കര്‍ത്താവ് അരുളിച്ചെയ്യുന്നു: “കരച്ചില് നിര്‍ത്തി കണ്ണീര് തുടയ്ക്കൂ. നിന്റെ യാതനകള്‍ക്കു പ്രതിഫലം ലഭിക്കും” (ജെറ. 31:16).
അനുതാപവും പാപസങ്കീർത്തനവും വഴി ഏവർക്കും ദൈവത്തിന്റെ ഉത്തരം ലഭിക്കുമെന്നാണ് പ്രവാചകൻ ഇവിടെ വിവക്ഷിക്കുക. അന്തിമമായ വിശകലനത്തിൽ നാം കാണുന്നത് പ്രവാചകർ എല്ലാവരുംതന്നെ ജനത്തെ പ്രത്യാശയിലേക്കു നയിക്കുന്നു എന്നതാണ്. ആധ്യാത്മികജീവിതത്തിന്റെ അടിത്തറയും സ്വർഗ്ഗപ്രാപ്തിക്കു അത്യന്താപേക്ഷിതമാണ് ദൈവിക പുണ്യങ്ങളായ വിശ്വാസം, പ്രത്യാശ, സ്നേഹം (ഉപവി) ഇവ. മനുഷ്യന്റെ കണ്ണീരിനു മുൻപിൽ കരളലിയുന്ന ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹം പ്രത്യാശയുടെ അടിസ്ഥാനമാണ്. “എഫ്രയീം എന്റെ വത്സല പുത്രനല്ലേ? എന്റെ ഓമനക്കുട്ടൻ! അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം (വിഗ്രഹാരാധന, മ്ലേശ്ചത്ത, ദ്രവ്യാഗ്രഹം തുടങ്ങിയവമൂലം) അവന്റെ സ്മരണ എന്നിലുദിക്കുന്നു. എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു. എനിക്ക് അവനോടു നിസീമമായ കരുണ തോന്നുന്നു” (ജെറെ. 31:20).
‘ദൈവം ഓർക്കുന്നു’, (എന്നെയും നിങ്ങളെയും സദാ ഓർക്കുന്നു) ‘കരുണ കാണിക്കുന്നു’ എന്നീ സത്യങ്ങളാണ് നമ്മുടെ നിത്യരക്ഷയ്ക്കു പരമപ്രധാനം.
ജെറെ. 31:16,17,18,21 വാക്യങ്ങളിൽ അവർത്തിച്ചുപയോഗിച്ചിരിക്കുന്ന ക്രിയയാണ് ‘മടങ്ങി വരിക’ എന്നത്. തിരുവചനത്തിലെ ഓരോ വാക്യവും എന്നോടും നിങ്ങളോടുമാണ് നല്ല ദൈവം പറയുന്നത് എന്ന സത്യങ്ങളുടെ സത്യം നാം ഒരിക്കലും വിസ്മരിക്കരുത്. ‘എഫ്രയീം’ ഞാനും നിങ്ങളുമാണ്. പൗലോസ് ഉപദേശിക്കുന്നതുപോലെ ആസക്തികളാൽ കലുഷിതമായ പഴയ മനുഷ്യനെ ഉരിഞ്ഞുകളയാം. തൽസ്ഥാനത്തു പുതിയ മനുഷ്യനെ (പരിശുദ്ധ ത്രീത്വത്തിൽ ജീവിക്കുന്ന) നമുക്ക് ധരിക്കാം.