ഒരു സാധ്യായദിവസം പ്രഭാതപ്രവിശ്യയിലെ എനിക്കുണ്ടായിരുന്ന രണ്ടു മണിക്കൂർ ക്ലാസ്സുകൾ കഴിഞ്ഞു. അതുകൊണ്ട്, ഉച്ച പ്രാർത്ഥനയ്ക്കുശേഷം കാലേകൂട്ടി ഭക്ഷണത്തിനു പോയി. ഭക്ഷണാനന്തരം, ക്രൈസ്റ്റ് കിംഗ് ചാപ്പലിൽ (സെന്റ് ബർക്കുമാൻസ് കോളേജ്, ചങ്ങനാശ്ശേരി) കയറി പരിശുദ്ധ കുർബ്ബാനയിൽ എഴുന്നള്ളിയിരിക്കുന്ന ഈശോയെ സന്ദർശിച്ചതിനുശേഷം മാർ കുര്യാളശ്ശേരി ബ്ളോക്കിനു മുൻവശം വഴി ബയോളജി ബ്ളോക്കിലേക്ക്, ഓഫീസ് ലക്ഷ്യമാക്കി നടക്കുമ്പോൾ കുര്യാളശ്ശേരി ബ്ലോക്കിനു മുൻവശമുള്ള ഒരു മരത്തിൽ ചാരിനിന്നു കൊണ്ട്, പ്രീഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന ഒരു വിദ്യാർത്ഥി കരയുന്നു.
അടുത്തുചെന്ന്, അവന്റെ തോളിൽ പിടിച്ചു, കാരണം അനേ്വഷിച്ചപ്പോൾ അവൻ എങ്ങലടിച്ചു കരയാൻ തുടങ്ങി. ഏതാനും മിനിറ്റുകൾ അവൻ ശാന്തനാകാൻ വേണ്ടി മനസ്സിൽ അവനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടു നിന്നു വലതുകൈ, അവന്റെ തോളിൽത്തന്നെ ഇരിക്കുകയാണ്. അവന്റെ ഏങ്ങലടി നിന്നു. അവൻ സംസാരിച്ചുതുടങ്ങി. അച്ചാ ഞാൻ എസ്.എസ്.എൽ.സിക്കു 407 മാർക്കു വാങ്ങി സെന്റ് ബർക്കുമാൻസിൽ പ്രീഡിഗ്രി ഫസ്റ്റ് ഇയറിൽ കഴിഞ്ഞ വർഷം ചേർന്നതാണ്. ഞാൻ ഇന്ന ഹോസ്റ്റലിലാണ്. ഞങ്ങളുടെ ഒന്നാം വർഷ പരീക്ഷയുടെ ഫലം വന്നു. അച്ചാ എനിക്കു ഇംഗ്ളീഷിനു 11 മാർക്ക്, മലയാളത്തിന് 8 മാർക്ക്, ഫിസിക്സിന് 7, കെമിസ്ട്രിക്കു 3, കണക്കിനു 6 മാർക്ക്. ഞാനിനി എന്തു ചെയ്യും. വീട്ടിൽ ഞാനെന്തു പറയും. എത്രമാത്രം പ്രതീക്ഷയോടെയാണ് എന്റെ മാതാപിതാക്കൾ സെന്റ് ബർക്കുമാൻസിൽ തന്നെ പഠിപ്പിക്കണമെന്ന നിർബന്ധത്താൽ എന്നെ ഇവിടെ ചേർത്തത്. ഇത്രയേറെ പണം മുടക്കി എന്നെ ഹോസ്റ്റലിൽ താമസിപ്പിച്ചിരിക്കുന്നു. എന്റെ മാതാപിതാക്കൾ അത്ര ധനികരൊന്നുമല്ലച്ചാ. എന്റെ കണ്ണു തെളിഞ്ഞാൽ ബാക്കി എന്റെ സഹോദങ്ങൾക്ക് ഒരു സഹായമാകുമെന്നു പറഞ്ഞാണ് അവർ എന്നെ പഠിപ്പിച്ചിരുന്നത്.
ആ വിദ്യാർത്ഥിയോടെ എനിക്ക് ഏറെ സഹതാപമാണു തോന്നിയത്. 32 വർഷം റെഗുലർ വിദ്യാർത്ഥിയും അന്ന് പതിനഞ്ചിലേറെ വർഷം അധ്യാപകനും കോളേജ് ചാപ്ലിനും വാർഡനും ഒക്കെയായി സേവനമനുഷ്ഠിച്ച എനിക്ക് ആ കുട്ടിക്കു സംഭവിച്ചതെന്തെന്ന് ഊഹിച്ചെടുക്കാൻ ഒരു ബുദ്ധിമുട്ടുണ്ടായില്ല. എങ്കിലും അവനോടു സ്നേഹപൂർവ്വം വിശദാംശങ്ങൾ ചോദിച്ച് എന്റെ നിഗമനങ്ങൾ ശരിയെന്ന് ഉറപ്പാക്കി.
ഇതാണു സംഭവിച്ചത്. പ്രസ്തുത വിദ്യാർത്ഥി, കോളേജിൽ ചേർന്ന് അധിക ദിവസം കഴിയുന്നതിനു മുൻപ് തന്നെ സീനിയേഴ്സായ ഏതാനും ദുഷിച്ച വിദ്യാർത്ഥികളുടെ തെറ്റായ സ്വാധീനത്തിൽപ്പെട്ടു. അവരോ നശിച്ചു. ഇവനെയും നശിപ്പിച്ചു. അവരുടെ ദുഷ്പ്രേരണയ്ക്കു വഴങ്ങി അവൻ തന്ത്രപൂർവ്വം ക്ളാസ്സുകളിൽ കയറാതെ സിനിമയ്ക്കു പോകുകയും സീനിയേഴ്സിനോടൊപ്പം ഷൈൻ ചെയ്ത് ആ പ്രായത്തിൽ എന്തെല്ലാം ദുശ്ശീലങ്ങൾക്ക് അടിമപ്പെടാമോ അവയ്ക്കെല്ലാം അവൻ അടിമപ്പെടുകയും ചെയ്തു.
അവനുമായി ഞാൻ സംസാരിക്കുമ്പോൾ അവൻ ഒരു ജീവച്ഛവമായിരുന്നു. ഉത്ഭവപാപം മൂലം മനുഷ്യമനസ്സ് എപ്പോഴും തിന്മയിലേക്കാണ് ചാഞ്ഞിരിക്കുന്നത്. വീണുപോകാതിരിക്കണമെങ്കിൽ തപസ്സും പ്രായശ്ചിത്തവും പ്രാർത്ഥനയും നിരന്തരമുറ പരിശ്രമവും നിതാന്ത ജാഗ്രതയും ഏവർക്കും അത്യന്താപേക്ഷിതമാണ്. ഇവയൊക്കെ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നെന്നതുപോലെ, ഒരു പക്ഷേ, അല്പം കൂടി കൂടുതലായി, മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ബന്ധുമിത്രാദികളുടെയും അധ്യാപകരുടെയും ഭാഗത്തുനിന്നുമുണ്ടാകണം.
കരഞ്ഞ കുട്ടിയിലേക്കു മടങ്ങിവരാം. മുപ്പത്തഞ്ചു മിനിറ്റോളം അവനോടൊപ്പം അവിടെനിന്ന് അവനെ ധൈര്യപ്പെടുത്തുകയും വിജയം കൈവരിക്കാൻ, പ്രായോഗികമായും ആത്മീയമായും എന്തൊക്കെ ചെയ്യണമെന്നു അവനു വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തു. ആ നിമിഷം മുതൽ അവന്റെ പഠനകാര്യങ്ങളിലും അദ്ധ്യാത്മിക കാര്യങ്ങളിലും അല്പം പ്രതേ്യകമായി ശ്രദ്ധിക്കുകയും ഇടയ്ക്കിടയ്ക്ക് പ്രോത്സാഹനവാക്കുകൾ പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു. ഒന്നാം വർഷവിഷയങ്ങളും രണ്ടാം വർഷ വിഷയങ്ങളും രണ്ടാം വർഷം എഴുതി, സാമാന്യം നല്ല മാർക്കു വാങ്ങി പരീക്ഷയിൽ ജയിക്കുകയും ചെയ്തു. ദൈവമേ, നന്ദി.