ആദി മാതാപിതാക്കളുടെ ആദിമ സന്തതികളാണല്ലോ കായേനും ആബേലും. ഇരുവരെയും പ്രഥമ ബലിയർപ്പകാരായി കരുതാം. കായേന്റെ അർപ്പണത്തിന്റെ അപൂര്ണതമൂലം അവന്റെ ബലി ദൈവത്തിനു സ്വീകാര്യമായില്ല. ആബെലോ, തന്റെ ആത്മസമർപ്പണത്തിന്റെ ആത്മാർത്ഥവും സത്യസന്ധവുമായ ആവിഷ്ക്കാരമാണ് നടത്തിയത്. സ്വാഭാവികമായും അവന്റെ ബലി അഖിലേശ്ശേനു പൂർവാധികം സംതൃപ്തി നൽകി.
തക്കം നോക്കി പിശാച് കായേന് തന്റെ വജ്രായുധം – അസൂയ- സമ്മാനമായി നൽകി. അവൻ രണ്ടു കാര്യങ്ങളിൽ പ്രഥമ സ്ഥാനീയനാകുന്നു. ആദ്യത്തെ കൊലപാതകി, ആദ്യത്തെ സഹോദര ഘാതകൻ! അസൂയ, വെറുപ്പ്, വിദ്വെഷം, വൈരാഗ്യം, പ്രതികാരം, മ്ലേശ്ചത്ത -മനുഷ്യരെ ഇവയിലൊക്കെ മൂക്കോളം മുക്കി നശിപ്പിക്കുക, കൊല്ലുക ഇവ ആണലോ സാത്താന്റെ വക്ര, ക്രൂര വിനോദങ്ങൾ. ഇവയിലൂടെ അവൻ മനുഷ്യമക്കളെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ്. ഈ തിന്മകൾക്കെതിരായി നിതാന്ത ജാഗ്രത പുലർത്തി പിശാചിനെയും അവന്റെ ആഢംബരങ്ങളെയും അതിശക്തമായി ചെറുത് തോൽപിക്കണം.
സത്താപരമായി ആനന്ദവനായ ദൈവം പ്രകടമായി കരയുന്ന മൂന്നാം രംഗമാണ് കായേൻ നിഷ്കളങ്കനായ സ്വസഹോദരൻ ആബേലിനെ കൊന്ന സംഭവം. നാം ഓർത്തിരിക്കേണ്ട ഒരു സത്യമുണ്ട്. നാം ഓരോ പാപം ചെയ്യുമ്പോഴും ദൈവം അതീവ ദുഖിതനാകുന്നു, രഹസ്യത്തിൽ അവിടുന്ന് കരയുന്നു.
ഉല്പ. 4:8-15
ഒരു ദിവസം കായേന് തന്റെ സഹോദരന് ആബേലിനോടു പറഞ്ഞു: നമുക്കു വയലിലേക്കു പോകാം. അവര്‍ വയലിലായിരിക്കേ കായേന് ആബേലിനോടു കയര്‍ത്ത് അവനെകൊന്നു.
കര്‍ത്താവു കായേനോടു ചോദിച്ചു: നിന്റെ സഹോദരന് ആബേല്‍ എവിടെ? അവന് പറഞ്ഞു: എനിക്കറിഞ്ഞുകൂടാ. സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍?
എന്നാല്‍ കര്‍ത്താവു പറഞ്ഞു: നീയെന്താണു ചെയ്തത്? നിന്റെ സഹോദരന്റെ രക്തം മണ്ണില്‍നിന്ന് എന്നെ വിളിച്ചു കരയുന്നു.
നിന്റെ കൈയില്‍നിന്നു നിന്റെ സഹോദരന്റെ രക്തം കുടിക്കാന്‍ വായ് പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും.
കൃഷിചെയ്യുമ്പോള്‍ മണ്ണു നിനക്കു ഫലംതരുകയില്ല. നീ ഭൂമിയില്‍ അലഞ്ഞുതിരിയുന്നവനായിരിക്കും.
കായേന് കര്‍ത്താവിനോടു പറഞ്ഞു: എനിക്കു വഹിക്കാവുന്നതിലും വലുതാണ് ഈ ശിക്ഷ.
ഇന്ന് അവിടുന്ന് എന്നെ ഈ സ്ഥലത്തുനിന്ന് ആട്ടിപ്പായിച്ചിരിക്കുന്നു. അവിടുത്തെ സന്നിധിയില്‍നിന്നു ഞാന്‍ ഒളിച്ചു നടക്കണം. ഞാന്‍ ഭൂമിയില്‍ ഉഴലുന്നവനായിരിക്കും. കാണുന്നവരെല്ലാം എന്നെ കൊല്ലാന്‍ നോക്കും.
കര്‍ത്താവുപറഞ്ഞു: ഒരിക്കലുമില്ല. കായേനെ കൊല്ലുന്നവന്റെ മേല്‍ ഏഴിരട്ടിയായി ഞാന്‍ പ്രതികാരംചെയ്യും. ആരും കായേനെ കൊല്ലാതിരിക്കാന്‍ കര്‍ത്താവ് അവന്റെ മേല്‍ ഒരടയാളം പതിച്ചു.
സഹോദര ഘാതകനോട് പോലും കരുണയും കരുതലും കാവലും കാട്ടുന്ന ദൈവത്തിന്റെ സ്നേഹം എത്ര അഗാധം!