിരിക്കുന്നു. നിന്നോട് കാരുണ്യം പ്രദർശിപ്പിക്കാൻ അവിടുന്ന് തന്നെത്തന്നെ ഉയർത്തുന്നു. എന്തെന്നാൽ, കർത്താവ് നീതിയുടെ ദൈവമാണ്. അവിടുത്തേക്ക് വേണ്ടി കാത്തിരിക്കുന്നവർ ഭാഗ്യവാന്മാർ”.
വിശ്വാസത്തിന്റെ സവിശേഷതകളായി താഴെ പറയുന്ന ഘടകങ്ങൾ ചൂണ്ടിക്കാണിക്കാവുന്നതാണ്.
1. മനുഷ്യന്റെ കഴിവിലുള്ള ആശ്രയം ഉപേക്ഷിക്കുക.
2. സ്വന്തം കഴിവുകേടിനെ എളിമയോടെ ഏറ്റുപറയുക.
3. സ്വന്തം ബുദ്ധിയിലും വിവേകത്തിലും അമിതമായി ആശ്രയിക്കാതെ ഇരിക്കുക.
4. മാനുഷിക കണക്കുകൂട്ടലുകൾക്ക് അപ്പുറം പോകാനും ചിന്തിക്കാനും കഴിയുക.
5. മനുഷ്യനിൽ ആശ്രയിക്കാതെ ദൈവത്തിന്റെ പദ്ധതിക്ക് സ്വയം വിട്ടുകൊടുക്കുക.
വീരോചിതമായ ഒരു തീരുമാനം ഇവിടെ അത്യാവശ്യമാണ്. വിശ്വാസത്തിന്റെ രാഷ്ട്രമീമാംസ (Politics of faith ) ഉപദേശിച്ച പ്രവാചകനാണ് ഏശയ്യ.
” വിശ്വസിച്ചില്ലെങ്കിൽ നീ നിലനിൽക്കുകയില്ല” എന്നതാണ് പ്രവാചകന്റെ നിലപാട്.
ദൈവത്തിന് ഒരു പദ്ധതിയുണ്ട് എന്നത് ദൈവ സ്നേഹത്തിന്റെ ഈ പ്രവാചകന്റെ അലംഖ്യമായ ബോധ്യമാണ്. ദൈവത്തിന്റെ അനന്ത ജ്ഞാനത്തിന്റെയും അതിശയകരമായ പരിപാലനയുടെയും ഫലമാണ് ഈ പദ്ധതി. ” അവിടുത്തെ ഉപദേശം വിസ്മയനീയവും ജ്ഞാന മഹോന്നതവുമാണ് ” (ഏശയ്യ 28:29).
ജെർറമിയയിലൂടെ ദൈവം തന്റെ പദ്ധതിയെക്കുറിച്ച് വ്യക്തമായി സംസാരിക്കുന്നുണ്ട്. “നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിൽ ഉണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണ്. നിങ്ങൾക്ക് ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി” (29:11). ദൈവത്തിന്റെ രക്ഷാകരമായ പദ്ധതി വിളിച്ചറിയിക്കുന്ന ജെർമിയ 29: 11 -12 വിശുദ്ധ ഗ്രന്ഥത്തിലെ തന്നെ ഏറ്റവും ഹൃദ്യമായ തിരുവാക്യങ്ങൾ ആണ്. മനുഷ്യന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന അതിനുമാത്രം രക്ഷാപദ്ധതി തയ്യാറാക്കുന്ന നല്ല തമ്പുരാനെ കുറിച്ചാണ് പ്രവാചകൻ ഈ തിരു വാക്യങ്ങളിൽ പറയുന്നത്. ” ദൈവത്തിന്റെ ശിക്ഷണനടപടികൾ എല്ലാം മനുഷ്യന്റെ രക്ഷയ്ക്ക് വേണ്ടിയുള്ള അവിടുത്തെ പദ്ധതിയുടെ ഭാഗമാണ് എന്ന സത്യം ആണ് ഇവിടെ വെളിപ്പെടുത്തുന്നത്.